Columns Election Kerala

കഴക്കൂട്ടത്ത് തരംഗം തീര്‍ത്ത് ശോഭ സുരേന്ദ്രന്‍

Written by Subhash Krishnan

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ബിജെപിയും ഏറെ വിജയസാധ്യത കാണുന്ന മണ്ഡലമാണ് കഴക്കൂട്ടം. തലസ്ഥാന ജില്ലയില്‍ ബിജെപിക്കും ഭരണ കക്ഷിയായ എല്‍ഡിഎഫിനും അഭിമാനപ്പോരാട്ടമാണ് കഴക്കൂട്ടം മണ്ഡലത്തിലേത്. സംസ്ഥാന രാഷ്ട്രീയത്തിലെ പാര്‍ട്ടിയുടെ കരുത്തയായ പോരാളി  ശോഭ സുരേന്ദ്രനെ കളത്തിലിറക്കി തീ പാറുന്ന മത്സരത്തിനാണ് ബിജെപി വഴിതുറന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് കഴക്കൂട്ടം. 42,732 വോട്ടുകള്‍ അക്കുറി ബിജെപി സ്വന്തമാക്കി. സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രന്‍ 7,347 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയത്തിലെത്തി. മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ വോട്ട് അടിത്തറയുണ്ടെന്ന് ആ തെരഞ്ഞെടുപ്പ് അടിവരയിട്ടു.

ദേവസ്വം മന്ത്രിയെന്ന പരിവേഷത്തില്‍ എത്തുന്ന കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഇക്കുറിയും ബിജെപി സ്ഥാനര്‍ത്ഥിയുടെ മുഖ്യ എതിരാളി. ശബരിമല വിഷയം ഉയര്‍ത്തിയാണ് കടകംപള്ളിയെ ശോഭ സുരേന്ദ്രന്‍ കടന്നാക്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ വിശ്വാസി സമൂഹത്തെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരും കടകംപള്ളിയും ഇപ്പോള്‍ വോട്ടിനായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു.

ബിജെപി വോട്ടുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം നിഷ്പക്ഷത  പുലര്‍ത്തുന്നവരുടെയും വിശ്വാസി സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെയും വോട്ടുകളും പിടിച്ചാല്‍ കഴക്കൂട്ടത്ത് കടകംപള്ളിയെ മറിച്ചിടാമെന്ന് ബിജെപി ഉറപ്പിക്കുന്നു. മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ്. ലാലിന്റെ സാധ്യതകള്‍ തുലോമാണ്.

സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ ഇടത്, വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ ഒപ്പം പിടിക്കാനും ഒരു പരിധിവരെ കടത്തിവെട്ടാനും ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ശോഭ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടുന്നത്. ശോഭയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന എതിരാളികളുടെ ആരോപണത്തെ നിര്‍വീര്യമാക്കി ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പ്രചാരണത്തിനിറങ്ങിയതും പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ തോതില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എന്‍.ഡി.എ ക്യാമ്പില്‍ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമാണ് കെ. സുരേന്ദ്രന്റെ വിലയിരുത്തല്‍. പാര്‍ട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!