Sports

ഫൈനല്‍ ബെര്‍ത്ത് തേടി ഇന്ത്യയും ന്യൂസിലന്‍ഡും

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററില്‍ നടക്കുന്ന സെമിയില്‍ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ടീമുകള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മഴയില്‍ നിന്നാണ്. പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ സെമിയാണിത്. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ഐസിസി ടൂര്‍ണമെന്റുകളില്‍ നേര്‍ക്കുനേര്‍ വന്ന 10 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യയെ മറികടന്ന ചരിത്രം കിവികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. വില്യംസണും ബോള്‍ട്ടും ഒഴികെയുള്ളവര്‍ വ്യക്തിഗതമികവില്‍ പിന്നിലെങ്കിലും ടീമായി ഇറങ്ങുമ്പോള്‍ ആരെയും മുറിപ്പെടുത്താന്‍ കഴിയുന്നവരാണ് ന്യൂസിലന്‍ഡ്. ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. ഓപ്പണിംഗില്‍ കൂട്ടായെത്തുന്ന കെ.എല്‍. രാഹുല്‍ മികച്ച ഫോമിലാണ്. ആദ്യ സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ് വിരാട് കോഹ്‌ലി. മുന്‍നിരയിലെ മൂവര്‍ സംഘം പിരിഞ്ഞാല്‍ മധ്യനിരിയില്‍ എന്ത് സംഭവിക്കുമെന്ന് ഇന്ത്യക്ക് ആശങ്കയുണ്ടാകും. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ്. ധോണി റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും മെല്ലെ പോക്ക് നെഗറ്റീവായി ബാധിക്കും. കുല്‍ദീപിനോ ചഹാലിനോ പകരം ബാറ്റിങ് ഓള്‍റൗണ്ടര്‍ ജഡേജയെത്തിയാല്‍ ടീമിന് അത് ഗുണം ചെയ്യും. അതേസമയം കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് വിട്ടുനല്‍കിയ ഭുവനേശ്വറിന് പകരം ഷമി ടീമിലെത്താനും സാധ്യതയുണ്ട്. സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ എറിഞ്ഞിട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ മഴ കാരണം കളി നടന്നില്ല. ലോകകപ്പുകളില്‍ ഇന്ത്യക്ക് എട്ടാം സെമി. മൂന്ന് വട്ടം ഫൈനലിലേക്ക് മുന്നേറി. ഏഴ് സെമിയില്‍ ആറിലും തോറ്റത് ന്യൂസിലന്‍ഡിന്റെ ചരിത്രവും. പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലന്‍ഡ് നേരിട്ടു. ഒടുവില്‍ പോയന്റ് പട്ടികയില്‍ പാക്കിസ്ഥാനൊപ്പമായിരുന്നെങ്കിലും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെക്കാള്‍ ഒരുപടി മുന്നിലായിരിക്കും. ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലന്‍ഡിന് ഇത് എട്ടാം സെമി. ഏറക്കുറെ ആധികാരികമായിരുന്നു ഇക്കുറി ഇന്ത്യയുടെ മുന്നേറ്റം. പ്രാഥമിക ഘട്ടത്തില്‍ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം. ഓപ്പണര്‍ രോഹിത് ശര്‍മ എട്ട് ഇന്നിങ്സില്‍ അഞ്ച് സെഞ്ചുറിയടക്കം 647 റണ്‍സടിച്ച് ലോകകപ്പ് റണ്‍വേട്ടയില്‍ ഒന്നാമതുണ്ട്. തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറിയടക്കം 442 റണ്‍സടിച്ച ക്യാപ്റ്റന്‍ കോലിയും 359 റണ്‍സുമായി കെ.എല്‍. രാഹുലും തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇവര്‍ മൂന്നുപേര്‍ ചേര്‍ന്ന് 1347 റണ്‍സ് അടിച്ചുകഴിഞ്ഞു. ഈ ആക്രമണനിരയെ ആരായാലും പേടിക്കും. അതേസമയം ലോക്കി ഫെര്‍ഗൂസന്‍ (17 വിക്കറ്റ്), ട്രെന്റ് ബോള്‍ട്ട് (15 വിക്കറ്റ്), മാറ്റ് ഹെന്റി (10) എന്നിവര്‍ ചേര്‍ന്ന പേസ് ആക്രമണമാണ് ന്യൂസീലന്‍ഡിന്റെ ശക്തി. ഈ സഖ്യം 42 വിക്കറ്റ് നേടിയിട്ടുണ്ട്. പരിക്കിലായിരുന്ന ലോക്കി ഫെര്‍ഗൂസന്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നില്ല. സുഖംപ്രാപിച്ച് ഇന്ന് ഇറങ്ങുമെന്ന് കരുതുന്നു. ബാറ്റിങ്ങില്‍ പക്ഷേ, ന്യൂസീലന്‍ഡിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരേയൊരാള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രം. ഇതുവരെ ഫോമിലാകാത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഒരുവേള നിലയുറപ്പിച്ചാല്‍ അപകടകാരിയാകും. പരിക്കുകാരണം ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനും വിജയ് ശങ്കറും മടങ്ങിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ പല മാറ്റങ്ങളും പരീക്ഷിച്ചു. 16 പേരെ ഇതിനകം കളിപ്പിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍- മൂന്ന് പേസര്‍മാരെയും ഇന്ന് കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിര്‍ത്താം. ആറാം നമ്പറിലെ ബാറ്റ്സ്മാനെ (കേദാര്‍ ജാദവ്/ദിനേഷ് കാര്‍ത്തിക്) മാറ്റി രവീന്ദ്ര ജഡേജയെ കൊണ്ടുവരാനും സാധ്യതയുണ്ട്.

About the author

Vishwam

Leave a Comment

error: Content is protected !!