India

പൗരത്വ പ്രതിഷേധത്തിന് ആളില്ല: കോണ്‍ഗ്രസ് പിന്‍വലിയുന്നു

ന്യൂഡല്‍ഹി: സമീപകാലങ്ങളില്‍ നടത്തിയ ഒരു സമരം പോലും വിജയിപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വം പൗരത്വ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുന്നു. രാജ്യത്തെ മതത്തിന്റെ പേരില്‍ രണ്ടായി വിഭജിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ കോണ്‍ഗ്രസിന് വോട്ട് ബാങ്ക് സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല ഭൂരിപക്ഷം ജനങ്ങളും പൗരത്വഭേദഗതിക്കൊപ്പമാണെന്നു മനസിലാകുകയും ചെയ്തു. മുസ്ലീം വോട്ട് ബാങ്ക് അരക്കിട്ടുറപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റു സമുദായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല നേതാവില്ലാത്ത പാര്‍ട്ടിയുടെ കൂടെ നില്‍ക്കാന്‍ അണികള്‍ തയ്യാറുമല്ല. ഡിസംബര്‍ 14ന് രാംലീല മൈതാനത്തും 23ന് രാജ്ഘട്ടിലും 28ന് ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ സമരരംഗത്ത് കോണ്‍ഗസിന്റെ സംഭാവന പ്രിയങ്കയുടെ വാചകക്കസര്‍ത്തുകള്‍ മാത്രമാണ്. രാജ്ഘട്ടില്‍ ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കി നേതാക്കള്‍ തണുത്തു വിറച്ച് നാലു മണിക്കൂര്‍ സത്യഗ്രഹം നടത്തി.

പൗരത്വ വിഷയത്തില്‍ പ്രതിരോധം ആളിക്കത്തുമ്പോള്‍ വളരെ വിദഗ്ധമായി മുങ്ങിയ രാഹുലിനെ തിരയാനായിരുന്നു മാധ്യമങ്ങള്‍ക്കും അണികള്‍ക്കും പ്രിയം. ആളൊഴിഞ്ഞ റാലികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും പത്രക്കാര്‍ മടിച്ചു നിന്നപ്പോള്‍ പ്രിയങ്ക കോണ്‍ഗ്രസ് നേതാക്കളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു. മൂന്നു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതൊഴിച്ചാല്‍ വേറെയൊന്നും സംഭവിച്ചിട്ടില്ലെന്ന തിരിച്ചറിവ് പൊതുജനങ്ങളെ സമരങ്ങളില്‍ നിന്നും അകറ്റുകയാണ്. മാത്രമല്ല വടക്കേ ഇന്ത്യയില്‍ നടന്ന സമരങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദികളും ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരും മാത്രമാണുണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിനെ അലട്ടുകയാണ്. സിഎഎ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സ്വയംകുഴിച്ച കുഴിയില്‍ വീഴുകയായിരുന്നുവെന്ന യാഥാര്‍ഥ്യം മനസിലാക്കിയതോടെ നേതാക്കള്‍ ചില വ്യക്തികളെ ബലിയാടുകളാക്കി വിദഗ്ധമായി മുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

പ്രിയങ്ക നടത്തുന്ന ഗൃഹന്ദര്‍ശനമൊഴിച്ചു നിര്‍ത്തിയാല്‍ സോണിയയോ രാഹുലോ മറ്റ് മുതിര്‍ന്ന നേതാക്കളോ സമരത്തിന്റെ ഏഴയലത്തുപോലും കാണാനില്ല. പൗരത്വഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധം തികച്ചും വ്യത്യസ്തമാണെന്ന കാര്യം മനസിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മാത്രമല്ല മുസ്ലീം വോട്ടുകള്‍ പ്രത്യേകിച്ചും കേരളത്തില്‍ ചോര്‍ന്നുപോകുമെന്ന ഭീതിയും കോണ്‍ഗ്രസിനെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധമാക്കി. എന്നാല്‍ രാജ്യം മുഴുവന്‍ കത്തിച്ചുവിട്ട് അവര്‍ വിദഗ്ധമായി കൈകഴുകുകയും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സഖ്യസര്‍ക്കാറുകളുമാണ്. എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നുവെന്ന പ്രഖ്യാപനം നടത്തി തടിയൂരുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. കേരള സര്‍ക്കാര്‍ ചെയ്തതു പോലെ പ്രമേയം കൊണ്ടു വരേണ്ടതില്ലെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തീരുമാനിച്ചു. കുടിയേറിയ സിഖുകാര്‍ക്ക് കൂടി നിയമ പ്രകാരം പൗരത്വം ലഭിക്കുമെന്നതിനാല്‍ പഞ്ചാബില്‍ അമരീന്ദര്‍ സിങ് സര്‍ക്കാറും ധര്‍മസങ്കടത്തില്‍ ആണ്.

പ്രത്യക്ഷത്തില്‍ സമരരംഗത്ത് നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങിയിരിക്കുന്നു. അധികാരത്തില്‍ എത്തിയാല്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയ്യാറാകുമോ എന്ന ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്റെ ചോദ്യം സോണിയ കേട്ടതായി പോലും ഭാവിച്ചില്ല. പൗരത്വ നിയമഭേദഗതിക്ക് പിന്നാലെ ഭാവിയില്‍ എന്‍ആര്‍സി നടപ്പാക്കപ്പെടുമെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാമെന്ന് സാരം. നടപടികള്‍ വൈകിപ്പിക്കാം എന്നതല്ലാതെ മാറി നില്‍ക്കാന്‍ പറ്റില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇനി ഒരിക്കലും ഒറ്റ സംഖ്യയില്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ടാവില്ലെന്ന് ഉറപ്പുള്ള സിപിഎമ്മും മുസ്ലീം ലീഗും നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായെത്തിയാല്‍ പൗരത്വബോധമുള്ളവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നു മനസിലാക്കി സോണിയ കോണ്‍ഗ്രസിനെ സമരങ്ങളില്‍ നിന്നും വിലക്കിയ അവസ്ഥയാണിപ്പോളുള്ളത്.

About the author

Vishwam

Leave a Comment