Columns Election Kerala

കൊടുങ്ങല്ലൂരില്‍ മത്സരം കടുപ്പിച്ച് സന്തോഷം ചെറാക്കുളം

Written by Subhash Krishnan

കൊടുങ്ങല്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏറ്റവും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍. എന്‍ഡിഎയ്ക്കായി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന, മണ്ഡലത്തില്‍ ഏറെ സ്വാധീനവും ജനകീയതയുമുള്ള സന്തോഷ് ചെറാക്കുളം വിജയ സാധ്യത മുന്നില്‍ക്കാണുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി.ആര്‍. സുനില്‍ കുമാറും സന്തോഷ് ചെറാക്കുളവും തമ്മിലാണ് ശരിക്കുള്ള പോരാട്ടമെന്ന് സര്‍വേ ഫലങ്ങള്‍ അടിവരയിടുന്നു.

കൊടുങ്ങല്ലൂരില്‍ ഇതുവരെ ഇടത്, വലത് മുന്നണികള്‍ പരിഗണിക്കാത്ത വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് സന്തോഷ് ചെറാക്കുളത്തിന്റെ പ്രചാരണം. കുടിവെള്ള പ്രശ്‌ന പരിഹാരമാണ് സന്തോഷ് ചെറാക്കുളം മുന്നില്‍വയ്ക്കുന്ന പ്രധാന വാഗ്ദാനം. മണ്ഡലത്തിലാകെ കുടിവെള്ളമെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് സന്തോഷ് ചെറാക്കുളം വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് മണ്ഡലത്തില്‍ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.

കയര്‍, മത്സ്യം, കൃഷി മേഖലകളിലെ സ്തംഭാനവസ്ഥയ്ക്ക് പരിഹാരം കാണാനും സന്തോഷ് ചെറാക്കുളം ഉന്നമിടുന്നു. കൊടുങ്ങല്ലൂര്‍, കരുപ്പടന്ന, നാരായണമംഗലം, വള്ളിവട്ടം എന്നിവിടങ്ങളിലെ ചകിരി തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും. ചകിരി വ്യവസായ മേഖലയിലെ തൊഴിലില്ലായ്മ ദൂരീകരിക്കാനും സന്തോഷ് ചെറാക്കുളം യത്‌നിക്കും.

കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ കണക്കന്‍കടവ് പാലം യാഥാര്‍ത്ഥ്യമാക്കും, മാള സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കും, പ്രളയ ദുരിത ബാധിതര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കിട്ടാന്‍ പരിശ്രമിക്കും, വേലിയേറ്റ സമയത്ത് വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് താഴ്ന്ന പ്രദേശങ്ങളെ സംരക്ഷിക്കാന്‍ പുഴയോരം സൈഡുകള്‍ ചിറകെട്ടി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുകയും വിഷചികിത്സയ്ക്കും ഹൃദ്രോഗത്തിനും അടിയന്തര പ്രാധാന്യം ഉറപ്പാക്കുകയും ചെയ്യും, കാവില്‍ കടവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയും ചേരി നിവാസികള്‍ക്ക് വീടും പട്ടയവും നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും, ചന്തപ്പുരയിലെ ഒരേക്കറോളം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും സന്തോഷ് ചെറാക്കുളം സമ്മതിദായകര്‍ക്ക് മുന്നില്‍വയ്ക്കുന്നു.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!