Kerala

ഇഡിയുടെ വിലയറിയാതെ കേരള പോലീസും ബാലാവകാശകമ്മീഷനും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചവര്‍ കാണിച്ചത് പമ്പര വിഡ്ഢിത്തമെന്ന് നിയമവിദഗ്ധര്‍. നിയമപരമായി വളരെയധികം പവര്‍ഫുള്ളായ അന്വേഷണ ഏജന്‍സിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജന്‍സിക്ക് ആവോളം അധികാരങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ അജ്ഞത കാരണമോ എടുത്തുചാട്ടം കൊണ്ടോ കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അവരുടെ പ്രവര്‍ത്തിയില്‍ വിഘാതം സൃഷ്ടിക്കുവാനാണ് സംസ്ഥാനത്തെ പോലീസുള്‍പ്പടെ ശ്രമിച്ചത്. ഇന്ത്യന്‍ മണിലോണ്ടറിംഗ് ആന്‍ഡ് സെര്‍ച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇഡി റെയ്ഡ് നടത്തുക. സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആര്‍ക്കും ഇടപെടാനാവില്ല. റെയ്ഡ് സംബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരാതി നല്‍കേണ്ടത് ഇഡിക്കാണ്. മറ്റാരെങ്കിലും നല്‍കിയ പരാതിയുമായി ബാലാവകാശ കമ്മിഷന്‍ എത്തിയാല്‍ അത് നിയമപരമായി തെറ്റാണ്. ഇഡി ഉദ്യോഗസ്ഥര്‍ അസി. ഡയറക്ടര്‍ക്ക് നല്‍കുന്ന 17എ പ്രകാരമുള്ള ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷന്‍ വിചാരണ നേരിടേണ്ടിവരും. സെര്‍ച്ച് നടത്തുമ്പോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്മെന്റിനെ ഒന്നും ചെയ്യാന്‍ പോലീസിനോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ല. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ലോക്കല്‍ പോലീസിന് കഴിയില്ല. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുള്ള ആളുകള്‍ക്ക് പുറത്തു പോകാനോ അനധികൃതമായി ആര്‍ക്കെങ്കിലും വീട്ടിലേക്കു കടന്നുചെല്ലാനോ കഴിയില്ല. ഇഡിക്കെതിരെ പരാതി കിട്ടിയാല്‍ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാന്‍ ബാലാവകാശ കമ്മിഷനും പോലീസിനും കഴിയില്ല. ഇതെല്ലാം കാറ്റില്‍പറത്തിയാല്‍ ബിനീഷിനെതിരെയുള്ള നിയമക്കുരുക്ക് കൂടുതല്‍ ബലമുള്ളതാകും. ഇഡിയുടെ നിര്‍ദേശങ്ങള്‍ വീട്ടുകാര്‍ നിരാകരിച്ചത് ബിനീഷിന് എതിരെയുള്ള തെളിവായിമാറാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

About the author

Admin

Leave a Comment

error: Content is protected !!