India Kerala Special

കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

Written by Subhash Krishnan

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന. പ്രായമായവര്‍ക്കും മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പു നല്‍കി. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും കൂടിയേക്കാം. അതോടൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും കൂടാനും സാധ്യതയുണ്ട്. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22000 പിന്നിട്ടതോടെ കോവിഡ് വീണ്ടും കേരള സമൂഹത്തില്‍ ഭീതി വിതയ്ക്കുകയാണ്. തിങ്കളാഴ്ച മാത്രം 22946 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 18,123 പേര്‍ക്കായിരുന്നു രോഗം.

സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കൊറോണ അവലോകന യോഗം ചേരും. ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ കൊറോണ അവലോകന യോഗത്തില്‍ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും പോലീസ് സേനയിലും കൊറോണ വ്യാപനം കൂടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.

 

 

About the author

Subhash Krishnan

Leave a Comment