‘ഇരുമ്പ് പേശികളും’ ‘ഉരുക്ക് ഞരമ്പുകളും’ ഉപയോഗിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും സാമൂഹിക മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്ന സ്വാമി വിവേകാനന്ദന് ഓരോ കുട്ടിയിലും രാജ്യത്തിന്റെ ഭാവി കണ്ടു.
ന്യൂഡല്‍ഹി: ദേശീയ യുവജനദിനം 2022: സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ദേശീയ യുവജനദിനം ആഘോഷിക്കുന്നു. വിവേകാനന്ദന്റെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി 1984-ല്‍ ദേശീയ യുവജനദിനം ആഘോഷിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ആദ്യമായി പ്രഖ്യാപിച്ചു. അത് യുവാക്കളുടെ ഊര്‍ജ്ജത്തെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനുമുള്ള ഒരു മികച്ച മാര്‍ഗമാണെന്ന്
ഗവണ്മെന്റിന് അറിയാമായിരുന്നു. ‘ഇരുമ്പ് പേശികളും’ ‘ഉരുക്ക് ഞരമ്പുകളും’ ഉപയോഗിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും സാമൂഹിക മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്ന സ്വാമി വിവേകാനന്ദന് ഓരോ കുട്ടിയിലും രാജ്യത്തിന്റെ ഭാവി കണ്ടു.
ജനുവരി 12 രാജ്യത്തിന് വളരെ സവിശേഷമായ ദിവസമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ സ്വാമി വിവേകാനന്ദന് തന്റെ കഴിവുകള്‍ ലോകമെമ്പാടും അംഗീകരിക്കുകയായിരുന്നു. 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച് അദ്ദേഹം നടത്തിയ ചരിത്രപരമായ പ്രസംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി യുവാക്കള്‍ വലിയ ഉയരങ്ങള്‍ നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും ഈ ദിനം ആഘോഷിക്കല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നിരവധി സര്‍ക്കാര്‍ സംഘടനകള്‍ ദേശീയ യുവജനദിന പരിപാടികളില്‍ പങ്കെടുക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ജനുവരി 12-ലെ ഒരു പ്രധാന പരിപാടി ദേശീയ യുവജനോത്സവമാണ്, അവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുകൂടുകയും അവര്‍ക്കിടയില്‍ ഐക്യവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
സ്വാമി വിവേകാനന്ദന്റെ ജീവിതം
ലോകമെങ്ങും ഭാരത സംസ്കാരത്തിന്റെ വെന്നിക്കൊടി പാറിച്ച സ്വാമിവിവേകാനന്ദന്റെ ചെറുപ്പത്തിലെ പേര് നരേന്ദ്രനാഥ് എന്നായിരുന്നു. ഉത്തര കല്‍ക്കത്തയിലെ സിമുലിയാ സിംല സ്ട്രീറ്റില്‍ 1863 ജനുവരി 12നാണദ്ദേഹം ജനിച്ചത്. അച്ഛന് വിശ്വനാഥദത്ത് ആയിരുന്നു. മുത്തച്ഛന് ദുര്ഗാചരണ് ദത്ത് സന്യാസിയായി. വിശ്വനാഥദത്ത് നല്ല വക്കീലും സാഹിത്യത്തിലും ദര്‍ശനത്തിലും അതീവ താത്പര്യ മുള്ളയാളുമായിരുന്നു. അമ്മ ഭുവനേശ്വരീദേവി യാഥാസ്ഥിതിക ചിന്താഗതിക്കാരിയുമായിരുന്നു. ഈ അന്തരീക്ഷം നരേന്ദ്രനില്‍ വന്‍ സ്വാധീനമുണ്ടാക്കി. ശിവശങ്കരഭഗവാനെപ്പോലെയുള്ള പുത്രനെ ലഭിക്കണമെന്ന പ്രാര്‍ത്ഥന ഭുവനേശ്വരിദേവിയ്ക്ക് ഫലിച്ചു. സ്വപ്നത്തില്‍ പരമശിവന് പ്രത്യക്ഷപ്പെട്ട് അവരെ അനുഗ്രഹിച്ചിരുന്നുവെത്രെ.നരേന്ദ്രദത്ത് ബാല്യത്തില്‍ വികൃതിയും കുസൃതിയുമായിരുന്നു. അത് വീട്ടിലുള്ളവരെ വളരെ ബുദ്ധിമുട്ടിച്ചിട്ടുമുണ്ട്. ഭുവനേശ്വരി ദേവി നമശ്ശിവായ ജപിച്ച് മകന്റെ തലയില്‍ വെള്ളമൊഴിച്ചു കൊടുക്കുമ്പോള്‍ അവന് അടങ്ങുമായിരുന്നു. അമ്മ രാമായണവും മഹാഭാരതവും കഥകള്‍ പറയുന്നതു കേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. കുറച്ചു വലുതായപ്പോള്‍ ധ്യാനിച്ചിരിക്കുന്ന ശീലം തനിയെവന്നു. ധ്യാനാവസ്ഥയില്‍ ഭൂമധ്യത്തിലായി ഗോളത്തിലുള്ള ഒരു വസ്തു കാണപ്പെടുമായിരുന്നത്. അഞ്ചാം വയസ്സില്‍ എഴുത്തിനിരുത്തി. മെട്രോപൊലിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ത്തു.
