Sports

ക്രിക്കറ്റ് ലോകകപ്പിന് പുതിയ അവകാശി

ബര്‍മിങ്ഹാം: പ്രാഥമിക റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍ പുറത്തായപ്പോള്‍ ഇക്കുറി ലോകകപ്പില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ ഫൈനലിലെത്തി. ഇന്നലെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് തോല്‍പിച്ചാണ് ഞായറാഴ്ച ലോഡ്‌സില്‍ നടക്കുന്ന കലാശക്കളിയില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ആതിഥേയരായ ഇംഗ്ലണ്ട് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പിന് പുതിയൊരവകാശിയുണ്ടാകും. ഇന്നലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ രണ്ടാം സെമിഫൈനലില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 49 ഓവറില്‍ 223ന് ഓള്‍ ഔട്ടാക്കിയ ശേഷം 107 പന്തുകളും എട്ടുവിക്കറ്റുകളും ബാക്കി നിര്‍ത്തി വിജയിക്കുകയായിരുന്നു ആതിഥേയര്‍. മൂന്ന് വിക്കറ്റുകളുമായി മുന്‍നിരയെ തകര്‍ത്ത ക്രിസ് വോക്‌സും മധ്യനിരയെ തൂത്തെറിഞ്ഞ ആദില്‍ റഷീദുമാണ് കംഗാരുക്കളെ കഷ്ടത്തിലാക്കിയത്. ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. മാര്‍ക്ക് വുഡിന് ഒരു വിക്കറ്റും. ജാസണ്‍ റോയ് (85), ബെയര്‍‌സ്റ്റോ (34), ജോ റൂട്ട് (49*), ഇയോന്‍ മോര്‍ഗന്‍ (45*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ ചേസിംഗ് ഈസിയാക്കിയത്. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് നാലാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുന്‍നായകന്‍ സ്റ്റീവന്‍ സ്മിത്തും (85), വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുമാണ്. വാലറ്റത്ത് മാക്സ്വെല്‍ (22), സ്റ്റാര്‍ക്ക് (29) എന്നിവര്‍ കൂടി നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ 223 ലെത്തിച്ചത്. കഴിഞ്ഞദിവസം സെമിയില്‍ ഇന്ത്യയ്ക്ക് സംഭവിച്ചതിന് സമാനമായിരുന്നു ഓസീസിനും. രണ്ടാം ഓവറിന്റെ ആദ്യപന്തില്‍ത്തന്നെ ആര്‍ച്ചര്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ (0) വിക്കറ്റിന് മുന്നില്‍ കുരുക്കി. അടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറെ (9) വോക്‌സ് ബെയര്‍‌സ്റ്റോയുടെ കൈയിലെത്തിച്ചു. ഏഴാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോംബിനെ (4) വോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ് 14/3 എന്ന നിലയിലായി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച സ്റ്റീവ് സ്മിത്തും അലക്‌സ് കാരിയും ചേര്‍ന്ന് ചെറുത്തുനില്‍പ് തുടങ്ങി. ഇതിനിടയില്‍ രണ്ടുതവണ ജൊഫ്രെ ആര്‍ച്ചറുടെ പന്ത് കൊണ്ട് കാരി്ക്ക് വൈദ്യസഹായം തേടേണ്ടിവന്നു. ബൗണ്‍സറേറ്റ് താടിയില്‍നിന്ന് ചോരയൊഴുകിയിട്ടും കാരി കളത്തിലുറച്ചുനിന്ന് 46 റണ്‍സ് നേടി. സ്മിത്തും കാരിയും ചേര്‍ന്ന് വലിയൊരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് 28ാം ഓവര്‍വരെ വിക്കറ്റ് വീഴാതെ കൊണ്ടുപോയി. ഒടുവില്‍ സ്പിന്നര്‍ ആദില്‍ റഷീദാണ് കാരിയെ കൂടാരം കയറ്റിയത്. 70 പന്തുകള്‍ നേരിട്ട കാരി നാല് ബൗണ്ടറികള്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഓസീസിന്റെ പ്രതീക്ഷകളെല്ലാം സ്റ്റീവന്‍ സ്മിത്തിന്റെ ചുമലിലായി. വളരെ പതിയെയായിരുന്നു സ്മിത്തിന്റെ ബാറ്റിംഗ്. അനാവശ്യ ഷോട്ടുകള്‍ക്കൊന്നും മുതിര്‍ന്നില്ല. കാരിയെ പുറത്താക്കിയ അതേ ഓവറില്‍ത്തന്നെ സ്റ്റോയ്നിസിനെയും (1) റഷീദ് മടക്കിയതോടെ ഓസീസ് വീണ്ടും കനത്ത സമ്മര്‍ദത്തിലായി. മാക്‌സ്വെല്ലും (22) കമ്മിന്‍സും (6) പുറത്തായശേഷം സ്റ്റാര്‍ക്കുമായി (29) ചേര്‍ന്ന് സ്മിത്ത് ടീമിനെ 200 കടത്തി. 119 പന്തുകളില്‍ ആറ് ബൗണ്ടറികളടക്കം 85 റണ്‍സെടുത്ത സ്മിത്ത് 48ാം ഓവറില്‍ റണ്‍ ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ക്ക്, ബ്രെഹ്‌റന്‍ഡോര്‍ഫ് (1) എന്നിവര്‍ കൂടി പുറത്തായതോടെ ഓസീസിന്റെ ഇന്നിംഗ്‌സിന് കര്‍ട്ടന്‍ വീണു. ഒട്ടും പതറാതെ ആഞ്ഞടിച്ചുതന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടിയുടെ തുടക്കം. ആദ്യ പത്തോവറില്‍ അവര്‍ വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സെടുത്തു. 17.2 ഓവറില്‍ ഓപ്പണിംഗില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 43 പന്തുകളില്‍ അഞ്ച് ബൗണ്ടറികളടക്കം 34 റണ്‍സ് നേടിയ ബെയര്‍ സ്റ്റോയാണ് പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ജാസണ്‍ റോയ് 65 പന്തുകളില്‍ ഒന്‍പത് ഫോറും അഞ്ച് സിക്സുമടക്കം 85 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ന്ന് റൂട്ടും മോര്‍ഗനും ചേര്‍ന്ന് വിജയത്തിലെത്തിച്ചു.

About the author

Vishwam

Leave a Comment

error: Content is protected !!