Kerala Special

ഇന്ന് വിശാല്‍ സ്മൃതിദിനം

ആലപ്പുഴ: ഇന്ന് കര്‍ക്കടകം ഒന്ന്. ഏഴ് വര്‍ഷം മുന്‍പ് കര്‍ക്കടകത്തിന്റെ തുടക്കത്തില്‍ തന്നെയാണ് 19 വയസുകാരന്‍ വിശാല്‍ മുസ്ലീം തീവ്രവാദത്തിന്റെ അസഹിഷ്ണുതയ്ക്കു മുന്നില്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. 2012 ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നവാഗതരെ ഭാരതീയ ആചാരപ്രകാരം സ്വീകരിക്കാനെത്തിയ വിശാലിനെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദികള്‍ കത്തിയെടുത്ത് കുത്തുകയാണുണ്ടായത്. കുത്തേറ്റ വിശാല്‍ ചികിത്സയ്ക്കിടെ 2012 ജൂലൈ 17ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഇഹലോകവാസം വെടിഞ്ഞു. എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്നു വിശാല്‍. നവാഗതരെ സ്വീകരിക്കാനെത്തിയ വിശാലിനു നേരെ ഒരാക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റിട്ട് എസ്എഫ്ഐക്കാരെ അടിച്ചൊതുക്കിയ അതേ പദ്ധതി ക്രിസ്ത്യന്‍ കോളേജില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ചിലപ്രശ്‌നങ്ങള്‍ അവിടെ നിലനിന്നിരുന്നതല്ലാതെ എബിവിപിയുമായി യാതൊരു പ്രശ്‌നവും അവിടെ ഉണ്ടായിരുന്നില്ല. ക്യാമ്പസ് ഫ്രണ്ടിന്റെ താലിബാന്‍ മോഡല്‍ വരവു കണ്ട് പകച്ച എസ്എഫ്ഐക്കാര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിയൊളിച്ചപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ വിശാല്‍ ഏകപക്ഷീയമായി വേട്ടക്കാരുടെ ഇരയാകുകയായിരുന്നു. പിന്‍തിരിഞ്ഞോടി രക്ഷപെടാന്‍ വിശാലിനും കഴിയുമായിരുന്നു. പക്ഷേ വിശാലിന്റെ പ്രസ്ഥാനം പിന്‍തിരിഞ്ഞോടലിന്റെ വിപ്ലവമല്ല പഠിപ്പിച്ചത്. ആന്തരാവയവങ്ങളില്‍ മുറിവുണ്ടാക്കി നിലയ്ക്കാത്ത രക്തസ്രാവം വഴി കൊലപ്പെടുത്തുന്ന പ്രത്യേകതരം ആയുധം കൊണ്ടുള്ള പ്രയോഗം. കണ്ണൂരില്‍ പള്ളിക്കുന്നില്‍ സച്ചിന്റെ നേരെ ഇത്തരം പരീക്ഷണം ആദ്യം നടത്തിയിരുന്നു. രണ്ടാമത് വിശാലിന്റെ നേരെ. ഇതൊക്കെ കേവലം യാദൃശ്ചികസംഭവമായിരുന്നില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇതിന്റെ സാക്ഷ്യപത്രമാകുന്നു വിശാല്‍ മരിക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ് (2012 ജൂണ്‍ 10) കേരളത്തെ തകര്‍ക്കാന്‍ ലൗജിഹാദ്, മതംമാറ്റം, കള്ളപ്പണം എന്ന മുഖവാര്‍ത്തയോടെ ഇറങ്ങിയ കലാകൗമുദി. ദേശസ്‌നേഹികളായ മലയാളികള്‍ ആ വാര്‍ത്ത കണ്ട് ഏറെ ആശങ്കപ്പെട്ടിരുന്നു.ആ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിശാലിനോട് ഈ രാഷ്ട്രത്തിന്റെ പ്രതിലോമശക്തികള്‍ നടപ്പിലാക്കിയ കാട്ടാളനീതി. റിപ്പോര്‍ട്ടിന് ആധാരമായ സംഭവങ്ങള്‍ക്കുള്ള വസ്തുതകള്‍ തന്റെ നാട്ടിലും അരങ്ങേറിയപ്പോള്‍ വിശാല്‍ ഏറെ വേദനിച്ചു. ലൗജിഹാദിന് വീണ്ടും ഇരകളുണ്ടാക്കാനുള്ള ശ്രമങ്ങളെ തന്റെ പ്രവര്‍ത്തന പരിധിയില്‍ ചെറുത്തു തോല്‍പിക്കാനും ആ കൗമാരക്കാരന് കഴിഞ്ഞിരുന്നു. അങ്ങനെ വിശാല്‍ ലൗജിഹാദിന്റെ കഴുകന്‍ കണ്ണുകള്‍ക്ക് കരടായി മാറിയിരുന്നു. അതിന്റെ പ്രതികാരം അവര്‍ തീര്‍ത്തത് ക്രിസ്ത്യന്‍ കോളേജിന്റെ കവാടത്തില്‍ വച്ചാണെന്നു മാത്രം. എബിവിവി ഉയര്‍ത്തിയ മുസ്ലീം തീവ്രവാദത്തിനെതിരെയുള്ള നിലപാട് ഓരോരുത്തരായി അംഗീകരിച്ചു. ആറുവര്‍ഷത്തിനിപ്പുറം അഭിമന്യു എന്ന വിദ്യാര്‍ഥി തീവ്രവാദികളുടെ കത്തിക്കിരയായപ്പോഴാണ് കേരളത്തിലെ പ്രബുദ്ധരെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന എസ്എഫ്‌ഐക്കാര്‍ക്ക് ബോധോദയമുണ്ടാകുന്നത്. അന്ന് വിശാലിന്റെ മരണം സംബന്ധിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ അച്ഛന്‍ വേണുഗോപാലിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. വിശാലിന്റെ മരണം സമൂഹമനസാക്ഷിയെ ബാധിച്ചതല്ലെന്നും ആസൂത്രിത കൊലപാതകമല്ലെന്നും ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിലൂടെ നീതിക്കായി വിശാലിന്റെ അച്ഛന്‍ നടത്തുന്ന പോരാട്ടത്തിന് തടയിടാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.

About the author

Vishwam

Leave a Comment

error: Content is protected !!