Special

പടവലങ്ങപോലെ വളരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ആവശ്യാനുസരണം നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയും നിലപാടുകള്‍ തന്നെ മാറ്റുകയും ചെയ്യുന്ന യാതൊരു അടിസ്ഥാന പ്രമാണങ്ങളുമില്ലാതെ വെറും വൈദേശിക വിധേയത്വം മാത്രം കൈമുതലാക്കിയ പാര്‍ട്ടിയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലോകമെമ്പാടും കണക്കാക്കുന്നത്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച ഇന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ യോജിപ്പിലെത്തിയിട്ടില്ലെന്നത് ആ പാര്‍ട്ടിയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. സന്ദേഹിയുടെ സംവാദം എന്ന പുസ്തകത്തില്‍ ഒ.വി. വിജയന്‍ എഴുതിയതുപോലെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്നും ഭൗതികവാദം കളഞ്ഞ് വൈരുധ്യം മാത്രം കൈമുതലായുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന കാര്യം പകല്‍പോലെ വ്യക്തമാവുകയാണ്. സിപിഎമ്മുകാര്‍ നൂറാം വാര്‍ഷികവും സിപിഐക്കാര്‍ 95ാം വാര്‍ഷികവും ആണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ആഘോഷിക്കേണ്ടത്. 1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം.എന്‍. റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയെന്നാണ് സിപിഎം പറയുന്നത്. ആ രൂപീകരണയോഗത്തില്‍ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്നും അവര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ 1925ല്‍ ഡിസംബര്‍ 26ന് കാണ്‍പൂരില്‍ രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സിപിഐ കണക്കാക്കുന്നത്.


മുസഫര്‍ അഹമ്മദ്, എസ്.എ. ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1921-22 കാലത്ത് അന്നത്തെ ബോംബെ, കല്‍ക്കത്ത, മദ്രാസ്, ലാഹോര്‍, കാണ്‍പുര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചു. രാജ്യമെമ്പാടും പ്രസ്ഥാനം പടര്‍ന്നു. ബ്രിട്ടീഷുകാര്‍ വിട്ടുപോകണമെന്നും ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കണമെന്നും ഉള്ള മുദ്രാവാക്യവും ഇവര്‍ ഉയര്‍ത്തി. പക്ഷേ പില്‍ക്കാലത്ത് ക്വിറ്റ് ഇന്ത്യ സമരത്തലടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുത്ത നിലപാട് സ്വാതന്ത്ര്യസമരത്തെ തന്നെ ഒറ്റുകൊടുക്കുന്നതായിരുന്നു. സോവിയറ്റ് യൂണിയനു വേണ്ടി ബ്രിട്ടീഷ് അനുകൂല നിലപാടാണ് അക്കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ എടുത്തത്. പക്ഷേ പിന്നീട് ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ അവര്‍ നിലപാടുമാറ്റി. കല്‍ക്കത്ത തിസീസ് എന്ന കുപ്രസിദ്ധമായ ഉന്മൂല സിദ്ധാന്തത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതീയ തത്വങ്ങളെയും സംസ്‌കാരത്തെയും അവഹേളിക്കുന്നവരാണ് തങ്ങളെന്ന് അടിവരയിട്ട് ഉറപ്പിച്ചു. സായുധ വിപ്ലവ പ്രവര്‍ത്തനത്തിലുടെ അധികാരം കൈക്കലാക്കം എന്ന ധാരണ മാറ്റിവച്ച് തിരഞ്ഞെുടപ്പില്‍ പങ്കെടുക്കാനും ജനാധിപത്യത്തെ അംഗീകരിക്കാനും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നീട് തയ്യാറാവേണ്ടി വന്നു.


ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുവച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. വെള്ളക്കാരനില്‍നിന്ന് കൊള്ളക്കാരനിലേക്കുള്ള സ്വാതന്ത്ര്യം എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ അട്ടിമറിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അക്കാലത്തെ സൈദ്ധാന്തിക നിലപാടുകള്‍.
1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടന്നത്. അവിടെ വച്ചാണ് സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം. എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറല്‍ സെക്രട്ടറി. 1935ന് ശേഷം സിപിഐ ഘടകങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് , കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ (എഐകെഎസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു. ബംഗാള്‍, ബീഹാര്‍, ആന്ധ്ര, പഞ്ചാബ്, ത്രിപുര, മഹാരാഷട്ര തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഗണ്യമായി സ്വാധീനം ഉണ്ടായിരുന്നു. പിന്നീട് പടവലം പോലെ വളര്‍ച്ച താഴോട്ടായി. ഇന്ന് കേരളം എന്ന ഒരു തുരുത്തുമാത്രമാണ് അവര്‍ക്ക് ബാക്കിയുള്ളത്. ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തന്നെ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയെയാണ് ജനം ഇത്തരത്തില്‍ നിഷ്‌കാസിതമാക്കിയിരിക്കുന്നത് എന്നകാര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രത്യേകിച്ച് സിപിഎമ്മുകാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല.


കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ 1939ല്‍ മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി. ഡിസംബര്‍ മാസത്തില്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്. 1939ല്‍ രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിരുന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ബ്രിട്ടീഷ് ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങള്‍ക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു. 1939ല്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചതും പിന്നീട് സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചതും കേരള പ്രദേശ് കോണ്‍ഗ്രസിലെ തീവ്രവാദികളില്‍ ഉത്സഹമുണ്ടാക്കിയില്ല. സെപ്റ്റംബര്‍ 15ാം തിയതി സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാനുള്ള കെപിസിസിയുടെ തീരുമാനവും ഇവര്‍ അംഗീകരിച്ചില്ല. കേന്ദ്ര നേതൃത്വത്ത അനാദരിച്ച് മലബാറില്‍ വമ്പിച്ചതോതില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു. തലശേരി, മട്ടന്നൂര്‍, മൊറാഴ, കയ്യൂര്‍, മുതലായ സ്ഥലങ്ങളില്‍ ബഹുജനങ്ങളും പോലീസും തമ്മില്‍ രൂക്ഷമായ എട്ടുമുട്ടലുകളുണ്ടായി. ഈ ഏറ്റുമുട്ടലുകളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു.

കയ്യൂര്‍ സമരവുമായി ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു. മലബാറിലെ സംഭവവികാസങ്ങളുടെ ഭാഗമായി കെപിസിസി പിരിച്ചുവിടപ്പെടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവായ നന്ധകൊളിയര്‍ പ്രസിഡന്റായും സി.കെ. ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയുമായി ഒരു താത്കാലികസമിതി നിയോഗിക്കപ്പെട്ടു. ഈ അവസരത്തില്‍ ഇടതുപക്ഷക്കാര്‍ ഒന്നായ് കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികളില്‍ ചേര്‍ന്നു. പി. കൃഷ്ണപിള്ള, കെ. ദാമോദരന്‍, ഇഎംഎസ്, എന്‍.ഇ. ബാലറാം, പി. നാരായണന്‍ നായര്‍, കെ.കെ. വാര്യര്‍, എ.കെ. ഗോപാലന്‍, സുബ്രഹ്മണ്യ ശര്‍മ, എ.പി. ഗോപാലന്‍, പി.എസ്. നമ്പൂതിരി, സി.എച്ച്. കണാരന്‍, കെ.എ. കേരളീയന്‍, തിരുമുമ്പ്, കെ.പി.ആര്‍. ഗോപാലന്‍, വി.വി. കുഞ്ഞമ്പു ചന്ദ്രോത്ത്, കുഞ്ഞിരാമന്‍ നായര്‍, എം.കെ. കേളു, സുബ്രഹ്മണ്യ ഷേണായി, മഞ്ജുനാഥ റാവു, വില്യം സ്‌നേലക്‌സ്, എ.വി. കുഞ്ഞമ്പു, കെ. കുഞ്ഞിരാമന്‍, പി.എം. കൃഷ്ണ മേനോന്‍, കെ. കൃഷ്ണന്‍ നായര്‍, വിദ്വാതി കൃഷ്ണന്‍, പിണറായി കൃഷ്ണന്‍ നായര്‍, കെ.എന്‍. ചന്തുക്കുട്ടി, കൊങ്ങശേരി കൃഷ്ണന്‍ എന്നിവരായിരുന്നു കേരളത്തില്‍ പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍.


