Columns Election Kerala

കേന്ദ്ര പദ്ധതികള്‍ കണ്ണന്താനത്തിലൂടെ ഉറപ്പാക്കി കാഞ്ഞിരപ്പള്ളി

Written by Subhash Krishnan

കാഞ്ഞിരപ്പള്ളി: കേവലം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ മാത്രമുള്ളതല്ല വാഗ്ദാനങ്ങള്‍, മറിച്ച് നടപ്പാക്കാനുള്ളതാണെന്ന് മുന്‍പും കാഞ്ഞിരപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് പ്രാവര്‍ത്തികമാക്കി കാണിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിജയമുറപ്പിച്ച് വോട്ടര്‍മാര്‍. മണ്ഡലം അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കണ്ണന്താനം മുന്നില്‍ത്തന്നെയുണ്ടാവുമെന്ന ഉറപ്പാണ് തദ്ദേശവാസികള്‍ക്ക്. കാഞ്ഞിരപ്പള്ളി നിവാസികള്‍ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമായി കണ്ണന്താനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മണ്ഡലം ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.

വിജയിച്ചാല്‍ മണിമല മേജര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി അഞ്ച് പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന വാഗ്ദാനം കണ്ണന്താനം മുന്നില്‍വയ്ക്കുന്നുണ്ട്. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി സദാനന്ദഗൗഡ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് വികസനത്തിന്റെ പേരില്‍ ഇനി കണ്ണീരൊഴുക്കേണ്ടി വരില്ലെന്ന ഉറപ്പും നല്‍കുന്നു.

കണ്ണന്താനം വിജയിച്ചാല്‍ കേന്ദ്രത്തിന്റെ നിരവധി വികസന പദ്ധതികള്‍ മണ്ഡലത്തില്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് സദാനന്ദഗൗഡ പറഞ്ഞു. കേന്ദ്രപദ്ധതികളോട് എന്നും മുഖം തിരിച്ചുനില്‍ക്കുന്ന കേരളത്തിലെ ഇടത്- വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയല്ല, മറിച്ച് വിവിധ പദ്ധതികളില്‍ നിന്നും എന്തുമാത്രം തുക സ്വന്തം പോക്കറ്റിലെത്തിക്കാമെന്ന പര്യവേക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കിയത്.

കേരളത്തിലെ സര്‍ക്കാരുകള്‍ വന്‍കിട പദ്ധതികളോട് എന്നും മുഖം തിരിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളടക്കം വന്‍ വികസന പ്രക്രിയകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അടച്ചുപൂട്ടാന്‍ മാത്രമറിയാവുന്നവരായി കേരളത്തിലെ മുന്നണി സര്‍ക്കാരുകള്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

About the author

Subhash Krishnan

Leave a Comment

error: Content is protected !!