കോഴിക്കോട്: പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിഎസ്സി നിയമനങ്ങള്‍ നടത്തിയെന്നവകാശപ്പെടുന്ന ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം സ്ഥിരമാക്കിയതോടെയാണ് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ തീരുമാനിച്ചത്. എല്ലാ പരിധികളും ലംഘിച്ചാണ് ഈ സര്‍ക്കാര്‍ ആശ്രിത നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. പരിധിവിട്ട ആശ്രിത നിയമനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളിലും പ്രതിഷേധിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് ചെയ്യുമെന്ന് പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരുടെ കൂട്ടായ്മ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉദ്യോഗാര്‍ഥികള്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഴിമതി ആരോപണങ്ങളെ എങ്ങിനെ നേരിടണമെന്നറിയാതെ കുഴങ്ങിയിരിക്കുമ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. ഇവര്‍ പരസ്യമായി രംഗത്തിറങ്ങിയാല്‍ എല്‍ഡിഎഫിന്റെ ഉറച്ച വോട്ടുകള്‍ പോലും ഛിന്നഭിന്നമാകുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്കു വോട്ട് ചെയ്യാനാണു പിഎസ്സിയുടെ വിവിധ റാങ്ക് പട്ടികകളിലുള്ളവരുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് വേരിയസ് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാനൂറിലേറെ റാങ്ക് പട്ടികകളിലായി രണ്ടു ലക്ഷത്തോളം പേരാണു കൂട്ടായ്മയിലുള്ളത്. 50 ലക്ഷത്തോളം വരുന്ന പിഎസ്സിയില് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 40 ലക്ഷത്തോളം തൊഴിലന്വേഷകരെയും വഞ്ചിക്കുകയാണ് സര്‍ക്കാരെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. നേതാക്കന്മാരുടെ കുടുംബത്തിലുള്ളവര്‍ക്ക് എല്ലാ നിയമങ്ങളും മറികടന്ന് നിയമനങ്ങളും നിയമനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കാലാവധി തീരാറായ 46285 പേരുടെ റാങ്ക് ലിസ്റ്റില്‍ 5000 നിയമനങ്ങള്‍ പോലും നടത്തിയിട്ടുമില്ല. 100 ദിന കര്‍മ്മപരിപാടിയില്‍ 50000 നിയമനങ്ങള്‍ എന്ന് പറയുമ്പോഴും അതിലെ 10 ശതമാനം നിയമനം പോലും റാങ്ക് ലിസ്റ്റുകളില്‍ നിന്നും നടത്താതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. 2018- 2021 കാലയളവില്‍ നടന്നത് ആകെ 4942 നിയമന ശുപാര്‍ശകള്‍ മാത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്താനും ഇവര്‍ ആലോചിക്കുന്നുണ്ട്. നിയമനം നടത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുംവാക്കാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമനങ്ങള്‍ നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇനി നടക്കുമെന്ന പ്രതീക്ഷയുമില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പാര്‍ട്ടിക്കാരെ ഇഷ്ടംപോലെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ യാതൊരു മടിയും കാണിക്കുന്നുമില്ല. തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗാര്‍ഥികളുടെ സംഘനയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തും. സര്‍ക്കാരിനെതിരെയുള്ള ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധ സമരം ഈ തിരഞ്ഞെടുപ്പില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കു പോലും അഭിപ്രായവ്യത്യാസമില്ല.