India

സിന്ധ്യയ്ക്ക് പിന്നാലെ മിലിന്ദ് ദിയോറയും കോണ്‍ഗ്രസ് വിട്ടേക്കും

മുംബൈ: മധ്യപ്രദേശിലെ ജനപ്രിയ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ യുവ നേതാക്കള്‍ ഓരോരുത്തരായി കോണ്‍ഗ്രസിനെ കൈവിടാനൊരുങ്ങുകയാണ്. മഹാരാഷ്ട്രയിലെ ജനപ്രിയ യുവനേതാവ് മിലിന്ദ് ദിയോറയാണ് സിന്ധ്യയുടെ പാതയിലേക്ക് എത്തിയിരിക്കുന്നത്. രാഹുലടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി മിലിന്ദ് ദിയോറയ്ക്കുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തായി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഏറ്റവും ഒടുവിലായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ ഗുണം ഇന്ത്യയില്‍ ലഭിക്കാത്തതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുല്‍ മുതല്‍ സുര്‍ജേവാല വരെയുളള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. എന്നാല്‍ രാഹുലിന്റെ അടുത്ത ആള്‍ കൂടിയായ മിലിന്ദ് ദിയോറ ഇതെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ രംഗത്ത് വന്നത്. ഇപ്പോഴും രാജ്യത്ത് ലിറ്ററിന് 69, 62 രൂപ നിരക്കിലാണ് പെട്രോളും ഡീസലും വില്‍പന നടത്തുന്നത് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിനും താഴെയായി മാറി. -37.63ലേക്കാണ് എണ്ണ വില കൂപ്പ് കുത്തി വീണിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ആഗോള വിപണയില്‍ എണ്ണ വില ഇത്രയുമധികം ഇടിഞ്ഞിരിക്കുന്നത്. ഈ ദുരിതകാലത്ത് എണ്ണ വില ഇടിഞ്ഞു എന്നത് നല്ലതാണ്. എന്നാല്‍ എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം മനസിലാക്കുക എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായാണ് മിലിന്ദ് ദിയോറ പ്രതികരിച്ചിരിക്കുന്നത്. മിലിന്ദിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ‘ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഡബ്ല്യുടിഐ അല്ല, ബ്രെന്റ് ക്രൂഡ് ഓയിലാണ്. ബാരലിന് 21 ഡോളറാണ് ഇന്നത്തെ വില. ആവശ്യം കുറവായതിനാല്‍ നമ്മള്‍ ഇറക്കുമതി ചെയ്യുന്നത് കുറവ് ഓയില്‍ മാത്രമാണ്. വില കുറയുന്നത് കൊണ്ട് ചില നേട്ടങ്ങളുണ്ടായേക്കാം. അവസാനമായി വാഹനങ്ങളും വിമാനങ്ങളും അടക്കം ചലിക്കാതിരിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് കൊണ്ട് നേട്ടമൊന്നുമില്ല”. മിലിന്ദിന്റെ പ്രതികരണം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. മിലിന്ദിന്റെ വ്യത്യസ്ത പ്രതികരണം സോഷ്യല്‍ മീഡിയയും ചര്‍ച്ചയാക്കിയിരിക്കുകയാണ്. മിലിന്ദിന്റെ അച്ഛന്‍ മുരളി ദേവ്റ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ പെട്രോളിയം മന്ത്രി ആയിരുന്നു. മിലിന്ദിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.

About the author

Vishwam

Leave a Comment

error: Content is protected !!