Kerala

കോവിഡ് അവബോധ വീഡിയോകളിലെ ശബ്ദസാന്നിധ്യമായി ദമ്പതികള്‍

Written by Subhash Krishnan

ആലപ്പുഴ: കോവിഡ് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയെയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും പാലിക്കേണ്ട ജാഗ്രതയെയും കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള തീവ്ര യത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. ആലപ്പുഴ ജില്ല ആരോഗ്യ വകുപ്പും അതിന്റെ മുന്നണിയിലുണ്ട്. ജില്ല ആരോഗ്യ വകുപ്പിന്റെ കോവിഡ് അവബോധ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലെ മാസ് മീഡിയ വിഭാഗത്തിന്റെ ആശയങ്ങള്‍ക്ക് ശബ്ദാവിഷ്‌കാരം നല്‍കുന്നത് വളവനാട് സ്വദേശികളായ ദമ്പതികളാണ്, കണ്ണനുണ്ണിയും ഭാര്യ അനു കണ്ണനുണ്ണിയും.

ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം ഓഫീസറായ സുജയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലോക്ക്ഡൗണ്‍ കാലത്ത് ആദ്യമായി ഒരു അവബോധ വീഡിയോ എന്ന ആശയവുമായി കണ്ണനുണ്ണിയെ സമീപിക്കുന്നത്. ഇതിനായി അവര്‍ നല്‍കിയ ആശയം റാം ജി റാവു സ്പീക്കിങ്ങിലെ കമ്പിളിപ്പുതപ്പ് എന്ന മുകേഷിന്റെ ഫോണ്‍ വിളി രംഗമായിരുന്നു. കോവിഡ്കാല ആഘോഷങ്ങളില്‍ മനസുകൊണ്ട് മാത്രം പങ്കുചേരാം എന്നതായിരുന്നു വീഡിയോയിലെ സന്ദേശം. അവബോധ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായതോടെ കിലുക്കത്തിലെ രേവതിയുടെയും മോഹന്‍ലാലിന്റേയും’അങ്കമാലിയിലെ അമ്മാവന്‍’ എന്ന് തുടങ്ങുന്ന രംഗം വച്ച് കോവിഡ്കാല യാത്രകള്‍ ഒഴിവാക്കി സമ്പര്‍ക്ക വ്യാപനം തടയാം എന്ന സന്ദേശവുമായി മറ്റൊരു വീഡിയോ ഒരുക്കി. അതും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഒരു വര്‍ഷത്തിന് ഇപ്പുറവും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി തന്നെ തുടരുകയാണ്. പിന്നീട് ഇന്ദ്രന്‍സും ജനാര്‍ദ്ദനനുമായുള്ള മാന്നാര്‍ മത്തായിയിലെ രംഗം അനുകരിച്ച് റൂം ക്വാറന്റിയിന്‍ നന്നായി ചെയ്യാനുള്ള അവബോധ വീഡിയോ പുറത്തുവിട്ടു.

ഇത്തവണ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് വാതിലുകളും ജനലുകളും തുറന്ന് കൊറോണ വൈറസ് തങ്ങിനിന്ന് പകരാനുള്ള സാധ്യത ഒഴിവാക്കുക എന്ന മെസേജുമായി, മണിച്ചിത്രത്താഴിലെ ശോഭനയും മോഹന്‍ലാലും ജനല്‍ തുറക്കുന്ന രംഗത്തെ അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച വീഡിയോ സമൂഹമാധ്യമകളില്‍ ശ്രദ്ധനേടുന്നുണ്ട്. ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രത്തെ കാണാന്‍ അഞ്ഞൂറാന്‍ എത്തുന്ന രംഗം കോവിഡ് കാലത്ത് കുട്ടികളെ യാത്രയ്ക്ക് കൊണ്ടുപോകാതിരിക്കുക എന്ന മെസേജുമായി എത്തിയതും കൈയടി നേടി.

മാസ് മീഡിയ വിഭാഗത്തിലെ സുജ, ചിത്ര, അരുണ്‍ എന്നീ ഓഫീസര്‍മാരാണ് ആശയം നല്‍കുന്നത്. ഡി എം ഒ കൂടി അപ്രൂവ് ചെയ്താണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തുക. ആരോഗ്യ വകുപ്പിനായും ജനനന്മക്കായും കോവിഡ് കാലത്ത് ഇത്രയും ചെയ്യാനാവുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും കണ്ണനുണ്ണിയും അനുവും പറഞ്ഞു. മിമിക്രി കലാകാരനും റേഡിയോ ജോക്കിയുമാണ് കണ്ണനുണ്ണി.സംരംഭകയാണ് അനു കണ്ണനുണ്ണി.

About the author

Subhash Krishnan

Leave a Comment

error: Content is protected !!