Special

സാന്ദ്രദീപ്തം ഈ അയനം

നടന്നു നടന്നാണ് വഴികള്‍ ഉണ്ടാകുന്നത്. ഓരോ വഴിക്കു പിറകിലും ഒട്ടേറെ നടത്തങ്ങളുണ്ട്. അത് ഒരാള്‍ മാത്രം നടന്നതാകണമെന്നില്ല. ഒരേ വഴിയിലൂടെ നടക്കുമ്പോള്‍ അതൊരു ചെറുവഴിയാകുകയും പിന്നീടത് ഒരു പെരുവഴിയാകുകയും ചെയ്യുന്നു. നാമിന്നു കാണുന്ന പല വഴികളും പല കലാങ്ങളില്‍ പലപല മനുഷ്യര്‍ നടന്ന വഴികളാണ്. കണ്ടെത്തിയ ഒരു വഴി ഏറ്റവും ഫലപ്രദമാണെന്നു നാം തിരിച്ചറിഞ്ഞാല്‍ ആ വഴിയേ നാം നടക്കാന്‍ തുടങ്ങുന്നു. ആ വഴിയാണ് ശരിയായ വഴിയെന്നു നാം മനസിലാക്കുന്നു. ഇവിടെ പ്രധാനപ്പെട്ട കാര്യം വഴി ഉണ്ടാകുക എന്നതും ആ വഴിയെ തിരിച്ചറിയുക എന്നതുമാണ്. വഴി ഇല്ലെങ്കിലും വഴി ഉണ്ടായിട്ടും തിരിച്ചറിയാത്ത സാഹചര്യം അനുകൂലമെങ്കിലും നമുക്ക് ലക്ഷ്യത്തിലേക്കുക അനായാസമല്ല.

രാമായണം ഇതുപോലൊരു വഴിയാണ്. അത് വെറുമൊരു വഴിയല്ല. സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ സഞ്ചരിച്ച ഒരു പാത. പാതയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. ആ പാതയില്‍ വീണുകിടക്കുന്ന അനേകം സ്മൃതികന്ദങ്ങളുണ്ട്. വെറുതെ നടന്നവരും ആശ്ലേഷിച്ചവരുമുണ്ട്. എത്ര നടക്കിലും ഇനിയും മുന്നോട്ട് എന്ന ആഹ്വാനം കേട്ടവരുമുണ്ട്. അതിനാല്‍ അതിന് അര്‍ഥതലങ്ങള്‍ അനവധിയുണ്ടുതാനും. മനനശീലര്‍ക്ക് മനനത്തിനും ശ്രവണശീലര്‍ക്ക് ശ്രവണത്തിനും ആ പാത ഇടമേകുന്നു. ഇതിലൂടെ അശ്രുപൂര്‍ണങ്ങളായ മിഴികളോടെ നടക്കുന്നവരുണ്ട്. ആനന്ദതുന്ദിലരായി നൃത്തം ചെയ്യുന്നവരുണ്ട്. ഓരോ മനസിനും ഓരോ വ്യത്യസ്താനുഭവമായി ഈ വഴി നിലകൊള്ളുന്നു. അങ്ങനെ ഇതൊരു അസാധാരണ വഴിയാകുന്നു. എന്നാല്‍ ഇതിലൂടെ സഞ്ചരിക്കാന്‍ ഏതൊരു സാധാരണക്കാരനുമാകും എന്നതാണ് ഇതിന്റെ വൈചിത്ര്യം.

ആ അയനമാണ് രാമായനം. അതാണ് നാമറിയുന്ന രാമായണം.

രാമായാണം ഒരു പെരുവഴിയാണ്. അനേകര്‍ നടന്നു നടന്ന് പെരുവഴിയായിത്തീര്‍ന്നതാണത്. ഒരു കൊച്ചുദു:ഖത്തില്‍ നിന്ന് ഒരാഴക്കടലിലേക്കു വളര്‍ന്ന ഇതിഹാസകാവ്യം.
തമസാനദിക്കരയിലേക്കു പോയ വാത്മീകിയാണ് പ്രണയമിഥുനങ്ങളായ ക്രൗഞ്ചപക്ഷികളിലൊന്നിനെ ഒരു വേടന്‍ അമ്പെയ്യുന്നത് കണ്ടത്. ഇത് മഹര്‍ഷിയിലുണ്ടാക്കിയ ശോകം ഒരു ശ്ലോകമായി കവിഞ്ഞൊഴുകുകയായിരുന്നു. മാനാഷിദാ എന്ന കവി ഉറക്കെ പറഞ്ഞുപോകുന്നു. അരുത് കാട്ടാളാ എന്ന ആ വചനമാണ് അധര്‍മത്തിനെതിരെ മാനവരാശി കേട്ട ആദ്യശബ്ദം. അധര്‍മത്തോടു ചേര്‍ന്ന് നില്‍ക്കുകയല്ല, അതിനെതിരെ ശബ്ദം ഉയരുകതന്നെ വേണമെന്ന് ഈ സന്ദര്‍ഭം വായനക്കാരെ ഓര്‍മിപ്പിക്കുന്നു. അധാര്‍മികമായ ഒരു സമൂഹത്തിന് ചിരപ്രതിഷ്ഠ സാധ്യമാകുകയില്ല. അധാര്‍മികതയ്ക്ക് ആത്യന്തിക വിജയവും സാധ്യമാകുകയില്ല.

