Special

രാമനാമ മുഖരിതം കര്‍ക്കിടകം

ഓരോ കര്‍ക്കിടകവും ഒരോര്‍മപ്പെടുത്തലാണ്. ഭൂതകാലങ്ങളില്‍ നാമനുഭവിച്ച കഷ്ടതകളുടേയും ദു:ഖദുരിതങ്ങളുടേയും ഒരുപാടു സ്മൃതികളാണ്. വേദനകളാണ് കര്‍ക്കിടകത്തിന്റെ ഓര്‍മകള്‍ നിറയെ. എന്നിട്ടും നമുക്ക് കര്‍ക്കിടകത്തെ ഇഷ്ടമാണ്. കര്‍ക്കിടകത്തെ കാത്തിരിക്കുന്നവരാണ് നാം. നാം മനുഷ്യര്‍ മാത്രമല്ല, ഈ മണ്ണും അതിലെ സകലകോടി ജീവജാലങ്ങളും കര്‍ക്കിടകത്തിനു കാതോര്‍ക്കുന്നു. കാരണം കര്‍ക്കിടകത്തിന് ഒരാര്‍ദ്രതയുണ്ട്. അതിനൊരു ജീവധാരയുടെ ശക്തിവിശേഷമുണ്ട്. അതില്‍ തിണര്‍ക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അതിനാല്‍ ഓരോ കര്‍ക്കിടകവും ഒരു ജീവസ്മൃതിയാണ് മലയാളത്തിന്. കണ്ണീരിലും പൂചൂടുന്ന മന്ദഹാസമാകുന്നു അത്.

ഈ കര്‍ക്കിടകത്തിലാണ് നാം രാമായണത്തില്‍ ആഴ്ന്നിറങ്ങുന്നത്. ഈ കര്‍ക്കിടമാണ് നമുക്ക് രാമനാമത്തിന്റെ വിശുദ്ധി നല്‍കുന്നത്. മനുഷ്യനായി പിറന്നതിന്റെ അഗാധമായ അര്‍ഥതലങ്ങള്‍ ഇതു നമുക്കു ബോധ്യപ്പെടുത്തി തരുന്നു. ജീവിതമെത്ര അര്‍ഥപൂര്‍ണമാകണമെന്നു നാം മനസിലാക്കുന്നു. ഏതേതുവേദനകളിലും സംഘര്‍ഷങ്ങളിലും കണ്ണീരുതിരുമ്പോഴും ധരധാര്‍മികമാകണമെന്നറിയുന്നു.

അടിസ്ഥാനപരമായി സ്വര്‍ത്ഥതയുടെ രേണുക്കള്‍ പുരണ്ടുകിടക്കുന്ന ഈ ജീവിതയാത്രക്ക്, ഔന്നത്യങ്ങളെ പുല്‍കാനുളള വഴികാട്ടുന്നു രാമായണം. അതുവിടര്‍ത്തുന്ന ഒരു നേര്‍വഴിയുണ്ട്. നാം അറിഞ്ഞോ അറിയാതെയോ സഞ്ചരിക്കാനരുതാത്ത ചില കുറുക്കുവഴികളെ അത് കാണിച്ചുതരുന്നു. നിരവധി നിത്യവിസ്മയങ്ങളായ ജീവിതങ്ങളെ നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. അവരുടെ വൈചിത്ര്യങ്ങളേയും സവിശേഷതകളേയും സഹനങ്ങളേയും ക്രൗര്യത്തേയും കദനങ്ങളേയും തൊട്ടുതൊട്ടു കാണിച്ചുതരുന്നു.

