Special

പുന്നപ്ര വയലാര്‍ കലാപവും വിഎസ് എന്ന കമ്മ്യൂണിസ്റ്റ് ബിംബവും

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പുന്നപ്ര വയലാര്‍ കലാപവും വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് ബിംബവും. എക്കാലത്തും തന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെ ഉപയോഗിച്ച ആളാണ് വിഎസ് എന്ന് തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ പുന്നപ്ര വയലാര്‍ സമരനായകരൊക്കെ സിപിഐയോടൊപ്പം നിലനിന്നു. എന്നാല്‍ വിപ്ലവ സമരങ്ങള്‍ക്ക് വീര്യം പകരാന്‍ പാവങ്ങളുടെ ജീവന്‍ എറിഞ്ഞുകൊടുത്ത് അഭിരമിക്കുന്ന സിപിഎം നേതൃത്വം വി.എസ്. അച്യുതാനന്ദനെന്ന തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റിനെ പുന്നപ്ര വയലാറിന്റെ സമരനായകനാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് ബിംബവത്കരിച്ചു. ഇക്കാര്യം രാഷ്ട്രീയ എതിരാളികളല്ല, മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ പല വേദികളിലും പുസ്തകങ്ങളിലും വ്യക്തമായി പറയുന്നതാണ്.

പക്ഷേ തലമുറകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മിടുക്ക് ഇന്നും അനസ്യൂതം തുടരുകയാണ്. പുന്നപ്ര വയലാര്‍ സമരനായകന്‍ വിഎസ് തന്നെയെന്ന് അവര്‍ വീണ്ടും അടിവരയിടുന്നു. പുന്നപ്ര വയലാര്‍ സമരത്തിന് പൂഞ്ഞാറില്‍ നിന്നുകൊണ്ട് വിഎസ് എങ്ങിനെ നേതൃത്വം കൊടുത്തുവെന്ന് ചോദിക്കുന്നവരെ അവര്‍ ഫാസിസ്റ്റുകാളായി മുദ്രകുത്തിക്കൊണ്ടിരിക്കുന്നു. 74 വര്‍ഷം മുമ്പ് സ്ഥാപിത താത്പര്യങ്ങളെ ഊട്ടിയുറപ്പിക്കാനായി ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പട്ടിണിപ്പാവങ്ങളുടെ നേതൃത്വത്തിലേക്ക് എടുത്തുചാടി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ തലതിരിഞ്ഞ ഭരണപരിഷ്‌കാരങ്ങള്‍ക്കും കേരളത്തില്‍ നിലനിന്നിരുന്ന ജന്മിത്വത്തിനുമെതിരെയാണ് എന്ന് വരുത്തി പട്ടിണിപ്പാവങ്ങളെ തോക്കുകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. പുന്നപ്ര വയലാര്‍ സമരത്തിന്റെ തുടക്കത്തില്‍ തന്നെ വിഎസ് ആലപ്പുഴയില്‍ നിന്നും മറ്റെങ്ങോട്ടോ ഒളിവില്‍ പോയതായാണ് പല കമ്മ്യൂണിസ്റ്റ് നേതാക്കളും ഇപ്പോഴും പറയുന്നത്. എന്നാല്‍ പുന്നപ്ര പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം കൊടുത്തിട്ടാണ് വിഎസ് മുങ്ങിയതെന്ന നട്ടാല്‍ കിളിക്കാത്ത വരട്ടുവാദമാണ് ഇപ്പോഴും സിപിഎം നിരത്തുന്നത്.

കേരളത്തിന്റെ വികസന ഭൂപടമെടുത്താല്‍ അതില്‍ സര്‍ സിപിയെന്ന മഹാനായ ഭരണാധികാരിയുടെ കൈയൊപ്പ് ചാര്‍ത്താത്ത ഒരിടം പോലും കാണാനാവില്ല. വികസനത്തിന് എന്നും എതിരുനില്‍ക്കുന്ന കകമ്മ്യൂണിസ്റ്റുകള്‍ സര്‍ സിപിയുടെ മൂക്കുചെത്തി നാടുകടത്തിയെന്ന് ഇന്നും പാടിനടക്കുമ്പോള്‍ തിരുവിതാംകൂറില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയ സിപി പിന്നീട് എന്തായിരുന്നു എന്ന കാര്യം അവര്‍ മനപൂര്‍വം വിട്ടുകളയുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത സ്ഥാനവും ഇന്ത്യന്‍ ഭരണഘടന രൂപകല്‍പന ചെയ്തവരില്‍ പ്രഥമഗണനീയനുമാണ് സിപി. തമിഴ്‌നാട്ടിലെ രണ്ടു സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറായി ഒരേ സമയം സേവനമനുഷ്ഠിക്കുകയും ചെയ്തു അദ്ദേഹം. കേരള യൂണിവേഴ്‌സിറ്റിയും കെഎസ്ആര്‍ടിസിയുമെല്ലാം സര്‍ സിപിയുടെ കുശാഗ്രബുദ്ധിയില്‍ വിരിഞ്ഞതാണെന്ന കാര്യം കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ തയാറായിട്ടില്ല.

പുന്നപ്ര വയലാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമാക്കി മാറ്റാന്‍ കമ്മ്യൂണിസ്റ്റുകള്‍ പല കഥകളും മെനഞ്ഞെടുത്തു, അതില്‍ വിജയിക്കുകയും ചെയ്തു. 1921ലെ മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമാക്കാന്‍ ഇന്നും ചരിത്രരേഖകള്‍ വളച്ചൊടിക്കുന്ന തിരക്കിലാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ എന്ന കാര്യം ഇവിടെ പ്രതിപാദിക്കാതിരിക്കാന്‍ കഴിയില്ല. ഭാരത സംസ്‌കാരത്തെയും ഭാരതീയതയെയും എന്നും വൈദേശിക വരട്ടുതത്വങ്ങള്‍ കൊണ്ട് വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ ഇപ്പോഴും സിപിഎം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു. പുന്നപ്ര വയലാര്‍ കലാപത്തിന്റെ 74ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഭ്യസ്തവിദ്യരായ കേരളത്തിലെ പുതുതലമുറയെങ്കിലും ഈ വരട്ടുവാദത്തില്‍ വീഴാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

About the author

Vishwam

Leave a Comment

error: Content is protected !!