Sports

വീരനായി രവീന്ദ്ര ജഡേജ

ലണ്ടന്‍: ന്യൂസിലന്‍ഡുമായി ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഏറെ പേരുകേട്ട് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറാന്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയത് രവീന്ദ്ര ജഡേജയെന്ന ഇടംകൈയന്‍ ബാറ്റ്‌സമാനാണ്. തന്റെ രജപുത്രവീര്യം മൈതാനത്ത് പ്രകടമാക്കിയപ്പോള്‍ ഇന്ത്യന്‍ ടീമിനൊന്നാകെ പശ്ചാത്താപമുണ്ടായിക്കാണും, ഇത്രയും നാള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിന്. കിവീസുമായി നടന്ന വാം അപ് മത്സരത്തില്‍ തന്റെ ക്ലാസ് തെളിയിച്ച ജഡേജയെ പകരക്കാരന്റെ ബെഞ്ചിലിരുത്തി പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് മുതിര്‍ന്നപ്പോള്‍ കിട്ടിയ അവസരങ്ങളില്‍ ഇടയ്ക്കിടെ ഫീല്‍ഡില്‍ വന്ന് ഉഗ്രന്‍ ക്യാച്ചെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി ജഡേജ. നിര്‍ണായക മത്സരത്തില്‍ ടീമിലുള്‍പ്പെടുത്തിയതോടെ ഇന്ത്യ രക്ഷപ്പെട്ടത് കനത്ത നാണക്കേടില്‍ നിന്ന.് ആറ് വിക്കറ്റിന് 92 എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും തോല്‍ക്കാമെന്ന സാഹചര്യത്തില്‍ പതറുമ്പോഴാണ് മഹേന്ദ്രസിങ് ധോണിക്കൊപ്പം ജഡേജ ബാറ്റ് ചെയ്യാനെത്തിയത്. അത്തരമൊരു ഘട്ടത്തില്‍ പോലും ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന തത്ത്വം മനസില്‍ കണ്ടാണ് ജഡേജ കളിച്ചത്. മുമ്പേ ഇറങ്ങിയവര്‍ സിംഗിള്‍ പോലും എടുക്കാന്‍ പാടുപെടുമ്പോഴാണ് നേരിട്ട ആറം പന്തില്‍ തന്നെ ജെയിംസ് നീഷാമിനെ സിക്‌സ് പറത്തി ജഡേജ നിലയുറപ്പിച്ചത്. പിന്നീട് ഒരുവശത്ത് ധോണിയെ കാഴ്ചക്കാരനാക്കി അതിവേഗം സ്‌കോര്‍ ചെയ്യുന്ന ജഡേജയെ ആയിരുന്നു കാണാനായത്. പന്തുകള്‍ പാഴാക്കാതെ പരമാവധി റണ്‍സ് ഓടിയെടുത്ത്. കടുത്ത സമ്മര്‍ദ ഘട്ടങ്ങളില്‍ ബൗണ്ടറിയോ സിക്‌സോ പറത്തി ആത്മവിശ്വസമുയര്‍ത്തി ജഡേജ ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമെത്തിച്ചു അവസാന ഓവറുകളില്‍ വിജയിക്കാന്‍ വേണ്ട റണ്‍സും പന്തുകളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് ജഡേജ വീണത്. 47ാം ഓവറിലെ അഞ്ചാം പന്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസന് പിടികൊടുത്ത് ജഡേജ മടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയം 30 റണ്‍സ് അകലെയായിരുന്നു. 13 പന്തും ശേഷിച്ചിരുന്നു. എന്നാല്‍ ജഡേജ പവലിയനിലേക്ക് മടങ്ങിയതിനൊപ്പം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഒന്നടങ്കം നഷ്ടമായി. തുടര്‍ന്ന് നിര്‍ണായക സമയത്ത് ധോണി റണ്ണൗട്ടാകുകയും ചെയ്തതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചിരുന്നു. ചെറിയ സ്‌കോറില്‍ ഒതുങ്ങിയിട്ടും ഇന്ത്യയുടെ കീര്‍ത്തകേട്ട ബാറ്റിങ് നിരയെ തളച്ചത് കിവീസിന്റെ മനസുറപ്പായിരുന്നു. എന്നാല്‍ ആ കിവീസ് ടീം പോലും ഒരു നിമിഷം ജഡേജയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴടങ്ങി. വിജയത്തിലേക്കുള്ള വഴിയില്‍ കാലിടറി വീണെങ്കിലും ലോകകപ്പ് ചരിത്രം എന്നും ഓര്‍ത്തിരിക്കുന്നതാവും ജഡേജയുടെ ഈ ഇന്നിംഗ്‌സ്.

About the author

Vishwam

Leave a Comment

error: Content is protected !!