ജീവിതം നശ്വരമാണ്. മരണം ഒഴിവാക്കാന്‍ കഴിയില്ല, അത് എപ്പൊഴാണെന്നറിയില്ല. മരിക്കുമ്പോള്‍ ഉടുവസ്ത്രം പോലും ആരും കൊണ്ടുപോകുന്നില്ല.അതിനാല്‍ നൂറ്, ആയിരം, ലക്ഷം,കോടി എന്നിങ്ങനെ ധനവും വസ്തുക്കളും കൂട്ടിവച്ചിട്ട് കാര്യമില്ല. ആഗ്രഹങ്ങള്‍ വളരെ കുറച്ചു, ദൈവത്തെയും ഗുരുവിനെയും സ്മരിച്ച്, അറിവുള്ളവരേയും മുതിര്ന്നവരേയുംആദരിച്ചുവേണം ജീവിക്കാന്‍.
ശ്രീഗുരുവായൂരപ്പന് തന്റെ ഭക്തരില്‍ കുറെപ്പേരെ മഹാകവികളാകാന് അനുഗ്രഹിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും പ്രശ്സരായ രണ്ടുപേരാണ് മേല്പത്തുരും പൂന്താനവും. ഒരേകാലത്ത്, 500 വര്‍ഷംമുമ്പു ജീവിച്ചിരുന്നവര്‍. ഒരാള്‍ കഠിന സംസ്കൃതത്തിലും മറ്റേയാള്ലളിത മലയാളത്തിലും രണ്ടു സുപ്രധാന കാവ്യങ്ങള്‍ ഭഗവാനു നിവേധിച്ചു- നാരായണീയവും ജ്ഞാനപ്പാനയും.ആ കവികളെ ക്ഷേത്രം എല്ലാ വര്‍ഷവും അനുസ്മരിക്കാറുള്ളത് നല്ല കാര്യം.
എന്നാല്‍ പഴങ്കഥയിലെപ്പോലെ, ഈ രണ്ടു കൃതികളെ നാം രണ്ടു തട്ടില്‍ കാണുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നാട്ടിലെങ്ങും അമ്മമാരുടെ നാരായണീയ പാരായണഘോഷം കേള്‍ക്കാറുണ്ട്, പലേടത്തും അര്ത്ഥമാറിയാതെയും അബദ്ധങ്ങളോടെയുമാണെന്നതുപോകട്ടെ, എന്തുകൊണ്ടു വായനയുടെ പരിസമാപ്തിയില്ലെങ്കിലും അവര്‍ക്കു ജ്ഞാനപ്പാനയും ചൊല്ലിക്കുടാ എന്ന ന്യായമായ ചോദ്യംഅവശേഷിക്കുന്നു. ഏതു സാധാരണക്കാരനും എളുപ്പത്തില്‍ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുന്നതാണല്ലോ ജ്ഞാനപ്പാന. ഭാഗവാന് ഏറെ ഇഷ്ടപ്പെട്ടതുമാണ്. അതിനാല്‍ ജ്ഞാനപ്പാനയുടെ പ്രചാരണത്തിനുവേണ്ടി ഒരു പ്രത്യക സമിതി ഉണ്ടാക്കുന്നതും അഭികാമ്യമാണ്.
‘നഹിജ്ഞാനേനസദൃശം
പവിത്രമീഹവിദ്യതേ’
എന്ന ഗീതയില്‍ ഭഗവന്‍ പറഞ്ഞിട്ടുണ്ടല്ലോ. ജ്ഞാനത്തെപ്പോലെപരിശുദ്ധമായി മറ്റൊന്നുമില്ല എന്നും, എല്ലാ കര്‍മ്മങ്ങളും ജ്ഞാനത്തില്‍ അവസാനിക്കുന്നുവെന്നും ജ്ഞാനത്തില്‍ നിന്നു പരമമായ ശാന്തി ലഭിക്കുന്നുവെന്നുമെല്ലാം ഭഗവാന് വിവരിക്കുന്നുണ്ട്. ഭഗവാന്റെ ഈ വാക്കുകള്‍ ഉള്‍കൊണ്ടുതന്നെയാണ് ഗീതാസാരത്തിനു സമമായ ജ്ഞാനപ്പാനയുടെ രചന പൂന്താനം നിര്‍വഹിച്ചിട്ടുള്ളത്. അതിനാല്‍ ജ്ഞാനപ്പാനയെ കൂടുതല്‍ പ്രചരിപ്പിക്കുന്നവര്‍ ഭഗവദ്ഗീതയേയും ഭഗവാനെയും ഉപാസിക്കുകയാണെണെന്നു തന്നെ പറയണം. പണ്ടൊക്കെ ക്ഷേത്രങ്ങളില്‍ നിന്നുപി.ലീല ആലപിച്ച ജ്ഞാനപ്പാനയുടെ കാസറ്റ് സുലഭമായി കേട്ടിരുന്നു. ശബ്ദശല്യവും മറ്റും പറഞ്ഞ് അത് അപൂര്‍വ്വമായി കഴിഞ്ഞു. പഴയ മലായള പാഠാവലികളില്‍ ജ്ഞാനപ്പാനയിലെ വരികള്‍ സ്ഥാനം പിടിച്ചിരുന്നതും വികല വിദ്യാഭ്യാസനയങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും കുറഞ്ഞിരിക്കയാണിപ്പോള്. സമൂഹത്തില്‍ കാലുഷ്യങ്ങള്‍ പെരുകാന്‍ ഒരു കാരണം ഇതാണെന്നു പറഞ്ഞാല്‍ തെറ്റില്ല.
