Sports

ധോണിയുടെ റണ്ണൗട്ട് വിവാദമാകുന്നു

ലണ്ടന്‍: ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. എങ്കിലും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റണ്ണൗട്ട് വിവാദമാകുകയാണ്. പത്ത് പന്തില്‍ 25 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ധോണിയുടെ റണ്ണൗട്ട്. ലെഗ് സൈഡിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ധോണി റണ്ണൌട്ടായത്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായാണ് എം.എസ് ധോണി അറിയപ്പെട്ടിരുന്നത്. അടുത്തകാലത്തായി തുഴച്ചില്‍ ബാറ്റ്‌സ്മാന്‍ എന്ന ചീത്തപ്പേര് കേള്‍പ്പിച്ചെങ്കിലും ധോണിയുടെ ഫിനിഷിങ് മികവ് ഇന്ത്യയെ രക്ഷിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രത്യേകിച്ചും 49-ാം ഓവറിലെ ആദ്യ പന്ത് തകര്‍പ്പനൊരു സിക്‌സറിന് പറത്തിയപ്പോള്‍. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ ജയിക്കുമെന്ന് കോഹ്‌ലിക്കും രവിശാസ്ത്രിക്കും ഉറപ്പായിരുന്നു. എന്നാല്‍ മൂന്നാം പന്തിലെ റണ്ണൗട്ട് എല്ലാം തകര്‍ത്തുകളഞ്ഞു. ഇപ്പോഴിതാ, ധോണിയുടെ റണ്ണൌട്ട് അംപയര്‍മാരുടെ പിഴവ് കാരണമാണെന്ന വാദം ഉയരുന്നു. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ അസാധ്യമായ ആംഗിളില്‍ നിന്നുള്ള ഡയറക്ട് ത്രോയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ധോണി ഔട്ടാകുന്ന സമയത്ത് ടിവിയില്‍ കാണിച്ച ഗ്രാഫിക് ദൃശ്യമാണ് വിവാദമാകുന്നത്. ആ പന്തെറിയുന്നതിന് മുമ്പ് ഫീല്‍ഡിങ് സംബന്ധിച്ച് കാണിച്ച ഗ്രാഫിക്‌സില്‍ സര്‍ക്കിളിന് പുറത്ത് ആറ് ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. ആ സമയത്ത് അഞ്ച് ഫീല്‍ഡര്‍മാരെ മാത്രമാണ് സര്‍ക്കിളിന് പുറത്ത് അനുവദിക്കുന്നത്. മൂന്നാമത്തെ പവര്‍ പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരാണ് വേണ്ടത്. എന്നാല്‍ ടിവി ഗ്രാഫിക്‌സ് പ്രകാരം ആറ് കിവീസ് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്തുണ്ടായിരുന്നു. ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്നത് മാര്‍ട്ടിന്‍ ഗുപ്ടിലാണ്. കൃത്യമായ നിയമം പാലിച്ചിരുന്നെങ്കില്‍ സര്‍ക്കിളിന് പുറത്ത് അഞ്ച് പേര്‍ മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. ഫൈന്‍ ലെഗിലെ ഫീല്‍ഡര്‍ സര്‍ക്കിളിന് അകത്തായിരുന്നെങ്കില്‍ ധോണി ഡബിളിന് ശ്രമിക്കില്ലായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. അംപയര്‍മാരുടെ പിഴവാണ് ധോണിയുടെ റണ്ണൌട്ടിലേക്കും ഇന്ത്യയുടെ തോല്‍വിയിലേക്കും എത്തിച്ചതെന്നാണ് ആരാധകരുടെ ആരോപണം.

About the author

Vishwam

Leave a Comment

error: Content is protected !!