Delhi English India Spiritual

സ്വാമി ദയാനന്ദ സരസ്വതി: ആര്യസമാജത്തിന്റെ പ്രചാരകനും ശക്തനായ പരിഷ്കരണവാദിയുമായ സന്യാസി

Written by Subhash Krishnan

സ്വാമിജിയെപ്പറ്റി പ്രസിദ്ധ ഫ്രഞ്ച് ലേഖകന്‍ റോമാറോളാങ് എഴുതി ”ദയാനന്ദ സരസ്വതി ഗീതയുടെ നായകന്‍ ശ്രീകൃഷ്ണനെപ്പോലെയായിരുന്നു. അദ്ദേഹത്തില്‍ ഹെര്‍കുലിസിന്റേതു പോലെ അസാമാന്യ ശക്തിയുണ്ടായിരുന്നു. വാസ്തവത്തില്‍ ശങ്കരാചാര്യര്‍ക്കു ശേഷം ഇതുപൊലെ മഹാബുദ്ധിമാനായി ഒരാള്‍ ഉണ്ടായിട്ടില്ല

ദയാനന്ദ സരസ്വതി 1824 ഫെബ്രുവരി 12ന് ഗുജറാത്തിലെ ടങ്കാറാ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കിര്‍സന്‍ജി ത്രിവേദി പേരുകേട്ട ശിവഭക്തബ്രാഹ്‌മണനായിരുന്നു. അമ്മ യശോദാബായി നല്ല ധര്‍മനി പുണയായിരുന്നു. മൂലം നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ മകന് അവര്‍ മൂലശങ്കര്‍ എന്നു വിളിച്ചു. ശൈശവത്തില്‍ത്തന്നെ നല്ലതെളിഞ്ഞ ബുദ്ധി ശക്തി പ്രദര്‍ശിപ്പിച്ച് മൂലശങ്കര്‍ രണ്ടാം വയസ്സില്‍ ഉച്ചാരണശുദ്ധി യോടെ ഗായത്രി മന്ത്രം ജപിക്കുമായിരുന്നു. നാലുവയസ്സായപ്പൊഴേക്കും മുഴുവന്‍ സംസ്‌കൃത വ്യാകാരണവും സാമവേദവും, യജുര്‍വേദവും കാണാപ്പാഠമാക്കി. വലിയ ശിവഭക്തനായി വളര്‍ന്ന മൂലശങ്കര്‍ ഒരു ശിവരാത്രിക്ക് ഉറക്കമിളക്കാന്‍ ശിവക്ഷേത്രത്തില്‍ പോയി. അപ്പോള്‍ ഒരു എലി ശ്രീകോവിലില്‍ കയറി ശിവലിംഗത്തില്‍ ചാടി മറിഞ്ഞു പ്രസാദം തിന്നത് കണ്ടു. അതോടെ അദ്ദേഹത്തിന് വിഗ്രഹാരാധനയില്‍ വിശ്വാസം നശിച്ചു.

1840 ല്‍ സഹോദരിയും 1842 ല്‍ ഇളയച്ഛനും മരിച്ചപ്പോള്‍ മൂല ശങ്കരന് ലോകത്തിന്റെ നശ്വരതയെപ്പറ്റി ബോധമുണ്ടായി. വൈരാഗ്യം വന്ന് മരണത്തിന്മേല്‍ വിജയം നേടാനുള്ള വഴികളെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. അച്ഛന്‍ കിര്‍സന്‍ജി മൂലശങ്കറിനെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. 1845ല്‍ ഗൃഹം ഉപേക്ഷിച്ച് ആത്മജ്ഞാനം തേടി പുറപ്പെട്ടു. സായലാ ഗ്രാമത്തിലെ ഒരു ബ്രഹ്‌മചാരിയില്‍ നിന്നു ദീക്ഷ സ്വീകരിച്ചു. അവിടെ അദ്ദേഹത്തിന് ശുദ്ധചൈതന്യ എന്ന ദീക്ഷാനാമം നല്കപ്പെട്ടു. സിദ്ധപൂരിലെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ചൈതന്യത്തില്‍ പോയി. അവിടെ സ്വാമി പൂര്‍ണാനന്ദജിയുടെ സന്നി ധിയിലെത്തി. അദ്ദേഹത്തിന്റെ ജിജ്ഞാസയും ത്യാഗമനോഭാവവും ബോധ്യപ്പെട്ട പൂര്‍ണാനന്ദന്‍ സന്യാസ ദീക്ഷ നല്‍കി. അന്നു അദ്ദേഹം സ്വാമി ദയാനന്ദ സരസ്വതിയായി. 1855 വരെ സ്വാമിജി മൗണ്ട് അബുവില്‍ ഒരു തപസ്വിയോടൊപ്പം യോഗ സാധനകളനുഷ്ഠിച്ചു. അവിടെ വയോവൃദ്ധസ്വാമി സംപൂര്‍ണാനന്ദജിയുടെ സമ്പര്‍ക്കത്തില്‍ വന്നു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് 1857 ലെ വിപ്ലവ നേതാവ് നാനാസാഹിബ് പേഷ്വയെ സമ്പര്‍ക്കം ചെയ്തു. സമരത്തില്‍ പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരം പരാജയപ്പെട്ട ശേഷം ദയാനന്ദന്‍ മഥുരയില്‍ പോയി വേദങ്ങളും വ്യാകരണവും അഭ്യസിച്ചു. സ്വാമി നിരജാനന്ദനായിരുന്നു ഗുരു. അദ്ദേഹം ഗുരുദക്ഷിണയായി പാഖണ്ഡതയെ എതിര്‍ക്കുമെന്ന ശപഥമാണാവശ്യപ്പെട്ടത്. അതു സ്വീകരിച്ച് രാജ്യത്തില്‍ നിന്ന് അജ്ഞാനാന്ധകാരവും പാഖണ്ഡതയും അകറ്റാനായി പ്രാചീന വൈദിക ആര്യസഭ്യതക്കു പ്രചാരം നല്കാന്‍ പുറപ്പെട്ടു. അലിഗഡിലെ താമസത്തിനിടെ രാജാ ജയകൃഷ്ണദാസിന്റെ നിര്‍ബന്ധത്താല്‍ സ്വാമിജി പ്രസിദ്ധമായ കൃതി സത്യാര്‍ഥ പ്രകാശം’ പ്രസിദ്ധീകരിച്ചു. 1875 ഏപ്രില്‍ 10ന് മുംബൈയില്‍ ആര്യസമാജം സ്ഥാപിച്ചു. അതെ തുടര്‍ന്ന് വിദ്യാഭ്യാസ പ്രചാരണത്തിന് ധാരാളം സംസ്‌കൃതപാഠശാലകളും, ഗുരുകുലങ്ങളും ദയാനന്ദ ആംഗ്ലോ ദിക വിദ്യാലയങ്ങളും സ്ഥാപിതമായി.