രാമായണം വലിയൊരു കാലിഡോസ്‌ക്കോപ്പാണ്. ഓരോതവണ തിരിഞ്ഞു നോക്കുമ്പോഴും നമുക്കു വിഭിന്നങ്ങളായ ചിത്രങ്ങള്‍ കാണാം. എന്നാല്‍ അവയെല്ലാം ആകര്‍ഷകങ്ങള്‍ തന്നെ. അവയെല്ലാം നമ്മോടു സംവദിക്കുന്നവതന്നെ. അവക്കു പകരാനുണ്ട് അനവധി സ്പന്ദങ്ങള്‍. കണ്ടും കേട്ടും തൊട്ടുമറിഞ്ഞ്, അക്ഷരങ്ങളിലുടെ അനുഭവിച്ചറിഞ്ഞ് കേരളീയ മനസില്‍ രാമായണമെന്നത് ഒരു വടവൃക്ഷമായി നില്‍ക്കുന്നു. ശാഖോപശാഖകളായി, സദാ രാമനാമം ജപിക്കുന്ന ആലിലകളായി, കെട്ടുപിണഞ്ഞുകിടക്കുന്ന ശക്തമായവേരുകളായി, ആഴങ്ങളിലേക്കു നൂണ്ടിറങ്ങുന്ന മൂലങ്ങളായ, വിസ്മയാവഹമായ വിശ്വപ്രതീകമായി, അണുവിലും അണുവും മഹത്തിലും മഹത്തുമായി അതു നിലകൊളളുന്നു. അനവധി ജീവികള്‍ അവിടെ കൂടൊരുക്കുന്നു. അവയുടെ പ്രണയസല്ലാപങ്ങളും കളകൂജനങ്ങളും കദനഭാരങ്ങളുംഅവിടെയുണ്ട്.

അനുപമമായ ഒരു ജീവിതഗാഥയായി രാമായണം നമുക്കു മുമ്പില്‍ വിടരുന്നു. ഓരോ ദലത്തിലുമുളള നീരാഹബിന്ദുക്കളില്‍ ഈ പ്രപഞ്ചം പ്രതിഫലിക്കുന്നതു കാണാം. ഈ ലോകത്തെ നിലിനര്‍ത്തുന്ന ധര്‍മമെന്ന സൂര്യപ്രകാശത്തിന്റെ തിളക്കം കാണാം, എല്ലാത്തിനേയും പ്രകാശമാനമാക്കുന്ന സൂര്യവംശത്തിന്റെ മണിക്കീരിടമായ ശ്രീരാമചന്ദ്രനെ കാണാം. അങ്ങനെ ഒരു ജീവിതത്തിനുളള ധര്‍മ്മപാഥേയമുണ്ട.് പ്രപഞ്ചത്തിന്റെ മുന്നോട്ടുളള പ്രയാണത്തില്‍ നമുക്കും പങ്കാളികളാകാന്‍ കഴിയുന്നു.

ഇതൊരു ജനതയുടെ ജന്മാവകാശമായി മലയാളത്തിനു ലഭിച്ച പുണ്യമാകുന്നു. സനാതനധര്‍മാനുസാരിയായി, രാമായണമെന്ന അതിമനോഹരമായ കാവ്യരസം രുചിച്ചും അതിന്റെ ഹ്ലാദവിഷാദങ്ങളും അതു പ്രദാനം ചെയ്യുന്ന വിനയവും വിവേകവും കരഗതമാക്കിയും നരത്വത്തിന് അനശ്വരതയുടെ ശോഭ പകര്‍ന്നും നമുക്കു നടക്കാനുളള പ്രാപ്തിയേകുന്നു. ഓരോ നദിയുടെ യാത്രയും ഒരു കടലിനെ തേടിയാണ്. അതൊരിക്കലും മണലാരണ്യങ്ങളുടെ വന്ധ്യതയില്‍ നീര്‍ജീവമാകരുത്. രാമായണമെന്ന നീരൊഴുക്കിങ്ങനെ തലമുറകളില്‍ നിന്നു തലമുറകളിലേക്കൊഴുകുന്നു.അതു സമൃദ്ധിയുടെ തടങ്ങളെ സൃഷ്ടിക്കുന്നു. ഹരിതാഭമാകുന്ന ആ തീരങ്ങളില്‍ ഈ പുരാപുണ്യത്തിന്റെ ഹരിചന്ദനഗന്ധമിയന്ന കാറ്റിലാടുന്ന ആറ്റുവഞ്ചികളാകുന്നു നാം.

About the author

Vishwam

1 Comment

  • സുരേഷ് തന്റെ തനതു ശൈലിയില് രാമായണ സ്മ്റുതികള് തുറക്കൂമ്പോള് ഒരു അവാച്യമായ, അനിര്വ്വചനീയമായ രാമ അനുഭൂതിയിലേക്ക് അനുവാചകനെ നയിക്കുന്നു. ഗതകാലസ്മ്റുതിയിലേക്ക് ആനയിച്ചതിന് ഒരായിരം നന്ദി

Leave a Comment