Herittage India Kerala Special Spiritual

രമണ മഹര്‍ഷിയുടെ തപശ്ചര്യയും തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു.

Written by Subhash Krishnan

ആദ്യകാലങ്ങളിൽ അരുണാചലം മലകളുടെ അടിവാരങ്ങളിലും മുകളിലുമായി അലഞ്ഞു നടന്നിരുന്നു. വിശക്കുമ്പോൾ കൈനീട്ടി യാചിക്കുമായിരുന്നു. വിശന്നു വലഞ്ഞുള്ള അലച്ചിലിൽ ഒരു ദിവസം ഭക്ഷണം കിട്ടാതെ ബോധവും മറഞ്ഞുപോയി. അമ്പലത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങിയിരുന്നു.

ആലുവ: മൗനത്തിലൂടെ ആത്മീയതയുടെ അവാച്യ അനുഭൂതി പകര്‍ന്ന ഋഷിവര്യനായിരുന്നു രമണ മഹര്‍ഷി. സനാതന ധര്‍മ്മത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ അദ്ദേഹം സ്വജീവിതത്തിലൂടെ ജനകോടികളോട് വിളംബരം ചെയ്തു. തപസ്സിലൂടെ അദ്ദേഹം വിജ്ഞാനവും തേജസ്സും ആര്‍ജ്ജിച്ചു.

1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ തിരുച്ചുഴിയില്‍ ധനുമാസത്തിലെ തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പൂർവ്വ പേര്.

യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ തപസ്സിലേക്കദ്ദേഹം തിരിഞ്ഞു. 17 -ാം വയസ്സില്‍ -1896 സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തിരുവണ്ണാമലയിലെത്തി. അവിടത്തെ അരുണാചലം ക്ഷേത്രത്തിലും, സ്കന്ദാശ്രമം, വിരൂപാക്ഷഗുഹ, പാതാളലിംഗം എന്നിവിടങ്ങളിലായി മാറി മാറി തപസ്സു ചെയ്തു – ഒന്നല്ല , 54 കൊല്ലം !

ആദ്യകാലങ്ങളിൽ അരുണാചലം മലകളുടെ അടിവാരങ്ങളിലും മുകളിലുമായി അലഞ്ഞു നടന്നിരുന്നു. വിശക്കുമ്പോൾ കൈനീട്ടി യാചിക്കുമായിരുന്നു. വിശന്നു വലഞ്ഞുള്ള അലച്ചിലിൽ ഒരു ദിവസം ഭക്ഷണം കിട്ടാതെ ബോധവും മറഞ്ഞുപോയി. അമ്പലത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങിയിരുന്നു. ഒരിക്കൽ അമ്പലനടയിൽ ഒരു ബാർബറിനെ രമണ മഹർഷി കണ്ടുമുട്ടി. അയാളെക്കൊണ്ട് തന്റെ തിങ്ങി നിറഞ്ഞിരുന്ന തലമുടി മുഴുവൻ വെട്ടിച്ചു. ഒറ്റമുടി തലയിലില്ലാതെ തല മുണ്ഡനം ചെയ്തു. ധരിച്ചിരുന്ന വസ്ത്രം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു ഒരു കൗപീനം മാത്രം ധരിച്ചു. അന്നുമുതൽ മരിക്കുന്നവരെ അദ്ദേഹം കൗപീനം മാത്രമേ ധരിക്കുമായിരുന്നുള്ളൂ. അഞ്ചു രൂപയിൽ കൈവശമുണ്ടായിരുന്ന ഒന്നര രൂപ ബാർബറിന് കൊടുത്തു. ബാക്കി സ്വന്തം സഹോദരന് തപാലിൽ അയച്ചുകൊടുക്കുകയാണുണ്ടായത്. അതിനുശേഷം ജീവിത കാലത്തൊരിക്കലും അദ്ദേഹം പണത്തെ സ്പർശിച്ചിട്ടില്ല.

രമണ മഹര്‍ഷിയുടെ തപശ്ചര്യയും തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? – അവര്‍ അത്ഭുതം കൂറി. പോള്‍ ബ്രണ്ടന്‍ ‘എന്‍റെ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ സന്ദേശവും‘ എന്ന പുസ്തകത്തിലൂടെ രമണ മഹര്‍ഷിയുടെ സിദ്ധികളെ ലോകത്തിനു പരിചയപ്പെടുത്തി. ഈയിടെ അന്തരിച്ച വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസ്സൊന്‍ ആയിരുന്നു രമണ മഹര്‍ഷിയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ എടുത്തത്.

ഭഗവാന്‍ എന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷിയെ കാണാന്‍ ശ്രീനാരായണ ഗുരുവും ചെന്നിരുന്നു. അതിനു ശേഷം അദ്ദേഹം എഴുതിയ കൃതികളാണ് നിര്‍വൃതി പക്ഷകവും, മുനിചര്യാ പഞ്ചകവും. 1950 ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.

കാവ്യഗണ്ഠ ഗണപതി ശാസ്ത്രിയായിരുന്നു രമണ മഹര്‍ഷിയുടെ പ്രധാന ശിഷ്യന്‍. രമണ മഹര്‍ഷി ആശ്രമത്തിന്‍റെ സ്ഥാപകനായ സുമേശാനന്ദ സ്വാമികളാണ് മഹര്‍ഷിയെ കേരളീയര്‍ക്ക് പരിചയപ്പെടിത്തിയത്.

അഡ്വ. ശ്രീനാഥ്‌
9447509705

 

 

About the author

Subhash Krishnan

Leave a Comment