റാഞ്ചി: ഝാര്‍ഖണ്ഡിലുണ്ടായ നാടന്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഭീകരരുമായി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹൊയഹട്ടു വനമേഖലയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. തീവ്ര ഇടതു ആഭിമുഖ്യമുള്ള വിധ്വംസക പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സും സിആര്‍പിഎഫും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഹര്‍ദ്വാര്‍ ഷാ, കിരണ്‍ ഔറോണ്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്. ജാഗ്വാര്‍ യൂണിറ്റിലെ ജവാന്മാരാണ് ഇരുവരും.
പരിക്കേറ്റവരില്‍ രണ്ട് പേര് ജാഗ്വാര്‍ യൂണിറ്റിലെ അംഗങ്ങളും ഒരാള്‍ സിആര്‍പിഎഫിന്റെ 197 ബറ്റാലിയനിലെ ജവാനുമാണ്. ദേവേന്ദ്ര കുമാര്‍, ദീപ് ടോപ്നോ, നിക്കു ഒറാവോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.