ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലിക അവകാശമല്ലെന്ന സുപ്രീംകോടതി വിധിയ്ക്കെതിരെ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ സംഘടനകള്‍ രംഗത്തെത്തി. പല പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി- പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്. ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങള്‍ പ്രകാരം സംവരണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നു കോടതി വ്യക്തമാക്കി. അതിനായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താന്‍ 2012 ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഉത്തരാഖണ്ഡ് കോടതി സ്റ്റേ ചെയ്തു. ഇതേത്തുടര്‍ന്ന് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയായിരുന്നില്ല.