Columns Kerala

കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ രാജിവച്ചു

തൃശൂര്‍: സിപിഎം നേതാക്കളുടെ പരിധിവിട്ട അധികാരമോഹം കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന്റെ രാജയില്‍ കലാശിച്ചു. സിപിഎം ഭരണത്തിന്റെ അവസാന നാളുകളില്‍ പരമാവധി അധികാരക്കസേരകള്‍ ഉറപ്പിക്കാനായി വിവിധ തസ്തികകള്‍ സൃഷ്ടിച്ചും നിലവിലുള്ളവയില്‍ അനധികൃത നിയമനം നടത്തിയും അരാജകത്വം സൃഷ്ടിക്കുകയാണ്. മുതിര്‍ന്ന അധ്യാപകരെ വെട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദുവിന് കേരളവര്‍മയില്‍ വൈസ് പ്രിന്‍സിപ്പല്‍ നിയമനം കൊടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് നിലവിലെ പ്രിന്‍സിപ്പല്‍ ഡോ. എ.പി. ജയദേവന്‍ രാജിവച്ചത്. തന്റെ രാജിക്കത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയതായി ജയദേവന്‍ അറിയിച്ചു. ഒക്ടോബര്‍ മുപ്പതിനാണ് കേരളവര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കുകയും ചെയ്തു. കോളേജില്‍ ആദ്യമായാണ് ഒരു വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളേജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം കോളേജിലാണ് വഴിവിട്ട രീതിയില്‍ ഈ നിയമനം നടന്നത്. സര്‍ക്കാര്‍ കോളേജുകളില്‍ വൈസ് പ്രിന്‍സിപ്പല്‍ പോസ്റ്റ് നിലവില്‍ ഇല്ലെന്നിരിക്കെ ഇടതുമുന്നണി കണ്‍വീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റ് ഉണ്ടാക്കി നിയമനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. യുജിസി റെഗുലേഷന്‍സിന് വിരുദ്ധമായാണ് ഈ നിയമനം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പുറത്തിറങ്ങുന്നതിനു തൊട്ടുമുന്‍പ് ധൃതിപിടിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഇടതുമുന്നണി കണ്‍വീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി വൈസ് പ്രിന്‍സിപ്പലായി അവരോധിച്ചത്. ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ നിയമനം ആയതിനാല്‍ ഈ നിയമനത്തെക്കുറിച്ച് രൂക്ഷമായ എതിര്‍പ്പ് രൂപപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സിപിഎം ഉന്നതരെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. മാര്‍ക്ക് ദാനം, വഴിവിട്ട നിയമനങ്ങള്‍ തുടങ്ങി സ്വര്‍ണക്കടത്ത് വരെയുള്ള ആരോപണങ്ങളില്‍ പ്രതിരോധത്തിലായ ജലീലിന് ഇപ്പോള്‍ ബിന്ദുവിന്റെ നിയമനം അടുത്ത അടിയായിരിക്കുകയാണ്. കോളേജ് കാര്യങ്ങളില്‍ അവസാന വാക്ക് പ്രിന്‍സിപ്പലിന്റേതാണ്. സാമ്പത്തികമായും അക്കാദമികമായും പ്രിന്‍സിപ്പലിനാണ് കോളേജുകളില്‍ അധികാരമുള്ളത്. കോളേജിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍. കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി പ്രിന്‍സിപ്പല്‍ ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും യോജിച്ച് ചെയ്യണം എന്നാണ് ബിന്ദുവിനു വേണ്ടി ഇറക്കിയ ഉത്തരവില്‍ പറയുന്നത് കിഫ്ബി, ഡെവലപ്‌മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും എന്‍ഐആര്‍എഫ്, നാക്, ഐക്യുഎഎസി, റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വൈസ് പ്രിന്‍സിപ്പലിനാണ് നല്‍കിയിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കണമെങ്കില്‍ അതിനു കോളേജ് പ്രിന്‍സിപ്പല്‍ മുന്‍കൈ എടുക്കണം. ജോലിഭാരം മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തണം. പ്രിന്‍സിപ്പല്‍ മാനേജ്‌മെന്റിനെ അറിയിച്ചാല്‍ പ്രിന്‍സിപ്പലിന്റെ റെക്കമെന്റെഷന്‍ അനുസരിച്ച് വൈസ് പ്രിന്‍സിപ്പലിനെ നിയോഗിക്കാം. കോളേജിലെ മുതിര്‍ന്ന അധ്യാപകന് വേണം ഈ തസ്തിക നല്‍കാന്‍- എന്നൊക്കെ നിബന്ധനകളുണ്ട്. ഇതെല്ലാം അട്ടിമറിച്ചാണ് സിപിഎം സെക്രട്ടറിക്കുവേണ്ടി ജലീല്‍ രംഗത്തിറങ്ങി പദവി സൃഷ്ടിച്ച് നിയമനം നടത്തിയിരിക്കുന്നത്.

About the author

Vishwam

Leave a Comment

error: Content is protected !!