International Kerala

പാക്കിസ്ഥാനിലെ പെണ്‍പ്രതിഷേധം നേരിടാന്‍ ലോക്ക്ഡൗണ്‍: പിണറായിയെ അനുകരിച്ച് ഇമ്രാന്‍

ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും കേട്ടറിവില്ലെങ്കിലും പിണറായി വിജയനെ അനുകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സര്‍ക്കാരിനും സൈന്യത്തിനുമെതിരെ അണിനിരന്ന ലക്ഷക്കണക്കിന് വനിതകളെ നേരിടാനാവാതെ പാക് പ്രധാനമന്ത്രി അഭയം പ്രാപിച്ചിരിക്കുന്നത് ലോക്ക്ഡൗണിലാണ്. ലാഹോറില്‍ ഉണ്ടായ കൂട്ടബലാത്സംഗത്തിനെതിരെ രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭം നേരിടാനാവാതെ പാക് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സെപ്റ്റംബര്‍ 11നാണ് മൂന്നു മക്കളുമൊന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെ വഴിയില്‍ കുടുങ്ങിയ ഫ്രഞ്ച് സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. ലഹോര്‍- സിയാല്‍കോട്ട് ഹൈവേയിലായിരുന്നു സംഭവം. ലഹോറില്‍നിന്നു ഗുജ്‌റന്‍വാലയിലേക്കു പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്നു. സഹായത്തിനായി ബന്ധുക്കളെ വിളിച്ച യുവതി അവരെ കാത്തിരിക്കുമ്പോള്‍ അവിടെയെത്തിയ രണ്ടുപേര്‍ കാറിന്റെ ചില്ലു തകര്‍ക്കുകയും യുവതിയെ പുറത്തേക്ക് വലിച്ചിട്ട് തൊട്ടടുത്ത വയലില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. കുഞ്ഞുങ്ങളുടെ മുന്നിലിട്ടായിരുന്നു അക്രമം. ശേഷം പ്രതികള്‍ യുവതിയുടെ ആഭരണങ്ങളും പണവും എടിഎം കാര്‍ഡും തട്ടിയെടുത്ത് രക്ഷപ്പെട്ടു. സംഭവത്തില്‍ 15 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നുന്നില്ല. പിന്നീട് പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു പ്രതിയെ പിടികൂടി. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പീഡന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധമുയര്‍ന്നു. ലഹോറിലെ കൂട്ടബലാത്സംഗം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇമ്രാന്‍ സര്‍ക്കാരിനെതിരെ സഖ്യമുണ്ടാക്കി. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ഫസ്ലുര്‍), പഖ്തുന്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ബലൂച് നാഷനല്‍ പാര്‍ട്ടി, പഷ്തൂണ്‍ തഹഫുസ് പ്രസ്ഥാനം തുടങ്ങിയവ ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ഡമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്ന സഖ്യത്തിന് രൂപം നല്‍കിയത്. ജെയുഐ-എഫിലെ മൗലാന ഫസ്ലുര്‍ റഹ്മാനെ സഖ്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു. പിഡിഎം ആയിരക്കണക്കിനു പേരെ പങ്കെടുപ്പിച്ച് രണ്ടു റാലി നടത്തി; ആദ്യത്തേത് പഞ്ചാബിലെ ഗുജ്‌റന്‍വാല പട്ടണത്തിലും രണ്ടാമത്തേത് സിന്ധിലെ കറാച്ചിയിലും. അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ലണ്ടനില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഗുജ്‌റന്‍വാല സമ്മേളനത്തില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ രൂക്ഷമായി വിമര്‍ശിച്ചു. കരസേനയും ജനറല്‍ ബജ്‌വയും ചേര്‍ന്ന് തന്നെ പുറത്താക്കിയതാണെന്നും ജുഡീഷ്യറിക്കും അതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ കരസേന മേധാവിയെ ലക്ഷ്യമാക്കി ഇത്തരം തുറന്ന ആക്രമണങ്ങള്‍ മുന്‍പു നടന്നിട്ടില്ല. കരസേനയ്ക്കെതിരെ നവാസ് ഷെരീഫ് നടത്തിയ രൂക്ഷ വിമര്‍ശനത്തോടെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വാസ്യതയും ജനത്തിനിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഒരു രാഷ്ട്രീയക്കാരനും രാജ്യത്തെ ഏറ്റവും ശക്തമായ സംവിധാനത്തെ ഈ രീതിയില്‍ പരസ്യമായി വെല്ലുവിളിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇതാദ്യമായാണ് സൈന്യത്തിനെതിരെ ഇത്തരം തുറന്ന ആക്രമണം പ്രതിപക്ഷത്തുനിന്നു വരുന്നത്. പ്രതിപക്ഷത്തിന്റെ കനത്ത ആക്രമണം ഇമ്രാനെയും സൈന്യത്തെയും വലച്ചതോടെ, രാഷ്ട്രീയ വിവാദങ്ങളിലേക്കു സെന്യത്തെ വലിച്ചിടരുതെന്ന ആവശ്യവുമായി സൈനിക നേതൃത്വം പ്രതിപക്ഷ നേതാക്കളുടെ കാല്‍പിടിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വന്‍ പ്രതിഷേധ റാലികള്‍ നടത്തുന്നതില്‍നിന്ന് പ്രതിപക്ഷത്തെ തടയാനാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതതിനായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇമ്രാന്‍ പോംവഴിയായി കണ്ടിരിക്കുന്നത്. അതേസമയം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വന്‍ റാലികള്‍ നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പ്രതിപക്ഷസഖ്യം. പാക്കിസ്ഥാനിലെ കോവിഡ് കേസുകളുടെ എണ്ണം ആഴ്ചകളായി കുറവായതിനാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നടപടി പ്രതിപക്ഷ സമരത്തെ തടയുന്നതിനു വേണ്ടിയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള ജനരോഷം സമരങ്ങളായി പരിണമിച്ചപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് നേരിട്ടപോലെയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പരിഹസിക്കുന്നത്.

About the author

Vishwam

Leave a Comment

error: Content is protected !!