Kerala

സ്മാര്‍ട്ട് സിറ്റിയിലും ശിവശങ്കറിന്റെ ഇടപെടല്‍; നിര്‍മാണ തകരാര്‍ കേസ് ഒതുക്കാന്‍ ഖജനാവില്‍ നിന്ന് മൂന്നരക്കോടി

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍ നടന്നെന്ന് റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ സ്മാര്‍ട്ട് സിറ്റിയിലെ ഇടപെടലിലൂടെ സര്‍ക്കാര്‍ ഖജനാവിനുണ്ടായത് മൂന്നരക്കോടി രൂപയുടെ നഷ്ടം. സ്മാര്‍ട്ട് സിറ്റി കെട്ടിടനിര്‍മാണത്തിലെ തകരാര്‍ കണ്ടെത്തിയതോടെ നിക്ഷേപകര്‍ നല്‍കിയ കേസൊതുക്കനായാണ് ശിവശങ്കര്‍ അനധികൃതമായി ഇടപെട്ടിട്ടുള്ളത്. ഐടി സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ കെട്ടിടം പണികഴിപ്പിച്ച ബംഗളൂരുവിലെ ഒരു നിര്‍മാണ കമ്പനിക്കായാണ് സ്മാര്‍ട്ട് സിറ്റി സിഇഒ മനോജ് നായരുമായി ചേര്‍ന്ന് ഖജനാവിന് നഷ്ടം വരുത്തിവച്ചത്. കെട്ടിട നിര്‍മാണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്മാര്‍ട്ട് സിറ്റിയിലെ നിക്ഷേപ കമ്പനികള്‍ നാഷണല്‍ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ച സമയത്താണ് ഉന്നത ഇടപെടലുണ്ടായത്. പല കെട്ടിടങ്ങള്‍ക്കും വിള്ളലും ചോര്‍ച്ചയുമുണ്ടായിരുന്നു. നിര്‍മാണം നടത്തിയ ബംഗളുരു കമ്പനിക്കെതിരേയായിരുന്നു പരാതി. കേസുമായി മുന്നോട്ടുപോയാല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പ്രതിച്ഛായ തകരുമെന്നു ബോധ്യപ്പെട്ട ഘട്ടത്തില്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ക്കാനായി മൂന്നരക്കോടി രൂപ വഴിവിട്ട് നല്‍കി. പണം നല്‍കി പരാതി ഒതുക്കാന്‍ ഖജനാവിലെ തുക ചിലവിട്ടത് അന്വേഷണ വിധേയമാക്കാന്‍ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തും. ഏക്കറിന് ഒരു രൂപ നിരക്കില്‍ പാട്ടത്തിനു നല്‍കിയ സ്ഥലം സെസ് വ്യവസ്ഥകള്‍ തെറ്റിദ്ധരിപ്പിച്ച് കച്ചവടം ചെയ്യുകയാണെന്ന ആരോപണവും സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുമേല്‍ ഉയര്‍ന്നിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയില്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കെട്ടിടങ്ങളുടെ വാടക പിരിക്കല്‍ മാത്രമായി പദ്ധതി ഒതുങ്ങിയെന്ന് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി. ദുബായ് ഹോള്‍ഡിംഗ്‌സുമായി ആശയവിനിമയം നടത്താന്‍പോലും നിക്ഷേപകര്‍ക്ക് സിഇഒ മനോജ് നായര്‍ അവസരമൊരുക്കുന്നില്ല. സ്വപ്‌ന സുരേഷിന് ദുബായ് ഹോള്‍ഡിംഗ്‌സുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് മനോജ് നായര്‍ കരുക്കള്‍ നീക്കിയത്. ഇതിനെല്ലാം ശിവശങ്കറിന്റെ പിന്തുണ മനോജ് നായര്‍ നേടിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

About the author

Admin

Leave a Comment

error: Content is protected !!