14-ാം വയസ്സില്‍ ഉദരരോഗം ബാധിക്കയാല്‍ മാറിയ അന്തരിക്ഷത്തില്‍ ജീവിക്കാന്‍ 1877 ല്‍ റായ്പൂരില്‍ രണ്ടുവര്‍ഷം താമസിച്ചു. നാഗ്പൂരിലേക്കു തീവണ്ടിയിലും അവിടന്ന് കാളവണ്ടിയില്‍ റായ്പൂരിലുമെത്താന് 15 ദിവസം വേണ്ടി വന്നു. ഈ യാത്ര ആ കിശോരമനസ്സില് വലിയ സ്വാധീനമുണ്ടാക്കി. റായ്പൂരില്‍ സ്കൂളില്‍ സ്ഥലമില്ലായിരുന്നതിനാല് വിശ്വനാഥദത്ത് വീട്ടില്‍ത്തന്നെ പഠിപ്പിനു ഏര്‍പ്പാട് ചെയ്തു. രണ്ടുവര്‍ഷത്തെ റായ്പൂര്‍ വാസത്തിനുശേഷം കല്ക്കത്തയിലേക്കു മടങ്ങി, മെട്രിക് പരീക്ഷ ഒന്നാം ക്ലാസില്‍ ജയിച്ചു. നരേന്ദ്രനാഥന്‍ ജനിക്കുന്നതിനു മുമ്പു തന്നെ ബംഗാളില്‍ സാമൂഹ്യപരിഷ്കരണ ശ്രമങ്ങള്‍ വളര്‍ച്ച പ്രാപിച്ചിരുന്നു. രാജാറാം മോഹന്റായ്, കേശവചന്ദ്രസെന്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയ മഹാന്മാര്, ഹിന്ദുസമാജത്തിലെ ദുഷ്പ്രവണതകളെയും, ദുരാചാരങ്ങളെയും അകറ്റാന്‍ പ്രയത്നം ചെയ്തു. രാമകൃഷ്ണ പരമഹംസരും ആ സമയത്ത് രംഗത്തു വന്നു.
1879 ല്‍ നരേന്ദ്രനാഥ് കോളജില്‍ ചേര്‍ന്നു. 1881 ല്‍ സുരേന്ദ്രനാഥമിശ്രയുടെ വസതിയില്‍ അദ്ദേഹം ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. പരമഹംസന് ഈ യുവാവില്‍ ഭാവി ശിഷ്യനെ കണ്ടത്തുകയും, അയാളുടെ ഭാവിയുടെ കാര്യം ഊഹിക്കുകയും ചെയ്തു. അദ്ദേഹം നരേന്ദ്രനെ ദക്ഷിണേശ്വരത്തു ചെല്ലാന്‍ ക്ഷണിച്ചു. അതനുസരിച്ച് നരേന്ദ്രനാഥ് ദക്ഷിണേശ്വരത്ത് പോയിത്തുടങ്ങി. മെല്ലെ പരമഹംസരുടെ സാന്നിദ്ധ്യത്തില്‍ മനസ്സ് രൂപാന്തരം പ്രാപിച്ചു. ആദ്യം രാമകൃഷ്ണനെ ഈശ്വര വിശ്വാസിയായി അംഗീകരിക്കാന്‍ നരേന്ദ്രന് തയ്യാറായില്ല. എന്നാല്‍ ക്രമേണ അതൊക്കെ മാറി. നരേന്ദ്രനില്‍ വിശുദ്ധ ചിത്തനായ സാധകന് കുടികൊള്ളുന്നുണ്ടെന്ന് കണ്ട് പരമഹംസന് തന്റെ അഹേതുകമായ വാത്സല്യം കോരിച്ചൊരിഞ്ഞ്, അത്യുന്നതമായ ആദ്ധ്യാത്മിക അനുഭൂതിതലത്തിലേക്കു നയിച്ചു.
