Videos

ലോകസംഗീതദിനത്തിൽ ഓർമ്മിക്കേണ്ടതായ ചില സംഗീതചിന്തകൾ

ആത്മഭാവങ്ങളെ അതേപടി പ്രകാശിപ്പിക്കുന്നതിൽ സംഗീതകലയ്ക്ക് മറ്റു കലകളെക്കാൾ ശേഷി കൂടുതലാകയാൽ ഏറ്റവും വിശിഷ്ടമായ കല സംഗീതമാണെന്നും, മറ്റെല്ലാ കലകളും ഇക്കാര്യത്തിൽ സംഗീതത്തെ അനുകരിക്കാനാണ് ശ്രമിക്കുന്നത്.

മനുഷ്യൻ്റെ ഭൗതികവും മാനസ്സികവുമായ ആവശ്യകതകളെ തൃപ്തിപ്പെടുത്തുന്ന രണ്ടുവിഭാഗം കലകളാണ് സോപയോഗ കലകളും (Consuming Arts) സുകുമാര കലകളും(Fine Arts). ആദ്യത്തേത് മനുഷ്യൻ്റെ ഭൗതികജീവിതരക്ഷയ്ക്കും സുഖത്തിനുമാണെങ്കിൽ, രണ്ടാമത്തേത് മനസ്സിനെ രസിപ്പിക്കാനും സംതൃപ്തിപ്പെടുത്താനുള്ളവയും ആകുന്നു. പാത്രം നിർമ്മിക്കുന്നതും, വീടുണ്ടാക്കുന്നതും, വാഹനങ്ങളും കപ്പലുകളും, പടക്കപ്പലുകളും നിർമ്മിക്കുന്നതുമെല്ലാം ഭൗതികോപയോഗികതയ്ക്കാണെങ്കിലും, അവയിലെല്ലാം സൗന്ദര്യാംശങ്ങൾ കൂട്ടിക്കലർത്താം എന്നതിനാൽ, അത്തരം സൃഷ്ടികൾ പൂർണ്ണമായ അർത്ഥത്തിൽ സോപയോഗകലകളുടെ ഗണത്തിൽ വരുന്നില്ല. ഇത്തരത്തിൽ, ഭൗതികോപയോഗധർമ്മം ഏറ്റവും കുറഞ്ഞിരിക്കുകയും, സൗന്ദര്യവൽക്കരണം അധികരിക്കുകയുമാണ് ഒരു സൃഷ്ടിയിൽ സംഭവിക്കുന്നതെങ്കിൽ, അവ സുകുമാരകലകളോട് അടുക്കുകയും, പരിപൂർണ്ണമായും ഭൗതികോപയോഗം ഇല്ലാതാകുകയാണെങ്കിൽ ആ കലാവസ്തു സമ്പൂർണ്ണമായും സുകുമാരകലകളിൽ ഉൾപ്പെടുകയും ചെയ്യുന്നു.പ്രകൃത്യാതന്നെ ആത്മാവിഷ്കാരകുതുകിയായ മനുഷ്യൻ അത് സാദ്ധ്യമാക്കുന്നതിനായി കണ്ടെത്തിയ കലാരൂപങ്ങളിൽ എറ്റവും പ്രാചീനമായ സുകുമാര കലകളിൽ ഒന്നാണ് സംഗീതം.ഇതിനോടൊപ്പം ഉത്ഭവം കൊണ്ടിട്ടുള്ള ഇതര കലകളായ ചിത്രരചന, പ്രതിമാകരണം, നൃത്തം, നൃത്യം, മറ്റ് വിവിധങ്ങളായ മതാനുഷ്ഠാനങ്ങളുടെ ഭാഗമായി വ്യത്യസ്ത ജനസമൂഹങ്ങളിൽ ഉദയംകൊള്ളുകയും നിലനിന്നുപോരികയും ചെയ്യുന്ന കലാവിഷ്കാരങ്ങളും സുകുമാരകലകളുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്.ഇവയുടെയെല്ലാം രംഗ പ്രവേശനത്തിനു ശേഷമാണ് സാഹിത്യകല, ആദ്യം വാമൊഴിയായും, പിന്നീട് ലിഖിതരൂപത്തിലും ആവിഷ്കാരം കൊണ്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർ അത്തരം സർഗ്ഗപ്രക്രിയകളിൽ ഭാവനാ ജീവിതത്തെ ഭാഷ എന്ന മാധ്യമത്തിലൂടെ ആവിഷ്കരിക്കുന്നത് സാഹിത്യവും, നാദമാകുന്ന മാധ്യമത്തെ കടിഞ്ഞാണിട്ട് മെരുക്കുന്നത് സംഗീതവും, ബ്രഷും, ചായവും, അതിൻ്റെ ഹിതാനുസാരപ്രയോഗം സാധ്യമാക്കുന്ന ക്യാൻവാസ് എന്ന മാധ്യമത്താൽ ഉത്ഭവംകൊള്ളുന്ന കലയെ ചിത്രരചന എന്നും, പ്രകൃതിജന്യമായ തടി, ലോഹം, കളിമണ്ണ്, കരിങ്കല്ല്, സിറാമിക്സ്, മാർബിൾ എന്നിവയെ മാധ്യമമാക്കിയാൽ അത് ശില്പവേലയും, കരചരണാദികളുടെ താളബദ്ധചലനങ്ങളെ മനോഭാവങ്ങളുടെ ആവിഷ്കാരത്തിന് മാധ്യമമാക്കിയാൽ അത് നൃത്തവും, വേഷഭാവപ്പകർച്ചയിലൂടെ അത് സാധ്യമാക്കുമ്പോൾ അഭിനയകലയും ആയിത്തീരുന്നു.
