ഇസ്ലാമാബാദ്: ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിന് കൂടുതല്‍ ഫലപ്രദമെന്ന് വിലയിരുത്തി പാകിസ്ഥാനും. ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ഉപയോഗിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്കി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ ഡോണ്‍ ദിനപത്രവുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങാന്‍ പാകിസ്ഥാന് സാധിക്കില്ല. അതിനാല്‍ ഇന്ത്യന്‍ വാക്സിനുകള്‍ക്കുവേണ്ടി ലോകാരോഗ്യ സംഘടനയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന് ആന്‍ഡ് ഇമ്യൂണൈസേഷന് (ഗവി) രൂപീകരിച്ച കോവാക്സ് പദ്ധതി പ്രകാരം പാകിസ്ഥാന് ഇന്ത്യന്‍ വാക്സിനുകള്‍ ലഭ്യമാക്കും. ലോകത്തെ 190 രാജ്യങ്ങളില്‍ 20 ശതമാനത്തിന് കൊറോണ വാക്സിന് സൗജന്യമായി നല്‍കുമെന്ന് കോവാക്സ് വാഗ്ദാനം ചെയ്തിരുന്നു.