Kerala

കിഫ്ബിയുടെ ബാധ്യതകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊളിച്ച് വിവരാവകാശരേഖ. കിഫ്ബിക്ക് നികുതി വിഹിതം നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയെന്ന വാദവുമായാണ് ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയത്. എന്നാല്‍ കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ലഭ്യമാകുന്ന ഫണ്ടില്‍ കുറവുണ്ടായാല്‍ പരിഹരിക്കേണ്ടതും സര്‍ക്കാരാണ്. കിഫ്ബിയുടെ പേരില്‍ സിഎജിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കരട് റിപ്പോര്‍ട്ട് പുറത്തുവിട്ട് ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തില്‍ ഭാവിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നതാണ് വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളുടെ സെസില്‍ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നല്‍കാനാണ് വ്യവസ്ഥ. വായ്പ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാല്‍ സര്‍ക്കാരാണ് പണം നല്‍കേണ്ടതെന്ന് കിഫ്ബി തന്നെ വ്യക്തമാക്കുന്നു. ഇതോടെ തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ബലമേറുകയാണ്. മാത്രമല്ല ഭരണഘടന പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ വളഞ്ഞവഴി സ്വീകരിച്ചത് നിറവേറ്റാതെ കേരള സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്ന രാഷ്ട്രീയ നിരീക്ഷകരുടെ ആരോപണവും സത്യമാവുകയാണ്.

About the author

Admin

Leave a Comment

error: Content is protected !!