Kerala

സ്പ്രിംഗ്‌ളറില്‍ കേരള സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുന്നു

കൊച്ചി: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറില്‍ കേരള സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. സര്‍ക്കാര്‍ നടപടികളെയും ശിവശങ്കറിന്റെ ഏകപക്ഷീയ നിലപാടുകളെയും നിശിതമായി വിമര്‍ശിച്ച് ഇടതുസര്‍ക്കാര്‍ നിയോഗിച്ച എം. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നാണ് സമര്‍പ്പിച്ചത്. കേന്ദ്രവ്യോമയാന മുന്‍ സെക്രട്ടറിയായ മാധവന്‍ നമ്പ്യാര്‍ക്കു പുറമെ ഗുല്‍ഷന്‍ റായ് ആണ് കമ്മീഷനില്‍ ഉണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന മുഖവുരയോടെയാണ് മാധവന്‍ നമ്പ്യാര്‍ സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും കൈമാറിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ഉള്ളടക്കത്തെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 22 പേജുള്ള റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നുതിനും വിശകലനം ചെയ്യുന്നതിനും പുറത്തുനിന്നുള്ള ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ടിയിരുന്ന നടപടി ക്രമങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ന്യായീകരിച്ചാലും വീഴ്ചകള്‍ ഗുരുതരമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കൊറോണ വിവര ശേഖരണത്തിനും വിശകലനത്തിനുമായി 2020 മാര്‍ച്ച് 25നാണ് കേരള സര്‍ക്കാര്‍ സ്പ്രിംഗ്‌ളറുമായി കരാറിലേര്‍പ്പെട്ടത്. കരാര്‍ വിവാദമായതോടെ ഏപ്രില്‍ 22ന് കേരള സര്‍ക്കാര്‍ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കി. സ്വര്‍ണക്കടത്തും ലൈഫ് മിഷനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നേരെയുള്ള മയക്കുമരുന്ന്, അനധികൃത സ്വത്ത് സമ്പാദന കേസുകളിലെ അന്വേഷണവുമടക്കം വിവാദങ്ങളില്‍ കുളിച്ചു നില്‍ക്കെ, സ്പ്രിംഗ്‌ളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പ്രതിച്ഛായ തീര്‍ത്തും ഇല്ലാതാകുമെന്ന ഭയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്പ്രിംഗ്‌ളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീര്‍ത്തും സൗജന്യ സേവനമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ ഇടപാട് വിവാദമായതിനെ തുടര്‍ന്ന് നിയമിച്ച അന്വേഷണ കമ്മീഷനും ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ലക്ഷങ്ങള്‍ സര്‍ക്കാരിന് ഇതിനകം ചിലവഴിച്ചു കഴിഞ്ഞു.

About the author

Admin

Leave a Comment

error: Content is protected !!