Columns Kerala

കൊറോണ വൈറസ് ബാധിതരുടെ മരണം: കേരള സര്‍ക്കാര്‍ കള്ളക്കളിയിലൂടെ കോടികള്‍ ലാഭിക്കുന്നു

തിരുവനന്തപുരം: ചൈനീസ് വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അതും തട്ടിയെടുത്ത് സ്വന്തമാക്കാന്‍ കേരള സര്‍ക്കാരിന്റെ കള്ളക്കളി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കേരളീയരിലേക്കെത്തുമ്പോള്‍ അത് സംസ്ഥാന പദ്ധതിയാക്കി മാറ്റി സ്വന്തം ആളുകളിലേക്കെത്തിക്കാനുള്ള നീക്കമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. മാത്രമല്ല ചൈനീസ് വൈറസ് ബാധിച്ചു മരിച്ചവരുടെ കണക്കിലും ആകെ പൊരുത്തക്കേടാണ്.

ചൈനീസ് വൈറസ് ബാധിച്ചു മരിച്ചവരുടെ പട്ടിക തയ്യാറാക്കിയതില്‍ വന്‍ വൈരുധ്യമുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് വൈറസ് ബാധിച്ചു മരിച്ചവരുടെ യഥാര്‍ഥ കണക്കല്ല, മറിച്ച് പല മരണങ്ങളും ഒഴിവാക്കി മരണം കുറച്ചു കാണിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നതെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ഇത്തരം ഒഴിവാക്കലുകള്‍ ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും ഒഴിവാക്കപ്പെടും.

അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകുമെന്ന ആശങ്ക സജീവമാണ്. യഥാര്‍ഥ മരണത്തെക്കാള്‍ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് പരക്കെ വിമര്‍ശനമുയരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇത്തരത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. ചൈനീസ് വൈറസ് ബാധിച്ച് അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹികക്ഷേമ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ കണക്കിലെ കള്ളക്കളി മൂലം പലര്‍ക്കും അര്‍ഹതപ്പെട്ട അവസരം നഷ്ടമാകും.

സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പല മരണങ്ങളും ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളില്‍ വൈരുധ്യം ഉണ്ടാകുന്നത്. മെയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഇതിലുമേറെയാണ് യഥാര്‍ഥ കണക്കെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറുമില്ല. ഇതുമൂലം ജില്ല ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല. ഇതു കാരണം ഇവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം കിട്ടാത്ത സ്ഥിതി വരും. അതുകൊണ്ട് തന്നെ കോവിഡുകാലത്തെ മരണത്തില്‍ കൂടുതല്‍ സത്യസന്ധത വരുത്തണമെന്നാണ് ആവശ്യം.

പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മരണക്കണക്കുകളില്‍ വന്‍ വ്യത്യാസമാണുള്ളത്. ജില്ല, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാവുന്നുണ്ട്. മെയ് 12-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 70 മരണങ്ങള്‍ നടന്നതായി പിജി അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങള്‍ മാത്രമാണ് അധികൃതര്‍ അറിയിച്ചത്. ശ്മശാനങ്ങളില്‍ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാള്‍ ഉയര്‍ന്നതുമാണ്.

ഇത് ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പിനുവേണ്ടിയുള്ള കാട്ടിക്കൂട്ടലായാണ് പലരും കാണുന്നത്. നേരത്തെ പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോഴും സഹായം ലഭ്യമാക്കിയിതില്‍ രാഷ്ട്രീയ ചേരിതിരിവ് പ്രകടമായിരുന്നു. ഇപ്പോള്‍ മരണത്തിന്റെ മൊത്തവ്യാപാരവുമായി ചൈനീസ് വൈറസ് എത്തിയപ്പോഴും കണ്ണില്‍പ്പൊടിയിട്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയെന്ന ഭയമാണ് കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും പങ്കുവയ്ക്കുന്നത്.

About the author

Subhash Krishnan

Leave a Comment