India Kerala Special

സിഎഎ കലാപം: പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത് 120 കോടി

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നേരിട്ടുള്ള പങ്കിനെ സാധൂകരിക്കുന്ന രേഖകളുമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് 120.5 കോടി രൂപയാണ് 73 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ക്യാഷ് ഡിപ്പോസിറ്റ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് എന്നിവ വഴിയാണ് പ്രധാനമായും പൈസ പിഎഫ്‌ഐ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, ഹാപുര്‍, ബാറൈച്ച്, ഷാമ്‌ലി, ദാസ്‌ന എന്നിവിടങ്ങളില്‍ നിന്നുമാത്രം മണി ട്രാന്‍സ്ഫര്‍ വഴി പിഎഫ്‌ഐയുടെ അക്കൗണ്ടിലേക്കും പിഎഫ്‌ഐ മാനേജ് ചെയ്യുന്ന അക്കൗണ്ടുകളിലേക്കുമായി 59 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ 44051010004277 എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്നും കപില്‍ സിബല്‍- 77 ലക്ഷം, ഇന്ദിര ജെയ്‌സിംഗ്- നാല് ലക്ഷം), ദുഷ്യന്ത് ദവെ- 11 ലക്ഷം, അബ്ദുള്‍ സമദ് (എന്‍ഐഎ കേസ് ചാര്‍ജ് ചെയ്ത വ്യക്തി)- 3.10 ലക്ഷം, ന്യൂ ജ്യോതി ഗ്രൂപ്പ്- 1.17 കോടി, പിഎഫ്‌ഐ കശ്മീര്‍- 1.65 കോടി എന്നീ ഇടപാടുകള്‍ നടന്നതിന്റെ രേഖകള്‍ ഇഡി പുറത്തുവിട്ടു. ന്യൂ ജ്യോതി ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ബിസിനസ് ചെയ്യുന്ന ഒരു പാര്‍ട്ണര്‍ഷിപ് ഗ്രൂപ്പാണ്. ന്യൂ ജ്യോതി ഗ്രൂപ്പും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. ഇതിനു പുറമേ 20 ലക്ഷം രൂപ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടിക്കിലേക്ക് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎംഎ ഇന്റര്‍നാഷണല്‍ എല്‍എല്‍സി നല്‍കിയിട്ടുണ്ട്. പിഎംഎ ഇന്റര്‍നാഷണലിനെക്കുറിച്ചും അവരുടെ ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ചാരിറ്റബിള്‍ ട്രസ്റ്റായ തണല്‍ ഫൗണ്ടേഷന്‍ പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി സഹായിക്കുന്നുണ്ട്. തണല്‍ ഫൗണ്ടേഷനു ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് വാസിം അഹമ്മദിന് തെളിവുകളുടെ അഭാവത്തില്‍ യുപിയിലെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ പുറത്തുവിട്ടത്. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

About the author

Admin

Leave a Comment

error: Content is protected !!