നരേന്ദ്രന് ബി.എ. പരീക്ഷക്കു തയ്യാറെടുക്കുമ്പോള്‍ പെട്ടെന്ന് അച്ഛന് മരിച്ചത് കുടുംബത്തിന് കടുത്ത ആഘാതമായി. 1885 ല്‍ പരമഹംസന് അര്ബുദരോഗബാധയുണ്ടായി. നരേന്ദ്രന് അനന്യ മനസ്കനായി അദ്ദേഹത്തെ ശുശ്രൂഷിച്ചു. അതില്‍ സന്തുഷ്ടനായ രാമക ദേവന് നരേന്ദ്രന് സന്യാസ ദീക്ഷ നല്കി. അതോടെ വിവേകാനന്ദനെന്ന പുതിയ പേര് നല്കപ്പെട്ടു. ഗുരു തന്റെ മുഴുവന്‍ ചൈതന്യവും ശിഷ്യന് പകര്‍ന്നുകൊടുത്തു. അങ്ങനെ വിശ്വകല്യാണത്തിനും ഭാരതത്തിന്റെ അഭിമാന സംരക്ഷണത്തിനും ആ യുവസന്യാസി കാരണ ഭൂതനായി. 1886 ആഗസ്റ്റ് 15/16 അര്‍ദ്ധരാത്രിക്കു രാമകൃഷ്ണ പരമഹംസന് മഹാസമാധി പൂകി. തന്റെ ശിഷ്യന്മാരെ പരിപാലിക്കുന്നതിന്റെയും അവരെ ബ്രഹ്മാന്മുഖരാക്കുന്നതിന്റെയും ചുമതല രാമകൃഷ്ണന് വിവേകാനന്ദനു നല്‍കിയിരുന്നു. എല്ലാ ഗുരുഭായിമാരും വരാഹനഗര്‍ മഠത്തില്‍ താമസമാക്കി.
1888 ല്‍ തീര്‍ത്ഥാടനത്തിനായി വിവേകാനന്ദന് വരാഹനഗറില് നിന്നു പുറപ്പെട്ടു. കാശിയില്‍ ചെന്നു തേലംഗസ്വാമിയെയും ഭാസ്കരാനന്ദനെയും സന്ദര്‍ശിച്ചു. കാശിയില്‍ താമസിക്കവേ ധര്‍മപ്രചാരണവും, ജനനന്മയും ചെയ്യാന്‍ താനും ഗുരുഭായിമാരും യാത്ര ചെയ്യണമെന്ന അനുഭൂതി അദ്ദേഹത്തിനുണ്ടായി. അദ്ദേഹം കാശി, പ്രയാഗ, മഥുര, വൃന്ദാവന്‍ മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചു ഗോരഖ് പൂരിലെത്തി. ജനങ്ങളില്‍ മതത്തോട് ആഭിമുഖ്യം കുറവല്ലെങ്കിലും സമാജത്തിന് ചലനാത്മകത കുറവാണെന്ന് വിവേകാനന്ദനു തോന്നി. വര്‍ഷങ്ങളോളം പലയിടങ്ങളിലൂടെയും യാത്ര ചെയ്ത് അദ്ദേഹം കന്യാകുമാരിയിലെത്തി. അവിടെ ദേവീക്ഷേത്രത്തിനടുത്ത് സമുദ്രത്തിലുള്ള പാറയില്‍ നീന്തിക്കയറി ധ്യാനനിമഗ്നനായി മൂന്നുനാള്‍ ഇരുന്നു. ആ ഇരുപ്പില്‍ ഭാരതമാതാവിന്റെ ഭവ്യരൂപം ദര്‍ശിച്ചു. മൂന്നു സമുദ്രങ്ങളിലെയും അലമാലകള്‍ അടിച്ചുയര്‍ന്നു ചിതറുന്ന സംഗീതത്തില്‍ ലയിച്ച്, ഭാരതത്തിന്റെ പുരാതന വൈഭവം പുനഃപ്രതിഷ്ഠിക്കുമെന്ന ശപഥം ചെയ്തുകൊണ്ട് എണീറ്റു. തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുന്നതിനിടെ അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ നടക്കാനിരുന്ന ലോകമത സമ്മേളനത്തെപ്പറ്റി അറിയുകയും അതില്‍ പങ്കെടുക്കണമെന്ന മോഹം ഉണ്ടാകുകയും ചെയ്തു. ചെന്നൈയിലെ ഉത്സാഹികളായ ശിഷ്യന്മാര് അതിനുള്ള തയാറെടുപ്പുകള്‍ നടത്തി. കല്‍ക്കത്തയില്‍ നിന്ന് അമ്മ ശാരദാമണി ദേവിയുടെ ആശീര്‍വാദവും ലഭിച്ചു.
