കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു.
ബരാക്പുര്‍ എംഎല്‍എ ഷിബാന്ദ്ര ദത്തയാണ് ഏറ്റവും ഒടുവിലായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ പാര്‍ട്ടിക്ക് അഭിമതനല്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് അയച്ച രാജിക്കത്തില്‍ ദത്ത പറഞ്ഞു. അതേസമയം, ദത്ത എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരില്‍ കാബിനറ്റ് പദവിയുണ്ടായിരുന്ന സുവേന്ദു അധികാരി, പാണ്ഡബേശ്വര്‍ എംഎല്‍എ ജിതേന്ദ്ര തിവാരി എന്നിവരും തൃണമൂല്‍ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇരുവരും ബിജെപിയില്‍ ചേക്കേറുമെന്നാണ് വിവരം. നേരത്തെ, മുന്‍ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജി തൃണമൂലില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വര്‍ഷാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളെ നഷ്ടപ്പെടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.