Columns Kerala

കുഞ്ഞനന്തനെ വിശുദ്ധനാക്കി സിപിഎമ്മിന്റെ നാടകം

കണ്ണൂര്‍: കുഞ്ഞനന്തന് വിശുദ്ധപട്ടം നല്‍കാന്‍ നേതാക്കള്‍ രംഗത്ത്. ടി.പി. ചന്ദ്രശേഖരനെന്ന മുന്‍ സിപിഎം നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി പകരം വീട്ടാന്‍ നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ അമരക്കാരില്‍ ഒരാളായ പി.കെ. കുഞ്ഞനന്തനെ വിശുദ്ധനാക്കാനാണ് പാര്‍ട്ടി കണ്ണൂര്‍ ലോബിയുടെ നീക്കം.

പി.കെ. കുഞ്ഞനന്തന്‍ ആരാണെന്ന് ജനങ്ങള്‍ പറഞ്ഞു തരുമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറയുന്നത്. ടിപി വധക്കേസില്‍ പ്രതിയായ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികദിനാചരണം സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കള്ളക്കേസില്‍ കുടുക്കിയെന്നുവച്ച് കുഞ്ഞനന്തന്‍ പാര്‍ട്ടിക്കാരനല്ലാതാവുന്നില്ല. ജയിലില്‍ പലവിധ രോഗപീഡകളാല്‍ വലഞ്ഞ അദ്ദേഹത്തിന് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ചതിനെപ്പോലും വിവാദമാക്കിയില്ലേ, മരിച്ചവരെയെങ്കിലും മാധ്യമങ്ങള്‍ വെറുതെ വിടണം എന്നാണ് ജയരാജന്‍ പറയുന്നത്.

ഫലത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ തള്ളിപ്പറയുന്ന നിലപാടാണ് ഇക്കാര്യത്തിലും സിപിഎം എന്നത്തെയും പോലെ സ്വീകരിച്ചിരിക്കുന്നത്. വരുന്ന മാര്‍ച്ച് 11നാണ് പി.കെ. കുഞ്ഞനന്തന്‍ ചരമവാര്‍ഷികദിനാചരണം സിപി എം പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കുന്നത്. പാറാട് ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ രണ്ടാം നിലയില്‍ പി.കെ. കുഞ്ഞനന്തന്‍ ഹാള്‍ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും പാറാട്ടുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

About the author

Subhash Krishnan

Leave a Comment