Columns India

മമതയ്ക്കും പാരയായി വിഎസ്

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാരയാകുന്നു. നന്ദിഗ്രാമില്‍ തോല്‍വി ഏറ്റുവാങ്ങിയ മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദമാണ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. നന്ദിഗ്രാമില്‍ മമതയെ തോല്‍പിച്ച സുവേന്ദു അധികാരിയാണ് പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നത്. വിഎസിന്റെ മാതൃക പിന്തുടരാന്‍ മമത തയ്യാറാകണമെന്നാണ് മമതയുടെ മുന്‍ സഹപ്രവര്‍ത്തകനും ബിജെപി നേതാവുമായ സുവേന്ദു ആവശ്യപ്പെട്ടിരിക്കുന്നത്.

1996ല്‍ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ കാലുവാരി മാരാരിക്കുളം മണ്ഡലത്തില്‍ തോല്‍വിയേറ്റുവാങ്ങിയ വിഎസിന് മുഖ്യമന്ത്രിക്കസേര ത്യജിക്കേണ്ടി വന്നു. പിന്നീട് കണ്ണൂര്‍ ലോബി വിഎസിനെ തടയുന്നതില്‍ വിജയിക്കുകയും ഇ.കെ. നായനാര്‍ക്ക് മുഖ്യമന്ത്രി കസേര നല്‍കുകയും ചെയ്തു. എന്നാല്‍ വിഎസ് മുഖ്യമന്ത്രി കസേര ത്യജിക്കുകയായിരുന്നു അന്നെന്നാണ് സുവേന്ദു പറയുന്നത്. വിജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിപദം ഉറപ്പായിരുന്ന വിഎസിനെ വെട്ടിനിരത്തിയ സിപിഎം കണ്ണൂര്‍ ലോബിയുടെ അടവുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ നായനാരെ മുഖ്യമന്ത്രിയാക്കുകയാണുണ്ടായത്. വിഎസ്‌ നിവൃത്തികേടുകൊണ്ട് സ്വീകരിച്ച മാതൃക മമതയും പിന്തുടരണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെടുന്നത്.

തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് കളംമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്ദുവിന്റെ സ്വന്തം തട്ടകമായ നന്ദിഗ്രാമില്‍ മമത നേരിട്ട് പോരിനിറങ്ങി. പക്ഷേ അവര്‍ ദയനീയമായി തോറ്റു. എന്നാല്‍, തോറ്റിട്ടും തോല്‍വി സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന മമത ഉടന്‍ തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുത്തു. ഇതോടെ നിയമപ്രകാരം ആറുമാസത്തിനകം തന്നെ മമതക്ക് വീണ്ടും ജനവിധി തേടേണ്ടതുണ്ട്. ഭവാനിപൂരിലെ തൃണമൂല്‍ അംഗത്തെ രാജിവയ്പിച്ചാണ് മമത അവിടെ മത്സരിക്കാന്‍ പോകുന്നത്.

ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം മമതയേയും തൃണമൂലിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കുകയാണ്. ഇവിടെ നിന്നു കൂടി പരാജയപ്പെട്ടാല്‍ അത് മമതയെ സംബന്ധിച്ച് വന്‍ പ്രഹരമാകും അതോടെ അവര്‍ക്ക് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിയും വരും. മമതയല്ലാതെ മുഖ്യമന്ത്രിയാവാന്‍ വേറെ നേതാവ് ഇല്ലേ എന്ന ചോദ്യത്തിനും തൃണമൂലിന് ഇപ്പോള്‍ മറുപടിയില്ല.

ഏകാധിപതിയായിരുന്ന ജയലളിതക്കു പോലും മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ ഒരു പകരക്കാരന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനുപോലും ആളില്ലാത്ത അവസ്ഥയാണ് തൃണമൂല്‍ കോണ്‍ഗ്രസിലുള്ളത്. മാത്രമല്ല അത്തരം ഒരു പരീക്ഷണം മമത നടത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നെടുകെ പിളരുകയും ചെയ്യും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ന്യൂനപക്ഷ പ്രീണനവും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ കാളി ജപം ഉള്‍പ്പെടെ ചൊല്ലിയുമാണ് മമത വോട്ട് രാഷ്ട്രീയം പയറ്റുന്നത്. തിരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ അക്രമങ്ങള്‍ വിവരണാതീതമാണ്. ഇപ്പോഴും ബംഗാള്‍ സമാധാനത്തിലേക്ക് തിരിച്ചു പോയിട്ടില്ല.

About the author

Subhash Krishnan

Leave a Comment