സ്ത്രീവിദ്യാഭ്യാസത്തിനും, നാരീജാഗരണത്തിനും സ്വാമിജി വലിയ പ്രാധാന്യം നല്കി. അതിനായി കന്യാഗുരുകുലങ്ങള്‍ തുടങ്ങാന്‍ ശിഷ്യരെ പ്രേരിപ്പിച്ചു. ലഖാറാം, സ്വാമി ശ്രദ്ധാനന്ദന്‍, ലാലാലജ്പത്‌റായി, മഹാത്മാ ഹന്‍സരാജ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖരില്‍ പെടുന്നു. 1882 മെയില്‍ സ്വാമിജി ജോധ്പൂരിലെത്തി. അവിടത്തെ രാജാവ് നഹ്നിജാന്‍ എന്ന വേശ്യയില്‍ ആസക്തനായിരുന്നു. സ്വാമിജിയുടെ വാക്ക് കേട്ട് രാജാവ് വേശ്യാബന്ധം ഉപേക്ഷിച്ചു. അതില്‍ രോഷം പൂണ്ട നഹ്നിജാന്‍ സ്വാമിജിയുടെ പാചകക്കാരന്‍ ജഗന്നാഥന് പണം കൊടുത്ത് കറിയില്‍ വിഷവും കണ്ണാടിച്ചില്ലു പൊടിച്ചതും കലക്കി ഭക്ഷണത്തോടൊപ്പം കൊടുപ്പിച്ചു. 1883 ഒക്ടോബര്‍ 30ന് സന്ധ്യക്ക് ഈശ്വരസ്തുതി പാടിക്കൊണ്ട് സ്വാമിജി ശരീരം ഉപേക്ഷിച്ചു. അന്നു ദീപാവലി പ്രമാണിച്ച് എങ്ങും പ്രകാശത്തില്‍ കുളിച്ചു നില്‍ക്കെ, ആ നക്ഷത്രം പൊലിഞ്ഞു. സ്വാമിജിയെപ്പറ്റി പ്രസിദ്ധ ഫ്രഞ്ച് ലേഖകന്‍ റോമാറോളാങ് എഴുതി ”ദയാനന്ദ സരസ്വതി ഗീതയുടെ നായകന്‍ ശ്രീകൃഷ്ണനെപ്പോലെയായിരുന്നു. അദ്ദേഹത്തില്‍ ഹെര്‍കുലിസിന്റേതു പോലെ അസാമാന്യ ശക്തിയുണ്ടായിരുന്നു. വാസ്തവത്തില്‍ ശങ്കരാചാര്യര്‍ക്കു ശേഷം ഇത് മഹാബുദ്ധിമാനായി ഒരാള്‍ ഉണ്ടായിട്ടില്ല. ആദ്യമായി സ്വദേശി എന്ന വാക്കുപയോഗിച്ചത് ദയാനന്ദ സരസ്വതി ആയിരുന്നു. ഭാരതം ഭരതവാസികളുടെതാണെന്ന് അദ്ദേഹംഉദ്‌ഘോഷിച്ചു. അദ്ദേഹം വേദങ്ങളെ സാധാരണക്കാര്‍ക്കും എളുപ്പം ലഭ്യമാക്കി. ഹിന്ദുധര്‍മത്തിലേക്കുള്ള തിരിച്ചു വരവിനായി അദ്ദേഹം ശുദ്ധി എന്നു പ്രസ്ഥാനം തുടങ്ങി. മുഗള്‍ ഭരണകാലത്തു മുസ്ലീങ്ങളാക്കപ്പെട്ട 60000 ല്‍ പരം മല്‍ക്കാനേ രജപുത്രന്മാരെ അദ്ദേഹം ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. സത്യാര്‍ത്ഥപ്രകാശം, ഉപദേശമഞ്ജരി, ഋഗ്വേദഭാഷ്യം, യജുര്‍വേദഭാഷ്യം എന്നിവയാണ് ദയാനന്ദ സരസ്വതിയുടെ പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങള്‍.

 

 

 

About the author

Subhash Krishnan

Leave a Comment