Kerala

വര്‍ഗശത്രുക്കളെ നേതാക്കള്‍ ആശ്ലേഷിക്കുമ്പോള്‍ സിപിഎമ്മിലെ അണികള്‍ കൊഴിഞ്ഞുപോകുന്നു

കൊച്ചി: സിപിഎം നേതാക്കള്‍ കാര്യസാധ്യത്തിനായി വര്‍ഗശത്രുക്കളെ കൂടെക്കൂട്ടുമ്പോള്‍ സിപിഎം അണികള്‍ കൊഴിഞ്ഞുപോകുന്നത് തുടരുന്നു. എം.വി. രാഘവനും കെ.എം. മാണിയുമടക്കമുള്ള വര്‍ഗശത്രുക്കളെ പാര്‍ട്ടി നെഞ്ചോടു ചേര്‍ത്ത് പുണരുമ്പോള്‍ ഇവര്‍ക്കെതിരെ സമരം നടത്തിയവര്‍ ഇന്ന് തോളിലേറ്റി നടക്കേണ്ട അവസ്ഥയാണ്. കൂത്തുപറമ്പില്‍ എംവിആറിനെ തടയാനെത്തി രക്തസാക്ഷികളായവര്‍ അദ്ദേഹത്തിന്റെ മകന്‍ നികേഷ് കുമാറിന് വേണ്ടി പ്രചാരണം നടത്തേണ്ട ഗതികേടിലേക്ക് പാര്‍ട്ടി എത്തിച്ചു. അണികളും അനുയായികളും ഉയര്‍ത്തുന്ന എതിര്‍ശബ്ദങ്ങളെ അവഗണിച്ച് മുന്നോട്ടുപോകുന്ന നേതൃത്വം വോട്ടുകള്‍ ചോരുന്നത് കണ്ടില്ലെന്നു നടിക്കുകയാണ്. കൂത്തുപറമ്പ് ദിനാചരണത്തിന് ഒരുമാസം മാത്രം അവശേഷിക്കുമ്പോള്‍ എം.വി. ആറിനെതിരെ സമരം നടത്തി ജീവന്‍ ബലിയര്‍പ്പിച്ചവരെ മറവിയുടെ പടുകുഴിയിലേക്ക് തള്ളിവിടേണ്ട ഗതികേടിലാണ് ഇന്ന് സിപിഎമ്മുകാര്‍.

എംവിആറിന്റെ അവസാനകാലം വരെ വര്‍ഗശത്രുവായി കണ്ട സിപിഎം നേതൃത്വം അദ്ദേഹത്തിന് മറവിരോഗം പിടിപെട്ടപ്പോള്‍ പൊതുപരിപാടി നടത്തി സിഎംപിക്കാരെ കൂടെക്കൂട്ടി. എംവിആറിനെതിരെ സമരം നടത്തി ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പന്‍ നികേഷ് കുമാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കരഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ വെളിപ്പെടുത്തിയപ്പോള്‍ ആത്മാഭിമാനമുള്ളവരെല്ലാം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ ശബ്ദമുയര്‍ത്തുന്നു എന്ന കാര്യം ചിലരെങ്കിലും അംഗീകരിക്കാന്‍ ബാധ്യസ്ഥരായി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പുഷ്പന്റെ സഹോദരന്‍ ശശി പാര്‍ട്ടിയുടെ അവഗണനയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഇനിയും ശക്തമായ അടിയൊഴുക്കുണ്ടാകുമെന്ന് കണ്ണൂര്‍ ജില്ല നേതൃത്വം ഭയക്കുന്നുണ്ട്.

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കരിവാരിത്തേക്കാന്‍ രംഗത്തിറങ്ങിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ മകനുമായി വേദി പങ്കിടുമ്പോള്‍ നടത്തിയ സമരങ്ങളെല്ലാം വൃഥാവിലായെന്ന തിരിച്ചറിവ് ഒരു വിഭാഗത്തിനുണ്ടായത് പലരും കണ്ടില്ലെന്നു നടിക്കുകയാണ്. സാംസ്‌കാരിക നായകത്വം അവകാശപ്പെട്ട് രംഗത്തെത്തിയ ചില ബുദ്ധിജീവികള്‍ മാണിക്കെതിരെ മെനഞ്ഞ കഥകളെല്ലാം ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്. പുഷ്പനെ അറിയാമോ എന്ന പാട്ടുംപാടി സമരമുഖത്ത് ആവേശോജ്വലമായി അണിനിരന്നവര്‍ നാളെ തങ്ങളെയും പാര്‍ട്ടി അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിവിടുമെന്ന സത്യം മനസിലാക്കുകയാണ്. കേരളവര്‍മ കോളേജിലെ എസ്എഫ്‌ഐ നേതാവ് കൊച്ചനിയനെ ഇരുളിന്റെ മറപിടിച്ച് വെട്ടിക്കൊന്നവര്‍ക്ക് വിശുദ്ധസ്ഥാനം നല്‍കി പാര്‍ട്ടിയിലേക്ക് ആനയിച്ചപ്പോള്‍ അണികളുടെ ആത്മരോഷം അണപൊട്ടിയെന്ന കാര്യം തൃശൂരിലെ ചില നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

വര്‍ഗശത്രുവിനെക്കാള്‍ വെറുക്കപ്പെടേണ്ടവനാണ് കുലംകുത്തിയെന്ന പാര്‍ട്ടി കല്‍പന ശിരസാ വഹിച്ച അണികള്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ മറവി രോഗത്തിന് ചികിത്സയില്‍ കഴിയുന്ന എം.വി. രാഘവനെ സന്ദര്‍ശിച്ചപ്പോള്‍ മനുഷ്യത്വപരമായ നീക്കമായി വ്യാഖ്യാനിക്കാന്‍ രംഗത്തുവന്നു. എന്നാല്‍ കൊച്ചനിയന്റെ കൊലയാളിയെ പാര്‍ട്ടി അംഗത്വം നല്‍കി ആദരിച്ചപ്പോള്‍ ന്യായീകരണത്തിന് പുതിയ മാര്‍ഗവുമായി ആരും രംഗത്തെത്തിയില്ല. നേതൃത്വം നല്‍കിയ കാപ്‌സ്യൂള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സൈബര്‍ സഖാക്കളെയടക്കം പിന്തുടരുന്നത് ഒഴിവാക്കി അവര്‍ ആത്മരോഷം പങ്കുവയ്ക്കുകയാണ് ചെയ്തത്. അഖില ലോകപാര്‍ട്ടിയെന്ന മേല്‍വിലാസവുമായി ഇന്ത്യ ഭരിക്കാന്‍ തയ്യാറെടുത്തവര്‍ ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം ഭരിക്കാന്‍ വര്‍ഗശത്രുക്കളുമായി കൈകോര്‍ക്കുന്നത് അംഗീകരിക്കാനാവാതെ അണികള്‍ പാര്‍ട്ടി വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയാണ്.

About the author

Vishwam

Leave a Comment

error: Content is protected !!