Kerala Organizational News

അങ്ങാണ് എന്റെ പ്രചോദനം എന്ന പുസ്തകം, റിപ്പബ്ലിക് ദിനത്തില്‍, എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയില്‍ സമര്‍പ്പിച്ചു കൊണ്ടു പി.ഐ. ശങ്കരനാരായണന്‍.

Written by Subhash Krishnan

‘അങ്ങാണ് എന്റെ പ്രചോദനം’ എന്ന പുസ്തകം ഒരു പൂവിനൊപ്പം ഗാന്ധി പ്രതിമയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രകാശനം

കൊച്ചി : എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനു മുന്നില്‍ വേറിട്ട ഒരു റിപ്പബ്ലിക് ദിനാഘോഷം. ‘അങ്ങാണ് എന്റെ പ്രചോദനം’ എന്ന ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നു. കവി പി.ഐ. ശങ്കരനാരായണനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ‘അങ്ങാണ് എന്റെ പ്രചോദനം’ എന്ന പുസ്തകം ഒരു പൂവിനൊപ്പം ഗാന്ധി പ്രതിമയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രകാശനം. ഗാന്ധിജി വര്‍ജ്ജിക്കാന്‍ പറഞ്ഞ ഏഴു പാപങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ടും വ്യക്തിയില്‍ അന്തര്‍ലീനമായ നന്മയെ ഉന്മീലനം ചെയ്യുന്നതാകണം വിദ്യാഭ്യാസം എന്ന ഗാന്ധിവാക്യം ഉദ്ധരിച്ചു കൊണ്ടും ശങ്കരനാരായണന്‍ സംസാരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഗാന്ധിഭവനു മുന്നില്‍, ആദ്ദേഹം ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. ഗാന്ധിജിക്കു പ്രിയപ്പെട്ട ‘ രഘുപതി രാഘവ … ‘ രീതിയില്‍ പുസ്തകത്തില്‍ നിന്നുള്ള ‘ആത്മചൈതന്യമേ ‘ എന്ന പ്രാര്‍ത്ഥന സംഗീതജ്ഞന്‍ ടി.പി. വിവേക് ആലപിച്ചു.
‘അഖില ചരാചര ജീവാത്മന്‍
നിരുപമ നിര്‍മ്മല നിത്യാത്മന്‍
കരുണാ സാഗര പരമാത്മന്‍
ശരണം നീയേ സത്യാത്മന്‍ ..’ എന്നിങ്ങനെയായിരുന്നു വരികള്‍. ഗാന്ധി പീസ് ഫൗണ്ടേഷന്‍, ഗാന്ധിയന്‍ കൂട്ടായ്മ , പരിസ്ഥിതി സംരക്ഷണ സമിതി, മദ്യ വിരുദ്ധ സമിതി, എറണാകുളം വികസന സമിതി എന്നിവയില്‍ നിന്നുള്ള എസ്. സാഗരന്‍, ഡോ.കെ.രാധാകൃഷ്ണന്‍ നായര്‍ , ആന്റണി, ഏലൂര്‍ ഗോപിനാഥ് , കെ. വിശ്വനാഥന്‍, കെ.എസ്. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

About the author

Subhash Krishnan

Leave a Comment