പ്രണയകൗതുകങ്ങളിലായിരുന്ന ഇണപ്പക്ഷികളിലൊന്നിനെ ഒരു നിഷാദന്‍ വേര്‍പിരിക്കുന്ന ചിത്രം വരയ്ക്കുമ്പോള്‍ വരാനിരിക്കുന്ന അതിദു:ഖസാന്ദ്രമായ ഇതിഹാസകഥയുടെ നാന്ദിവാക്യം ചൊല്ലുകയാണ് കവി. ക്രാന്തദര്‍ശികളാണ് കവികള്‍. സീതാരാമന്മാരെന്ന ഇണക്കുരുവികളിലൊന്നിനെ വേര്‍പെടുത്തിയ രാവണനെന്ന നിഷേധകര്‍മിയോടുള്ള കവിയുടെ ധര്‍മരോഷം ഇവിടെ പ്രകടമാകുന്നു. അങ്ങനെയാണ് മനുഷ്യകഥാനുഗായിയായ രാമായണം എന്ന കാവ്യം പിറന്നുവീഴുന്നത്.

രാമായണം രാമന്റെ അയനം മാത്രമല്ല. അനേകം പേര്‍ നടന്ന വഴിയാണത്. സീതയും ലക്ഷ്മണനും ഭരതശത്രുഘ്‌നന്മാരും അയോധ്യാവാസികളും നടന്ന വഴി. അതിലൂടെ യുഗങ്ങളായി കടന്നുപോയവര്‍ അനവധി. ത്രേതായുഗത്തിന്റെ ധാര്‍മിക പ്രകാശത്തെ പലകാലങ്ങളില്‍, പല ദേശങ്ങളില്‍ അനേകര്‍ ഏറ്റുവാങ്ങുന്നു. അങ്ങനെ രാമായണം ഒന്നല്ല, നിരവധിയുണ്ടായി. ഓരോ മനസും എപ്രകാരം ഏറ്റുവാങ്ങിയോ അപ്രകാരം തന്നെ അവരതിനെ അവതരിപ്പിച്ചു. അതിനാല്‍ ഒരുപാട് പാഠഭേദങ്ങളുണ്ടായി. അവര്‍ക്കെല്ലാം ഊര്‍ജസ്രോതസായി വാത്മീകിയുടെ രാമായണം നിലകൊണ്ടു.

ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ രാമായണത്തിനുള്ളത് 2,400 വര്‍ഷങ്ങളുടെ പഴക്കമാണ്. 24,000 ശ്ലോകങ്ങളില്‍ കൊരുത്ത ഈ അനവദ്യകാവ്യം ഭാരതത്തിന്റെ ഇതിഹാസങ്ങളിലൊന്ാണ്. ഋജുവായ ഭാഷയില്‍, അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം കവി കാലത്തേയും സാമൂഹ്യ ജീവിതത്തേയും അതിന്റെ ചിരന്തനമായ മൂല്യങ്ങളേയും വരച്ചുകാട്ടുന്നു. മനുഷ്യജീവിതത്തിന്റെ ഹ്ലാദവിഷയങ്ങള്‍ അതിന് ഊടുംപാവും നെയ്യുന്നു. അങ്ങനെ ഏറെ പകര്‍ന്നും ഏറെ പഠിപ്പിച്ചും ആ കാവ്യസരയു നിരവധി മാനവതടങ്ങളെ തഴുകിയും തണുപ്പിച്ചും ദാഹനീരുപകര്‍ന്നും പ്രവഹിക്കുന്നു. ആ പ്രവാഹിനിയുടെ തീരത്തിരിക്കുമ്പോള്‍ അനുവാചകര്‍ ജീവിതത്തിന്റെ നാനാര്‍ഥങ്ങളറിയുന്നു, അറിയാതെ അയവിറക്കുന്നു.

About the author

Vishwam

1 Comment

  • രാമനിലേയ്ക്കുള്ള ലക്ഷ്യവും മാര്ഗ്ഗവും ഒന്നായിത്തീരുന്ന അനുഭവം തന്നെ ഈ വരികള്. വരികള്ക്കിടയിലെ മൗനത്തെ വായിച്ചു തന്ന സുരേഷിന് ശതകോടി നമസ്കാരം.

Leave a Comment