Kerala

കിഫ്ബി വിവാദം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: കിഫ്ബിയുടെ ഭരണഘടന ലംഘനം സംസ്ഥാനത്ത് ചര്‍ച്ചയായതോടെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ കുരുക്ക് മുറുകുന്നു. കിഫ്ബി സിഇഒ കെ.എം. എബ്രഹാമിന്റെ ആശയത്തില്‍ വിരിഞ്ഞ മസാലബോണ്ട് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ചുക്കാന്‍ പിടിച്ചത് തോമസ് ഐസക്കാണ്. അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും ഈ തലതിരിഞ്ഞ ആശയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പൂര്‍ണമായും മൗനം പാലിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററാണെന്നതും പുറത്തുവന്നു. ഇതോടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് അഴിമതികളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തത കൈവന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും സ്വര്‍ണക്കടത്ത് പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. പി. വേണുഗോപാല്‍ കിഫ്ബി പിയര്‍ റിവ്യൂ ഓഡിറ്ററാണെന്ന് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് മസാല ബോണ്ട് ചര്‍ച്ച ചെയ്തത്. ഉയര്‍ന്ന പലിശനിരക്കില്‍ മസാല ബോണ്ടിറക്കി രാജ്യത്തിനു പുറത്തുനിന്നും പണം സമാഹരിക്കുന്നതിന്റെ ആവശ്യകതയെ അന്നുതന്നെ ധനസെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചോദ്യം ചെയ്തു. എന്നാല്‍ ധനമന്ത്രിയുടെ പിന്തുണയോടെ ബോര്‍ഡ് അംഗങ്ങളായ പ്രൊഫ. സുശീല്‍ ഖന്ന, ജെ.എന്‍. ഗുപ്ത, സലിം ഗംഗാധരന്‍, ആര്‍.കെ. നായര്‍ എന്നിവര്‍ മസാല ബോണ്ടിനായി കടുംപിടുത്തം തുടര്‍ന്നു. സിഇഒ കെ.എം. എബ്രഹാമും ഇക്കാര്യം ജനറല്‍ ബോഡിയില്‍ അജണ്ടയിലുള്‍പ്പെടുത്തി അവതരിപ്പിച്ചത് ധമന്ത്രിയുടെ അനുവാദത്തോടെ തന്നെയായിരുന്നു. ആഭ്യന്തര വിപണിയില്‍ കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുമെന്ന് പലപ്പോഴായി യോഗത്തില്‍ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ പലിശ നിരക്ക് കൂടിയാലും അന്താരാഷ്ട്ര വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരം ഉപയോഗിക്കണമെന്നാണ് തോമസ് ഐസക് യോഗത്തില്‍ വാദിച്ചത്. ഈ വാദം തോമസ് ഐസക്കിനെ ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാത്രമല്ല ശിവശങ്കറിന്റെയും സ്വപ്‌നയുടെയും പേഴ്‌സണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പി. വേണുഗോപാല്‍ കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായത് എങ്ങിനെയെന്ന സംശയവും പ്രബലമാകുകയാണ്. വേണുഗോപാല്‍ കിഫ്ബി ഓഡിറ്ററായത് എം. ശിവശങ്കറിന്റെ ഇടപെടലിലൂടെയാണെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്. കിഫ്ബിയിലെ പല പ്രൊജക്ടുകളിലും ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ശിവശങ്കറിന്റെ കള്ളക്കളികള്‍ക്ക് കരുത്തുപകരാനാണ് വേണുഗോപാലിനെ കിഫ്ബിയിലെത്തിച്ചത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതിനിടയില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട തോമസ് ഐസക്കിന്റെ നടപടി വന്‍ വിവാദമായിട്ടുണ്ട്. കരട് റിപ്പോര്‍്ട്ടാണ് താന്‍ പുറത്തുവിട്ടതെന്ന തോമസ് ഐസക്കിന്റെ വാദം ഖണ്ഡിച്ച് ഫൈനല്‍ റിപ്പോര്‍ട്ടാണ് തങ്ങള്‍ നല്‍കിയതെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന് സിപിഎം എംഎല്‍എമാരടക്കം സമ്മതിക്കുന്നുണ്ട്. ഇതോടെ തോമസ് ഐസക് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.

About the author

Vishwam

Leave a Comment

error: Content is protected !!