Kerala

പ്രോക്‌സി വോട്ട്: കേരളം പ്രവാസികളെ പറ്റിച്ചു

കൊച്ചി: പ്രവാസികളുടെ ദീര്‍ഘകാല സ്വപ്‌നമായ പ്രോക്‌സി വോട്ട് എന്ന ആവശ്യം നിരാകരിച്ച് കേരള സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാട്ടിലെത്താതെത്തന്നെ അടുത്ത ബന്ധുക്കള്‍വഴി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നത് (പ്രോക്സി വോട്ട്) സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. 2019 ജൂണ്‍ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. പോളിംഗ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട്‌ചെയ്യണമെന്ന കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതിവരുത്തി പ്രോക്സിവോട്ട് അനുവദിക്കാമെന്നായിരുന്നു നിര്‍ദേശം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുതന്നെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതിനൊപ്പം തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരപത്രം കൊടുത്ത് അടുത്തബന്ധുവിനെ വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്താമെന്നായിരുന്നു നിര്‍ദേശം. പ്രവാസികളില്‍നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചും പ്രതിരോധ മേഖലയിലുള്ളവര്‍ക്ക് ദേശീയതലത്തില്‍ പ്രോക്സിവോട്ട് അനുവദിച്ചതിന്റെ ചുവടുപിടിച്ചുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിരാജ് ആക്ടില്‍ ഭേദഗതിവരുത്തി നിയമസഭ പാസാക്കിയിരുന്നെങ്കില്‍ ഈവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് യാഥാര്‍ഥ്യമാകുമായിരുന്നു. എന്നാല്‍ എട്ടുമാസം സമയം കിട്ടിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രോക്സി വോട്ട് അനുവദിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള അവസരമാണ് കേരളം പാഴാക്കിയത്. പ്രോക്സി വോട്ട് സംബന്ധിച്ച നിര്‍ദേശം തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും തദ്ദേശമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 22.71 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് വോട്ടര്‍പട്ടിയില്‍ ഇടംനേടുന്നത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലാണ് പ്രവാസി വോട്ടര്‍മാര്‍ കുറവ്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി 457 പ്രവാസികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

About the author

Vishwam

Leave a Comment

error: Content is protected !!