കൊച്ചി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ഗവര്‍ണറുടെ നീരസവും മറികടന്ന്, സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ വര്‍ധിക്കാന്‍ പോകുന്നത് 1378 വാര്‍ഡ്. 55 ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പുനര്നിര്ണയമുണ്ടാകില്ലെന്നാണ് സൂചന. ഒമ്പത് പഞ്ചായത്തില്‍ നാല് വാര്‍ഡുവീതം വര്‍ധിക്കുമ്പോള്‍ മൂന്നിടത്ത് ഓരോ വാര്‍ഡ് വീതം ഇല്ലാതാകുമെന്നും തദ്ദേശ ഭരണവകുപ്പിന്റെ പട്ടിക വ്യക്തമാക്കുന്നു. തദ്ദേശ ഭരണമന്ത്രി നേരിട്ടും രണ്ടുതവണ രേഖാമൂലവും നല്കിയ വിശദീകരണം തള്ളി വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ക്കുകയാണ്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എങ്കിലും ഇതില്‍നിന്ന് പിന്നാക്കം പോകാന്‍ സര്‍ക്കാര്‍ തയാറല്ലെന്നാണ് വിവരം. 2011ലെ സെന്‍സസാണ് വാര്‍ഡ് പുനര്‍നിര്‍ണയത്തിന് അവലംബം. പഞ്ചായത്തിലെ ജനസംഖ്യാനുപാതികമായാണ് വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുക. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അംഗസംഖ്യ ഒന്നുവീതമെങ്കിലും കൂടും. ഇതിന് കേരള പഞ്ചായത്തീരാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 പഞ്ചായത്തിലായി 15,962 വാര്‍ഡാണ് ഉണ്ടായിരുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയം നടന്നാല്‍ ഇത് 17,340 ആയി മാറും. 489 ഇടത്താണ് ഓരോ വാര്‍ഡ് വീതം വര്‍ധിക്കുക. 302 പഞ്ചായത്തില്‍ രണ്ട് വാര്‍ഡുവീതം കൂടും. മൂന്ന് വാര്‍ഡുവീതം വര്‍ധിക്കുക 83 പഞ്ചായത്തിലാണ്. മൂന്നാര്‍, ദേവികുളം, പീരുമേട് പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡ് നഷ്ടമാകും. കാസര്‍കോട് ജില്ലയിലെ മധൂര്‍, കോഴിക്കോട് ജില്ലയിലെ പെരുവണ്ണ, മലപ്പുറം ജില്ലയിലെ കാവനൂര്‍, പൂക്കോട്ടൂര്‍, കോടൂര്, മരക്കര, കണ്ണമംഗലം, എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍, വാഴക്കുളം എന്നിവിടങ്ങളില്‍ നാല് വാര്‍ഡ് വീതം കൂടും. പുതിയ വാര്‍ഡുകളില്ലാത്ത പഞ്ചായത്തുകള്‍: തിരുവനന്തപുരം ജില്ല -പൂവാര്‍, അഴൂര്‍, ആര്യനാട്, നന്ദിയോട്, പെരിങ്ങമല, പാങ്ങോട്, പഴയകുന്നുമ്മേല്‍, അഞ്ചുതെങ്ങ്, വക്കം, ചിറയിന്‍കീഴ്. കൊല്ലം -ആലപ്പാട്, പിറവന്തൂര്‍, കുണ്ടറ. പത്തനംതിട്ട -കവിയൂര്‍, കല്ലൂപ്പാറ, അയിരൂര്‍, നാരങ്ങാനം, റാന്നി, പഴവങ്ങാടി, അരുവാപ്പുലം, മലയാലപ്പുഴ, ഏറത്ത്, കലഞ്ഞൂര്‍. ആലപ്പുഴ -എഴുപുന്ന, കടക്കരപ്പള്ളി, എടത്വ, കൈനകരി, നെടുമുടി, പുളിങ്കുന്ന്, വെണ്മണി, കണ്ടല്ലൂര്‍. കോട്ടയം -നീണ്ടൂര്‍, കുമരകം, അകലക്കുന്നം. ഇടുക്കി -കൊന്നത്തടി, പള്ളിവാസല്‍, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, കഞ്ഞിക്കുഴി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, പെരുവന്താനം, ഏലപ്പാറ. എറണാകുളം -മുളവുകാട്, വടവുകോട്-പുത്തന്‍കുരിശ്, കുട്ടമ്പുഴ, കൂത്താട്ടുകുളം. പാലക്കാട് -തച്ചമ്പാറ, അഗളി, ഷോളയൂര്‍. കോഴിക്കോട് -കോടഞ്ചേരി. കണ്ണൂര്‍ -ഉദയഗിരി, ആലക്കോട്, അയ്യന്‍കുന്ന്, കൊട്ടിയൂര്‍.