Videos

ചാവേറുകള്‍ ആവര്‍ത്തിക്കുമ്പോള്‍

Written by Subhash Krishnan

എസ്. ആനന്ദ് രാജ്
ജയമില്ലെങ്കില്‍ ജീവിതം വേണ്ട എന്നുപറഞ്ഞ് പോരിനിറങ്ങുന്ന ചാവേറുകളുടെ ചരിത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ആര്‍ക്കോ വേണ്ടി പടവെട്ടി ജീവിതം ഹോമിക്കുന്ന ചാവേറുകള്‍ ആധുനിക യുഗത്തിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയ്ക്കായി ആഹുതി ചെയ്യപ്പെട്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് ചാവേര്‍ എന്ന ഷോര്‍ട്ട് ഫിലിം. ബെസ്റ്റ് എക്‌സ്‌പെരിമെന്റല്‍ ഷോര്‍ട്ട് ഫിലിമിനുള്ള ജാസ് ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡും ‘ചാവേര്‍ ‘ നേടി. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ചാവേറിലെ അഭിനയത്തിന് ശ്രീ ഭദ്ര സുരേഷ് സ്വന്തമാക്കി.

കുടിപ്പകകളില്‍ ഒറ്റപ്പെട്ടുപോകുന്ന ബാല്യം, കൊറോണ എന്ന മഹാമാരിയുടെ താണ്ഡവത്തില്‍ പ്രിയപ്പെട്ടവരുടെ വിയോഗം ഏല്‍പ്പിക്കുന്ന ആഘാതം, പ്രതീക്ഷകളറ്റ് വഴിമുട്ടുന്ന ജീവിതം. തീഷ്ണങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നൊന്നായി തുറിച്ചുനോക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിമില്‍. നേതാവിന്റെ വളര്‍ച്ചയ്ക്കായി ഒരുക്കുന്ന രാഷ്ടീയ കൊലപാതകം. അതിലൂടെ ശിഥിലമാകു ന്ന കുടുംബങ്ങള്‍, ഒറ്റപ്പെടുന്ന ബാല്യം. പ്രമേയത്തിലും അവതരണത്തിലും മറ്റ് ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് വ്യത്യസ്തമാവുകയാണ് ചാവേര്‍.

അമീറയിലും ബാലതാരം

അറുപതിലധികം വേദികളില്‍ നൃത്താവതരണം നടത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ ശ്രീഭദ്ര സുരേഷ് അഭിനയത്തില്‍ പുതിയ മാനങ്ങള്‍ തേടുകയാണ് ചാവേര്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ. അഭിനയ മികവിന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് നേടിയതിന്റെ ആഹ്ലാദത്തിലാണ് ഈ ഒമ്പതു വയസുകാരി. ഒ. ടി. ടി. റിലീസിന് തയാറെടുക്കുന്ന അമീറ എന്ന സിനിമയിലും ശീ ഭദ്ര സുരേഷ് അഭിനയിക്കുന്നുണ്ട്. മീനാക്ഷിയാണ് ഈ സിനിമയില്‍ മുഖ്യ വേഷത്തില്‍ വരുന്നത്. റിയാസ് മുഹമ്മദ് ആണ് ഈ സിനിമയുടെ സംവിധായകന്‍. കോമഡി ഉത്സവം ഉള്‍പ്പെടെ ടി വി ചാനല്‍ ഷോ കളിലും പരിപാടി അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നിരവധി ആല്‍ബങ്ങളിലും വേഷമിട്ടിട്ടുണ്ട്. സ്‌നേഹസ്പര്‍ശം, യുവ ഒന്നാം അധ്യായം തോല്‍വി, വൃത്തം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ ശ്രദ്ധേയമായ വേഷവും ഈ ബാലതാരം അവതരിപ്പിച്ചിട്ടുണ്ട്. വേളൂര്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീഭദ്ര. അച്ഛന്‍ സുരേഷിനും അമ്മ അമ്പിളി സുരേഷിനും സഹോദരിമാരായ ശ്രീലക്ഷ്മി, ശ്രീനന്ദ എന്നിവര്‍ക്കുമൊപ്പം കോട്ടയം വേളൂര്‍ മാണിക്കുന്നിലാണ് ശ്രീ ഭദ്ര സുരേഷ് താമസിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് ഫെയിം ജോ വര്‍ഗീസിന്റെ മികച്ച വേഷം

ചാവേറിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഡോണ്‍സ്. എന്‍. ജോസഫ് ആണ്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പോളിടെക്‌നിക്ക് എന്നീ സിനിമകളുടെ ക്യാമറാമാനാണ് ചാവേറിനായി ക്യാമറ ചലിപ്പിച്ചത്. മേക്കപ്പ് ഒരുക്കിയത് രാജന്‍ മാക്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയല്‍ ഫെയിം ജോ വര്‍ഗീസ് ആണ് ചാവേറിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ടത്. സ്വന്തം മകളെ കുറിച്ചുള്ള ആകുലതകള്‍ പേറി ജയിലില്‍ കഴിയുന്ന അച്ഛന്‍ മകളെ തേടി എത്തുകയാണ്. അച്ഛന്റെ വേദനകളുടേയും വിഹ്വലതകളുടേയും മുഖമാവുകയാണ് ജോ വര്‍ഗീസ്.

നിഥിന്‍ ജോര്‍ജ്, മിഥുന്‍ ജോര്‍ജ്, അജിത് എബ്രഹാം തുടങ്ങിയവരും ഈ ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലായി രണ്ട് ദിവസം കൊണ്ടാണ് ചാവേര്‍ ചിത്രീകരിച്ചത്. ആന്‍ഡ്രൂസ് ജേക്കബ് നിര്‍മിച്ച് ഡോണ്‍സ് മൂവി വേള്‍ഡാണ് ചാവേര്‍ പുറത്തിറക്കുന്നത്.

 

About the author

Subhash Krishnan

Leave a Comment