സംഗീത സാഹിത്യാദികളായ സുകുമാരകലകളുടെ പ്രഥമലക്ഷ്യം, മനസ്സിനെ രസിപ്പിക്കുകയാണെങ്കിലും, പരോക്ഷമായി അവയെല്ലാം ജീവിതത്തെ കൂടുതൽ സുന്ദരമാക്കാനുള്ള പ്രേരണകൂടി നൽകുന്നതിനാൽ, ഭൗതികജീവിതോപയോഗികത എന്ന ധർമ്മം സുകുമാരകലകൾക്കും ഉണ്ട്. ജീവിതായോധനത്തിന് ആവശ്യമായതിൽ കവിഞ്ഞുള്ള വ്യക്തിസത്തയുടെ ഉല്പന്നങ്ങളാണ് കലകൾ.ഈ വ്യക്തിസത്തയുടെ വ്യാപാരം ജന്തുസഹചമായ പരിമിതപ്രേരണകളെ അധികരിക്കുമ്പോഴാണ് കല രൂപംകൊള്ളുന്നതെന്ന് പ്രശസ്ത കലാചിന്തകനായ റോജർ ഫ്രൈ അഭിപ്രായപ്പെട്ടത് ഇവിടെ സ്മരണീയമാണ്.
ഇത്തരത്തിൽ കേവലനാദം മാധ്യമമായിട്ടുള്ള കലയാണ് സംഗീതമെന്ന് നാം കാണുന്നു. മനോഭാവങ്ങളുടെ മൂർത്തരൂപമാകാൻ ഏറ്റവും വഴങ്ങിക്കൊടുക്കുന്ന ഒന്നാണീ മാധ്യമം. ഈയൊരൊറ്റക്കാരണത്താൽത്തന്നെ മറ്റു കലകളെ അപേക്ഷിച്ച്, സംഗീതത്തിന് വികാരാവിഷ്കരണത്തിനും വികാരോത്തേജനത്തിനുമുള്ള ശക്തി പതിന്മടങ്ങ് കൂടുതലാണ്.സംഗീതം ഗാതാവിൻ്റെ ആത്മാവസ്ഥകളെ ഏറ്റവും സചേതനമായി പ്രതിഫലിപ്പിക്കുന്നു.മറ്റെല്ലാത്തരം കലകളിലും രൂപവും ഭാവവും വേറിട്ടു വർത്തിക്കുമ്പോൾ രൂപഭാവങ്ങയുടെ തന്മയീകരണം അവയെ പരസ്പരം വേർതിരിക്കാനാവാത്തവണ്ണം സംഗീതകലയിൽ ഏകമാത്രമായി വർത്തിക്കുന്നു. അതായത് രൂപം തന്നെ ഭാവമാവുകയും, ഭാവംതന്നെ രൂപമായി മാറുകയുംചെയ്യുന്ന ഇത്തരമൊരിന്ദ്രജാലം മറ്റൊരു കലയിലും കാണപ്പെടുന്നില്ല. സംഗീതത്തിന് കോപം, ധീരത, പ്രശാന്തത തുടങ്ങിയ മനോഭാവങ്ങളെ മാറ്റമോ, ലോപമോ കൂടാതെ ആവിഷ്കരിക്കാൻ കഴിയുമെന്ന് അരിസ്റ്റോട്ടിലിന് പണ്ടേ ബോദ്ധ്യമുണ്ടായിരുന്ന സംഗതിയായിരുന്നു.(In rhythem and melodies, we have the most realistic imitation of anger and mildness as well as of courage, temperance and all other opposites. Aristotle – Poetics) ആത്മഭാവങ്ങളെ അതേപടി പ്രകാശിപ്പിക്കുന്നതിൽ സംഗീതകലയ്ക്ക് മറ്റു കലകളെക്കാൾ ശേഷി കൂടുതലാകയാൽ ഏറ്റവും വിശിഷ്ടമായ കല സംഗീതമാണെന്നും, മറ്റെല്ലാ കലകളും ഇക്കാര്യത്തിൽ സംഗീതത്തെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഹെഗലും പ്രസ്താവിക്കുന്നു.സംഗീതം ആശയാദികളെ അവലംബിക്കാതെ നേരെ ഹൃദയത്തെ സ്പർശിക്കുന്നു എന്ന കാൻ്റിൻ്റെ പ്രസ്താവവും ഇവിടെ സ്മരണീയം.(Music is the copy of the will itself. Critique Of Pure Reason – lmmanuel Kant) സംഗീതമില്ലാത്ത ജീവിതം ഒരു അബദ്ധമായിരിക്കുമെന്നാണ് നീഷ്ചേയുടെ തീർപ്പ്.( Life without music would be a mistake.Thus Spoke Sarathushtra – Frederic Neitzsche)

രാജേന്ദ്രൻ പോത്തനാശ്ശേരി  92498 99403

തൊടുപുഴ,
ജൂൺ21,2022.

About the author

Subhash Krishnan

Leave a Comment