1893 മെയ് 31ന് ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്കു സ്വാമിജി കപ്പല്‍ കയറി. യാത്രക്കിടയില്‍ പരിചയപ്പെട്ട ഒരു പ്രായം ചെന്ന സ്ത്രീ സ്വാമിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടയാവുകയും അദ്ദേഹത്തിന് അമേരിക്കയില്‍ താമസിക്കുന്നതിനുള്ള ഏര്പ്പെടുകളുണ്ടാക്കുകയും ചെയ്തു. 1893 സെപ്തംബര്‍ 11ന് ചിക്കാഗോ സമ്മേളനത്തില്‍ ഹിന്ദുത്വത്തിന്റെ മഹിമയെ ഉദ്ഘോഷിച്ചു കൊണ്ട് ചെയ്ത പ്രഭാഷണം ലോകത്തെ നടുക്കം കൊള്ളിച്ചു. അവിടത്തെ പ്രസംഗങ്ങള്‍ കഴിഞ്ഞ പ്പോഴേക്കും വിവേകാനന്ദന് ഏറ്റവും ശ്രദ്ധേയ വ്യക്തിയായി. തുടര്‍ന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ഹിന്ദുധര്‍മത്തിന്റെയും ഭാരതത്തിന്റെയും തനിമ വ്യക്തമാക്കുന്ന പ്രഭാഷണ പരമ്പരയിലൂടെ അദ്ദേഹം പാശ്ചാത്യപണ്ഡിതന്മാരുടെയാകെ പ്രശംസ പിടിച്ചുപറ്റി. ചിക്കാഗോ യില്‍ നിന്നു ന്യൂയോര്‍ക്കിലും മറ്റനേകം നഗരങ്ങളിലും അദ്ദേഹം വേദാന്ത ദര്‍ശനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു നിറഞ്ഞ സദസ്സുകളില്‍ പ്രസംഗിച്ചു. അമേരിക്കയില്‍ ആയിരക്കണക്കിനാളുകള്‍ സ്വാമിജിയുടെ ശിഷ്യത്വം സ്വീകരിച്ചു.
സ്വാമിജിയുടെ കീര്‍ത്തി യൂറോപ്പിലും പ്രചരിച്ചതോടെ അവിയുള്ളവര്ക്കും അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി ആദരിക്കാന്‍ ഉത്സാഹമായി. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും ബുദ്ധിജീവികളുമായി സംവദിക്കാന്‍ സ്വാമി വിവേകാനന്ദന് അവസരമുണ്ടായി. റോമാറോളാങ്, മാക്സ്മുള്ളര്‍ എന്നിവര്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിച്ചു. കുമാരി മുള്ളര്‍, മാര്‍ഗററ്റ് നോബിള്‍, ഗുഡ്വിന്, സ്റ്റര്‍ഡി തുടങ്ങിയ നിരവധി പേര് ശിഷ്യത്വം സ്വീകരിച്ചു. മാര്‍ഗററ്റ് നോബിള്‍ ഭാരതത്തില്‍ വന്ന് ഭഗിനി നിവേദിത എന്ന പേരില്‍ പ്രസിദ്ധയാവുകയും ചെയ്തു.
അദ്ദേഹം ഭാരതത്തില്‍ വിജയശ്രീലാളിതനായി തിരിച്ചെത്തി. ശ്രീലങ്കയിലെ കൊളംബോ മുതല്‍ ഹിമാലയത്തിലെ അല്‍മോറവരെ വിവേകാനന്ദന് നടത്തിയ ദിഗ്വിവിജയ യാത്രയില്‍ ചെയ്ത പ്രഭാഷണങ്ങള്‍ ഭാരത ജനതയ്ക്ക് അമൃത വര്‍ഷം നല്കുന്നവയായിരുന്നു. അദ്ദേഹം കയറിയ വണ്ടിയിലെ കുതിരകളെ അഴിച്ചു മാറ്റി രാജാക്കന്മാരടക്കമുള്ളവര് അതിനെ വലിച്ചു. സ്വാമിജി സ്ഥാപിച്ച ബേലൂര്‍ മഠവും ശ്രീരാമകൃഷ്ണമഠവും, സന്യാസി പരമ്പരയും ധര്മസംരക്ഷണത്തിന്റെയും നവോത്ഥാനത്തിന്റെയും പുതിയ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു. 20-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ എന്നെങ്കില് കാണപ്പെട്ട സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും ജാഗരണത്തിന്റെയും വേരുകള്‍ വിവേകാനന്ദനില്‍ ചെന്നെത്തി നില്ക്കുന്നു. 1904 ജൂലൈ 4ന് 39-ാം വയസ്സില്‍ സ്വാമി വിവേകാനന്ദന് മഹാസമാധിയടഞ്ഞു.