എന്താണ് ‘ജ്ഞാനപ്പാന’ പറയുന്നതെന്ന് അറിയണ്ടേ? ജീവിതം നശ്വരമാണ്. മരണം ഒഴിവാക്കാന്‍ കഴിയില്ല, അത് എപ്പൊഴാണെന്നറിയില്ല. മരിക്കുമ്പോള്‍ ഉടുവസ്ത്രം പോലും ആരും കൊണ്ടുപോകുന്നില്ല.അതിനാല്‍ നൂറ്, ആയിരം, ലക്ഷം,കോടി എന്നിങ്ങനെ ധനവും വസ്തുക്കളും കൂട്ടിവച്ചിട്ട് കാര്യമില്ല. ആഗ്രഹങ്ങള്‍ വളരെ കുറച്ചു, ദൈവത്തെയും ഗുരുവിനെയും സ്മരിച്ച്, അറിവുള്ളവരേയും മുതിര്ന്നവരേയുംആദരിച്ചുവേണം ജീവിക്കാന്‍.
നാം ജനിക്കുന്നത് ഒപ്പമല്ല, മരിക്കുന്നതും ഒപ്പമല്ല, ജീവിതമാകട്ടെ നീര്‍പ്പോള പോലെ വേഗത്തില്‍ പൊട്ടിപ്പോകുന്നതാണ്. ഇത്തിരി നേരത്തേക്ക് മാത്രമുള്ള ഈ കൂടിക്കഴിയലില് എന്തിനാണ് നാം മത്സരിക്കുന്നത് ? ശത്രുത പുലര്‍ത്തുന്നത് ? വിനയവും വിദ്യയുമാണ് ഒരാളുടെ വലിയ അലങ്കാരവും ധനവും.
സര്‍വ്വശക്തനായ ദൈവം ആണ് എല്ലാവരുടെയും പിതാവ്. എല്ലാം തന്നു പോറ്റുന്ന പ്രകൃതിയാണ് മാതാവ്. അങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും മക്കളായ നാം സഹോദരഭാവേന സ്നേഹത്തോടെ വേണം ജീവിക്കാന്‍. സകലജീവികളോടും ഈ സ്നേഹമുണ്ടാകണം. അതുവഴി സുലഭമായി കൈവന്ന മനുഷ്യജീവിതം സല്കര്മ്മങ്ങളാല് സഫലമാക്കുകയും വേണമെന്നാണ് ജ്ഞാനപ്പാനയുടെ ഉദ്ബോധനം. ഇത് ജാതിയും മതത്തിനും രാജ്യാതിര്‍ത്തികള്‍ക്കും അതീതമായി എല്ലാ മനുഷ്യര്‍ക്കും സ്വീകരിക്കാവുന്ന സത്യങ്ങളല്ലേ?
അതെ, ഇളം പ്രായത്തില്‍ തന്നെ ഈ ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ സ്വഭാവമഹിമയുള്ളവരായി വളരും. സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ കുറയുകയും ചെയ്യും. പക്ഷേ മതത്തിന്റെയും മറ്റു സ്വാര്‍ത്ഥതാല്പര്യങ്ങളുടേയും കണ്ണടവെച്ചു എന്തും കാണുന്ന ഭരണാധികാരികളില്‍ നിന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ ?
ഗുരുവായൂരില്‍ മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കുവാന്‍ ആളുകള്‍ സന്നദ്ധരാകണം. അതു പൂന്താനദിനത്തില്‍ മാത്രമായി ഒതുക്കേണ്ട. ഭഗവത്ഗീതാ ദിനത്തിലും ശ്രീകൃഷ്ണ ജയന്തിയിലും രാമായണ മാസത്തിലും ഉചിതമായ ഭാഗങ്ങള്‍ ചൊല്ലിക്കൊണ്ട് ജ്ഞാന പ്രദക്ഷിണമാകാം. ചില ക്ഷേത്രങ്ങളില്‍ രണ്ടു മൂന്നു വര്‍ഷങ്ങളായി അങ്ങനെ ചെയ്തുവരുന്നുണ്ട്. ഇത് വിശേഷിച്ചു കുട്ടികളില്‍ ജീവിതാവബോധവും മാനവികതയും മലയാള ഭാഷാ സ്നേഹവും ഒരേസമയം വളര്‍ത്തിയെടുക്കുന്നതാണ്. അതിനാല്‍ ഈ ലേഖനം വായിക്കുന്ന സുമനസ്സുകളായവര് അവരുടെ ഇടങ്ങളില്‍ ജ്ഞാന പ്രദിക്ഷണത്തിന്റെ സംഘാടകരായി മാറ്റണമെന്നാണ് എന്റെ അപേക്ഷ. നന്മയും ശക്തിയും ഐക്യവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ആകാവുന്നതൊക്കെ നമുക്ക് ചെയ്യാം.