Columns India Kerala

കൊറോണ വാക്‌സിനെ മറയാക്കി കുത്തക ആശുപത്രികളുടെ പകല്‍ക്കൊള്ള

കൊച്ചി: കൊറോണ വാക്‌സിനെ മറയാക്കി സ്വകാര്യ കുത്തക ആശുപത്രികളുടെ പകല്‍ക്കൊള്ള. അറനൂറ് രൂപ വിലയുള്ള വാക്‌സിന് 950 രൂപയാണ് പല വന്‍കിട ആശുപത്രികളും ഈടാക്കുന്നത്. രാജ്യത്തെമ്പാടും ചൈനീസ് വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ചെറുകിട ആശുപത്രികള്‍ അതിനെതിരെ പോരാടുന്നതിന് നിസ്തുലമായ പങ്കാണ് വഹിച്ചത്. എന്നാല്‍ ഉത്പാദകര്‍ സ്വീകരിച്ച ചില നിലപാടുകളാണ് സ്വകാര്യ കുത്തകകള്‍ക്ക് തീവെട്ടിക്കൊള്ളയ്ക്ക് അവസരമുണ്ടാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ പറയുന്ന നിരക്കിലാണ് മിക്ക ആശുപത്രികളുടേയും ചികിത്സ. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇനി വാക്സിനേഷന്‍ അവസരം ഉണ്ടാകില്ല. കോവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വഴിയായിരുന്നു വാക്സിന്‍ വിതരണം. 150 രൂപയ്ക്ക് കമ്പനികളില്‍ നിന്ന് വാങ്ങി സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി വാക്സിന്‍ നല്‍കി. ഈ വാക്സിനുകള്‍ മിക്കവാറും സ്വകാര്യ ആശുപത്രികള്‍ വഴിയും വിതരണം ചെയ്തു. വാക്സിന്‍ വിതരണം വേഗത്തിലാക്കാനായി ഇതിലൂടെ കഴിഞ്ഞു. വാക്സിനേഷനിലെ നയം മാറ്റത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നിര്‍മതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. ഇതാണ് കോര്‍പ്പറേറ്റ് ആശുപത്രികള്‍ കൊള്ളയ്ക്കുള്ള അവസരമാക്കിയിരിക്കുന്നത്.

സ്വകാര്യ ആശുപത്രികള്‍ക്ക് കോവീഷീല്‍ഡ് വാക്സിന്‍ ഡോസിന് 600 രൂപ നിരക്കിലാണ് കമ്പനികള്‍ നല്‍കുന്നത്. ഇത് 950 രൂപയ്ക്കാണ് ആശുപത്രികള്‍ കുത്തിവയ്ക്കുന്നത്. അതായത് ഒരു ഡോസ് വാക്സിന്‍ എടുക്കുമ്പോള്‍ 350 രൂപ കോവീഷീല്‍ഡില്‍ ലാഭം കൊയ്യുകയാണ് ഇവര്‍. ഇത് വന്‍കിടക്കാര്‍ക്ക് മാത്രമേ സാധ്യമാകൂ. അതായത് ഒരു ലക്ഷം ഡോസില്‍ അധികം ഓര്‍ഡര്‍ ചെയ്താല്‍ മാത്രമേ വാക്സിനുകള്‍ ആശുപത്രികള്‍ക്ക് മരുന്ന് കമ്പനി നല്‍കൂ. അതായത് കുറഞ്ഞത് ആറു കോടി രൂപയുടെ ഓര്‍ഡര്‍ കൊടുക്കുന്ന ആശുപത്രിക്ക് മാത്രമേ വാക്സിന്‍ ലഭിക്കൂ. അതിനാല്‍ കോവിഡ് രോഗ പ്രതിരോധത്തില്‍ സമഗ്ര ഇടപെടല്‍ നടത്തിയ ഇടത്തരം ആശുപത്രികള്‍ക്ക് വാക്‌സിന്‍ കിട്ടില്ല. 10,000 ഡോസ് മരുന്നിന് ഓര്‍ഡര്‍ ചെയ്തവരെല്ലാം ഇപ്പോള്‍ നിരാശരാണ്.

വാക്സിന്‍ അതിവേഗം ചെലവാകുന്നുണ്ട്. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റുകള്‍ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. ആറു കോടി മുടക്കിയാല്‍ അതിവേഗം മൂന്നര കോടി ലാഭമുണ്ടാകുന്ന കച്ചവടം. ചെറിയ അളവില്‍ വാക്സിനുകള്‍ മറ്റ് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയാല്‍ അവിടേയും കുത്തിവയ്പ്പ് നടക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് നടക്കുന്നില്ല. 50 രൂപയുടെ സിറിഞ്ച് മാത്രമാണ് ആശുപത്രിക്ക് ഈ വകയിലെ മറ്റ് ചെലവ്. എന്നാല്‍ 350 രൂപയോളം സര്‍വീസ് ചാര്‍ജായി ആശുപത്രികള്‍ ഈടാക്കുന്നുണ്ട്.

പാവങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വില വ്യത്യാസത്തിലും മറ്റും വിവാദങ്ങളും പ്രതിഷേധങ്ങളും അതിരുകടക്കുന്നില്ല. ഈ സൗകര്യം മുതലെടുത്ത് ആവശ്യക്കാരില്‍ നിന്ന് കൊള്ളലാഭം ഉണ്ടാക്കുകയാണ് വന്‍കിട ആശുപത്രികള്‍. ആദ്യ ഡോസ് എടുത്ത പലര്‍ക്കും സര്‍ക്കാര്‍ സംവിധാനത്തിലൂടെ രണ്ടാം ഡോസ് കിട്ടാന്‍ കാലതാമസം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഡോസുകാര്‍ പലരും സൗകാര്യ ആശുപത്രികളെയാണ് ഈ ഘട്ടത്തില്‍ സമീപിക്കുന്നത്. എന്തുവന്നാലും തങ്ങള്‍ ഈടാക്കുന്ന കൊള്ളലാഭം തുടരുമെന്ന നിലപാടുതന്നെയാണ് ഇത്തരം വന്‍കിട ആശുപത്രികള്‍ സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന ധൈര്യവും അവര്‍ക്കുണ്ട്.

 

About the author

Subhash Krishnan

Leave a Comment