Kerala

ഇഡി അന്വേഷണം കോടിയേരി കുടുംബത്തിലേക്കെന്ന് സൂചന

Written by Admin

കൊച്ചി: മയക്കുമരുന്ന് കേസില്‍ അഴിക്കുള്ളില്‍ കിടക്കുന്ന ബിനീഷിനെയും കുടുംബത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിവിടില്ല. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി തയാറെടുക്കുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുമെന്നുതന്നെയാണ് സൂചനകള്‍. ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനി ബാലകൃഷ്ണനു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണ് ഇഡി അന്വേഷണം വിപുലമാക്കുന്നത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇഡി ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇഡി നടപടികള്‍ തുടരുകയാണ്. ബംഗളൂരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇഡി നോട്ടീസയച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്തെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിഎസ് സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയിരുന്നു. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017ല്‍ ബാങ്കില്‍ വിനോദിനി നേരിട്ടെത്തി 38 ലക്ഷം രൂപ അടച്ചുതീര്‍ത്തെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒറ്റയടിക്ക് ഇത്രയും വലിയതുക അടച്ച് വായ്പ ക്ലോസ് ചെയ്തതാണ് ഇഡിയുടെ സംശയങ്ങള്‍ ഈ വഴിക്ക് നീങ്ങാന്‍ കാരണം. ഈ വാഹനം പിന്നീട് ബി. ബാബുരാജ് എയാളുടെ പേരിലേക്കു മാറ്റി. ഇയാളെപ്പറ്റിയും ഇഡി അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്തെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി മുന്നോട്ടു നീങ്ങുന്നത്. ബിനീഷിന്റെ ചേട്ടന്‍ ബിനോയിയും അമ്മ വിനോദിനിയും അധികം താമസിയാതെ ഇഡിയുടെ കസ്റ്റഡിയിലാവുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

About the author

Admin

Leave a Comment

error: Content is protected !!