India Kerala Special

പുരാവസ്തുഖനനം സുപ്രധാന തെളിവായി

എം.ജി.എസ്. നാരായണന്‍

അയോധ്യയില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പര്യവേക്ഷണത്തിന്റെ ഫലമായി പുറത്തുവന്ന ചരിത്ര വസ്തുതകള്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് സുപ്രധാന തെളിവായി. പ്രൊഫ. ബി.ബി. ലാല്‍, ടി.വി. മഹാലിംഗത്തിന്റെ മരുമകന്‍ ഡോ. മണി തുടങ്ങിയ പ്രമുഖരായ പുരാവസ്തുഗവേഷകരാണ് അയോധ്യ ഉത്ഖനനത്തിന് നേതൃത്വം നല്‍കിയത്. ഡോ. മണിയുടെ നേതൃത്വത്തില്‍ പര്യവേക്ഷണം നടക്കുമ്പോള്‍ ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. അവിടെ ചിതറിക്കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ഞാന്‍ കണ്ടതുമാണ്. അവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് പറയുഞ്ഞവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങിനെ പറഞ്ഞത്.
പുരാവസ്തു ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമീപിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പലരും മുന്‍വിധിയോടെ അവരവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ കണക്കിലെടുക്കുകയും മറ്റുള്ള മറച്ചുവയ്ക്കുകയും ചെയ്യുന്നുവെന്നതാണ് നിര്‍ഭാഗ്യകരം.

അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നില്ലെന്ന നിലപാടില്‍ ഇടതുപക്ഷ ചരിത്രകാരന്മാര്‍ എത്താന്‍ കാരണം അവരുടെ മുന്‍വിധി ന്യായീകരിക്കുക എന്ന ലക്ഷ്യംവച്ചുമാത്രമാണ്. സത്യസന്ധമായ സമീപനമാണ് ഡോ. ബി.ബി. ലാല്‍, ഡോ. മണി എന്നിവര്‍ നടത്തിയത്. പുരാവസ്തു ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.കെ. മുഹമ്മദും അക്കാലത്ത് പര്യവേക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്.
അയോധ്യയെ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് പര്യവേക്ഷണമാരംഭിച്ചത്. മുന്‍പവിടെ ക്ഷേത്രമുണ്ടായിരുന്നോ അതോ മസ്ജിദായിരുന്നോ, ക്ഷേത്രം നശിപ്പിച്ച് മസ്ജിദ് പണിതതാണോ എന്നിവയെല്ലാമായിരുന്നു തര്‍ക്കം. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നില്ലെന്നായിരുന്നു ഇടത് നിലപാട്. ബുദ്ധിമാനായ ആര്‍ക്കിയോളജിസ്റ്റാണ് ഇര്‍ഫാന്‍ ഹബീബ് എങ്കിലും അദ്ദേഹം തികഞ്ഞ ഒരു മാര്‍ക്‌സിസ്റ്റ് പക്ഷപാതിയായിരുന്നു. മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് അഭിപ്രായം പറയാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചത്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ എന്നും ഒരു പക്ഷം പിടിച്ചാണ് നിലപാടുകള്‍ എടുക്കുക. വസ്തുതകളേക്കാള്‍ അവര്‍ക്ക് പ്രധാനം പാര്‍ട്ടിയാണ്. വസ്തുനിഷ്ഠമായ ചരിത്രഗവേഷണമോ പുരാവസ്തുഗവേഷണമോ അവര്‍ അംഗീകരിക്കില്ല. അവര്‍ ചെയ്യുകയുമില്ല. ഇനിയവര്‍ക്ക് അതിന് സാധിക്കുമെന്നും തോന്നുന്നില്ല.

ചരിത്രഗവേഷണത്തിലെ സത്യസന്ധത, സുതാര്യത, നിഷ്പക്ഷത എന്നിവ ഇടത് ചരിത്രകാരന്മാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ബാബ്‌റി മസ്ജിദിന്റെ കാര്യത്തിലും അവര്‍ക്ക് ഇതേ സമീപനമാണ്. സ്വന്തം നിലപാട് സാധൂകരിക്കാന്‍ അവര്‍ ശ്രമിക്കും. പാര്‍ട്ടി താത്പര്യമാണ് അവര്‍ക്ക് പ്രധാനം. കഴിവും പ്രാപ്തിയുമുള്ള ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവര്‍ പോലും ഈ സമീപനമാണ് പിന്തുടര്‍ന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. എന്നെപ്പോലെയുള്ള ചരിത്രകാരന്മാര്‍ക്ക് അതിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. പുരാവസ്തുഗവേഷണഫലമായി കണ്ടെത്തിയ വസ്തുതകളെ തമസ്‌കരിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ നടത്തിയ ശ്രമങ്ങള്‍ ഐസിഎച്ച്ആറിന്റെ ചുമതലയിലിരിക്കുമ്പോള്‍ എനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്.

അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നത് വസ്തുതയാണെങ്കിലും അതിന്റെ പഴക്കം, അത് നശിപ്പിച്ചാണോ പള്ളി പണിതത് എന്നൊക്കെ തര്‍ക്കവിഷയമാണ്. ക്ഷേത്രം നശിപ്പിച്ചാവാം അവിടെ പള്ളി പണിതത്. മീര്‍ ബാഖി പണിതത് എന്ന നിലയിലുള്ള ഒരു ഫലകം ഞാനവിടെ സന്ദര്‍ശിച്ചപ്പോള്‍ കാണാനിടയായിരുന്നു. എന്നാല്‍ ക്ഷേത്രം തകര്‍ത്തുവെന്ന് അതില്‍ സൂചനയില്ല.

ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത് സമ്പത്തിനുവേണ്ടി മാത്രമാണെന്ന് പറയുകവയ്യ. സമ്പത്തിനുവേണ്ടിയായിരിക്കാം പ്രധാനമായും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചത്. അന്ന് ക്ഷേത്രസമ്പത്ത് കുന്നുകൂടിയിരുന്നു. ബാങ്കുകളൊന്നും ഇല്ലാതിരുന്ന കാലത്ത് ക്ഷേത്രം സ്വര്‍ണത്തിന്റെയും സ്വത്തിന്റെയും കൂമ്പാരമായി. സ്വാഭാവികമായും എതിരാളികള്‍ ആക്രമിക്കുക ക്ഷേത്രങ്ങളായിരിക്കാം. അത് ഇവിടെയും നടന്നിട്ടുണ്ടാവും. പല നിലയിലും ക്ഷേത്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ശ്രീരാമനെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്നത് ശരിയല്ല. രാമായണം ചരിത്രഗ്രന്ഥവുമല്ല. കവികളുടെ കല്‍പനകള്‍ സാഹിത്യത്തിലുണ്ടാവും. കവികള്‍ അവരുടേതായ ഭാവനകള്‍ എഴുത്തില്‍ സൃഷ്ടിക്കുന്നു. അവ മുഴുവന്‍ ചരിത്രവസ്തുതകളാണെന്ന് പറയാന്‍ കഴിയില്ല.

എന്തായാലും സമചിത്തതയോടെ സാഹചര്യങ്ങളെ സമീപിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം.

(സംഭാഷണത്തില്‍ നിന്ന് തയാറാക്കിയത്.)

About the author

Vishwam

1 Comment

  • It is an authentic statement by MGS.One of the historians who denied the existence of a temple under babri structure was malayalee Dr.Rajan Gurukkal

Leave a Comment