Columns India Kerala

കള്ളം പറഞ്ഞും പിടിച്ചുനില്‍ക്കാനാവുന്നില്ല; തോമസ് ഐസക്കിന്റെ വാദങ്ങള്‍ പൊളിയുന്നു

കൊച്ചി: കള്ളം പറഞ്ഞിട്ടും പിടിച്ചുനില്‍ക്കാനാവാതെ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദത്തില്‍ സിഎജിക്കെതിരെ മന്ത്രി പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാവുകയാണ്. മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് ഭരണഘടന വിരുദ്ധമാണെന്ന കാര്യം കരട് റിപ്പോര്‍ട്ടില്‍ സിഎജി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കും മുന്‍പ് സിഎജി ഇക്കാര്യം ധനവകുപ്പിനെ അറിയിക്കുകയും ധനവകുപ്പ് ഇക്കാര്യത്തില്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനെ സിഎജി അറിയിച്ചില്ലെന്നാണ് തോമസ് ഐസക് വാദിക്കുന്നത്. മാത്രമല്ല റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടിയാണ് തങ്ങള്‍ വിദേശത്തുനിന്നും ധനസമാഹരണം നടത്തിയതെന്ന വാദവും തോമസ് ഐസക് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആര്‍ബിഐ ഇതിനായി നല്‍കിയ അനുമതിയില്‍ മറ്റേതെങ്കിലും ഏജന്‍സികളുടെ അനുമതി ആവശ്യമാണെങ്കില്‍ അത് നേടിയിരിക്കണം എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം തോമസ് ഐസക് മനപൂര്‍വം പൊതുജനങ്ങളില്‍ നിന്നു മറച്ചുപിടിക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ കൈമാറിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച 2018-19 ലെ റിപ്പോര്‍ട്ട് സിഎജി തയാറാക്കിയത്. ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലവട്ടം ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. ഈ റിപ്പോര്‍ട്ട് അംഗീകാരത്തിനായി ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് അയച്ചു. ജിഡിപിയുടെ മൂന്ന് ശതമാനം മാത്രം വായ്പയെടുക്കാനാണു കേരളത്തിന് അനുമതിയുള്ളത്. എന്നാല്‍ മസാല ബോണ്ട് വഴിയുള്ള 2150 കോടിയുടെ വായ്പ സമാഹരണം കാരണം ഈ പരിധി ലംഘിച്ചെന്നു ഡല്‍ഹിയിലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിദേശത്തു നിന്നുള്ള കടമെടുപ്പും തെറ്റാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനം ഇങ്ങനെ പരിധി വിട്ടുള്ള കടമെടുപ്പിലേക്കു നീങ്ങിയാല്‍ മറ്റു പല സംസ്ഥാനങ്ങളും ഈ പാത പിന്തുടരുമെന്നും അതിനാല്‍ മസാല ബോണ്ട് വഴിയുള്ള കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടണമെന്നും ഡല്‍ഹി ഓഫിസില്‍ നിന്നു തിരുവനന്തപുരത്തേക്ക് അറിയിപ്പെത്തി. തുടര്‍ന്നു തിരുവനന്തപുരത്തെ സിഎജി ഓഫിസില്‍നിന്ന് റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തി അതിന്റെ പകര്‍പ്പ് ധനവകുപ്പിന് അയച്ചു കൊടുത്തു. സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്കു ബാധകമല്ലെന്ന വിശദമായി മറുപടി ധനവകുപ്പ് സിഎജിക്കും നല്‍കി. എന്നാല്‍, തങ്ങളുടെ കണ്ടെത്തലില്‍ സിഎജി ഉറച്ചു നില്‍ക്കുകയും കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളോടെ തന്നെ അന്തിമ റിപ്പോര്‍ട്ട് ധന സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. കേന്ദ്രത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പുപോലും പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നു സിഎജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

About the author

Admin

Leave a Comment

error: Content is protected !!