India

മറാഠ വികാരം ഉയര്‍ത്തി അര്‍ണബിനെ തടയാന്‍ ഉദ്ധവ്

മുംബൈ: റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ പ്രതിരോധത്തിലായ ശിവസേന മറാഠ വികാരം ഉയര്‍ത്തി പ്രതിരോധത്തിന് ശ്രമിക്കുന്നു. അധികാരത്തിനായി എന്തുനെറികേടും ചെയ്യാം എന്ന ആപ്തവാക്യവുമായാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഇപ്പോള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ കൂടെ നിന്ന് ജയിച്ചുകയറിയ ശിവസേന മുഖ്യമന്ത്രി പദത്തിനുവേണ്ടി ആജന്മശത്രുക്കളായ കോണ്‍ഗ്രസുമായി കൈകോര്‍ത്തു. ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ആദര്‍ശങ്ങളും മറന്ന് അധികാരത്തില്‍ തുടരാന്‍ ഏതറ്റംവരെയും പോകുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. പാല്‍ഘറില്‍ രണ്ട് ഹൈന്ദവസന്യാസിമാരെ ഒരുകൂട്ടം തീവ്രവാദികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ കാര്യം ഭാരതമെമ്പാടും എത്തിച്ചതോടെയാണ് അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ചാനല്‍ റിപ്പബ്ലിക് ടിവിയും ഉദ്ധവിനും കൂട്ടര്‍ക്കും ശത്രുക്കളാവുന്നത്. സര്‍ക്കാരിന്റെ ഏതൊരുവീഴ്ചയും ചടുലതയോടെ ജനങ്ങളിലേക്കെത്തിക്കാന്‍ മുന്‍കൈയെടുക്കുന്നതിനാല്‍ ആദ്യം മുതല്‍തന്നെ അര്‍ണബിനെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് കൂട്ടുകെട്ട് സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു. മാസങ്ങളായി അര്‍ണബിനെതിരെ ഒരു കേസിനുവേണ്ടി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുനോക്കിക്കൊണ്ടിരുന്നു. എന്നാല്‍ യാതൊരുപഴുതുമില്ലാതെ തന്റെ മാധ്യമപ്രവര്‍ത്തനം തുടര്‍ന്ന അര്‍ണബിനെ കുടുക്കാന്‍ തെളിവുകളില്ലാതെ തള്ളിപ്പോയ ഒരു കേസ് പൊടിതട്ടിയെടുക്കുകയാണ് അവര്‍ ചെയ്തത്. റിപ്പബ്ലിക് ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ശിവസേന രംഗത്തിറങ്ങിയെങ്കിലും അതും ഫലം കണ്ടില്ല. അതോടെയാണ് തള്ളിപ്പോയ കേസ് പുനരുജ്ജീവിപ്പിച്ചത്. എതിരാളികളെ അടിച്ചൊതുക്കാന്‍ ഏതുവഴിയും സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകൂടിയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അര്‍ണബിനെ സുപ്രീംകോടതി ഇടപെട്ട് മോചിപ്പിച്ചപ്പോള്‍ ശിവസേന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായി അത്. പാല്‍ഘര്‍ കേസില്‍ മതസ്പര്‍ധ വളര്‍ത്താന്‍ അര്‍ണബ് ശ്രമിച്ചെന്ന നിലനില്‍ക്കാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തി. പാല്‍ഘര്‍ കേസില്‍ പൂട്ടാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്ധവ് താക്കറെ അര്‍ണബിനെ കള്ളക്കേസില്‍ കുടുക്കിയത്. കൊറോണ വ്യാപനം, പാല്‍ഘര്‍, സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ മുതലായവയിലെല്ലാം അര്‍ണബിന്റെ നാവിന്റെ ചൂടറിഞ്ഞ ഉദ്ധവിന് പിടിച്ചുനില്‍ക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടു. മറാഠ വികാരം ആളിക്കത്തിച്ച് അര്‍ണബിനെ പൊതുജനങ്ങളില്‍ നിന്നകറ്റാന്‍ ശിവസേന ആവതും പരിശ്രമിച്ചു. അതും ഫലവത്തായില്ലെന്ന് രാഷ്ട്രയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമാതാരം കങ്കണ റണൗട്ടിനെതിരെ ശിവസേന സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചപ്പോള്‍ അതിനെതിരെ ആഞ്ഞടിച്ചത് റിപ്പബ്ലിക് ടിവിയായിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ ഉദ്ധവിന്റെ പുത്രന്‍ ആദിത്യ താക്കറെയും ഉള്‍പ്പെടുമെന്ന ആശങ്കയാണ് ഉദ്ധവിന്റെ ചെയ്തികള്‍ക്ക് ആധാരമെന്ന് അര്‍ണബ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ കൊറോണ പടര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ അര്‍ണബ് പരമാവധി ശ്രമിച്ചതും ഉദ്ധവിന്റെ സമനില തെറ്റിക്കാന്‍ കാരണമായി. സുപ്രീംകോടതി അര്‍ണബിനെ വിട്ടയച്ചെങ്കിലും ഉദ്ധവ് സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടാനുള്ള ആയുധങ്ങള്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണ്. ശിവസേനയുടെ അണികള്‍ പോലും അസ്വസ്ഥരാകുന്ന തരത്തിലാണ് പല കാര്യങ്ങളും പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്നത്. വ്യാപകമായി മഹാരാഷ്ട്രയിലെ ശിവസേന പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് കൂറുമാറുന്നത് ശിവസേന നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ഇതോടെയാണ് മറാഠ വികാരം ആളിക്കത്തിക്കാന്‍ ശിവസേന നേതാക്കള്‍ ഒരുങ്ങിയിരിക്കുന്നത്.

About the author

Vishwam

Leave a Comment

error: Content is protected !!