Columns India International

കൊറോണ വൈറസ് വ്യാപനം; ചൈനയെ പ്രതിക്കൂട്ടിലാക്കി വീണ്ടും റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ മരണത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കൊറോണ വൈറസ് വ്യാപനമുണ്ടായതിനെക്കുറിച്ച് ചൈന പുറംലോകത്തെ അറിയിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) മൂന്ന് ഗവേഷകര്‍ ചികിത്സ തേടിയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍ കോവിഡ് 19 രോഗം ചൈനയില്‍ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ചൈനയിലെ മാര്‍ക്കറ്റുകളില്‍ നിന്നാണെന്നും അതല്ല ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ നിലവിലുണ്ട്. പക്ഷേ കൊറോണ വൈറസ് ലാബില്‍ നിന്ന് തന്നെയാണ് പൊട്ടിപ്പുറപ്പെട്ടതെന്ന വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ കണ്ടെത്തല്‍. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സമിതി യോഗം നടക്കുന്നതിന് തൊട്ടുമുന്‍പാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വൈറസിന്റെ ഉത്ഭവം ലാബില്‍ നിന്നാണെന്ന ആരോപണം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതിനാല്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

About the author

Subhash Krishnan

Leave a Comment