സമ്മേളനം പി. കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുമ്പായിയിലുമെല്ലാം സിപിഐ നേതൃത്വത്തില്‍ വലിയ വിപ്ലവ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നിരവധി സഖാക്കള്‍ ഈ സമരങ്ങളില്‍ രക്തസാക്ഷിത്വം വരിച്ചു. കയ്യൂര്‍ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടന്‍, അബുബക്കര്‍, അപ്പു എന്നിവരെ 1943ല്‍ തൂക്കിലേറ്റി. സര്‍ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സിപിഐ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി.വി. തോമസ്, സി.കെ. കുമാരപ്പണിക്കര്‍, കെ.സി. ജോര്‍ജ്, കെ.വി. പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നല്‍കിയവര്‍. 1948ല്‍ പി. കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാര്‍കാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റു മരിച്ചു. തുടര്‍ന്ന് ഇഎംഎസിനെ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചു. 1952ല്‍ സി. അച്യുതമേനോന്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവില്‍ വന്നപ്പോള്‍ സി. അച്യുതമേനോന്‍ സിപിഐയുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി. പിന്നീട് എം.എന്‍. ഗോവിന്ദന്‍ നായരെ സിപിഐയുടെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. 1957ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സിപിഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. സിപിഐയുടെ കേന്ദ്ര കമ്മറ്റി അങ്ങമായിരുന്ന ഇഎംഎസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി.


കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കിയതില്‍ മൂന്ന് നേതാക്കളുടെ പേരാണ് പ്രധാനം. കൃഷ്ണപിള്ള, എകെജി, ഇഎംഎസ് എന്നിവര്‍ ആയിരുന്നു അവര്‍. പുസ്തകങ്ങള്‍ വായിച്ചല്ല, കൃഷ്ണപ്പിള്ളയടക്കമുള്ളവ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളും, പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിയ സമരങ്ങളുമാണ് ജനങ്ങളെ ആ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. അതുപോലെ തന്നെ കമ്മ്യൂണിസ്്റ്റ് പാര്‍ട്ടിയുടെ കരിസ്മാറ്റിക്ക് നേതാവായിരുന്നു എകെജി. 1952 മുതല്‍ പാര്‍ലിമെന്റ് അംഗമായിരുന്നു. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാര്‍ട്ടി ഭരണത്തില്‍ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവിലായ വ്യക്തി എകെജിയാണ്. കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവര്‍ത്തനമേഖല വ്യാപിച്ചിരുന്നു. കല്‍ക്കത്തയില്‍ വച്ചു നടന്ന കിസാന്‍ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1952ല്‍ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. അന്ന് നെഹ്‌റുവിനെപ്പോലും വിറപ്പിക്കുന്ന നേതാവായിരുന്നു എകെജി.


ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രശനമായത് പിളര്‍പ്പാണ്. റഷ്യയെന്നും ചൈനയെന്നും പേരില്‍ തമ്മിലടിച്ച് പിളരുകയായിരുന്നു ഇവര്‍. സിപിഎം പിളര്‍പ്പ് അനിവാര്യമാണെന്ന് പറയുമ്പോള്‍ സിപിഐ ഇപ്പോഴും പിളര്‍പ്പിനെ എതിര്‍ക്കയാണ്. ഇന്ന് ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലേക്ക് ചരുങ്ങിയിരിക്കയാണ് സിപിഐ. ചരുങ്ങിച്ചുരുങ്ങി സിപിഎം കേരളത്തില്‍ മാത്രമായി. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന മൂന്ന് പതിറ്റാണ്ടോളം അവര്‍ ഭരിച്ച ബംഗാളില്‍ പാര്‍ട്ടി ഇന്ന് ത്രിണമൂലിനും, ബിജെപിക്കും, കോണ്‍ഗ്രസിനും, പിന്നില്‍ നാലാം സ്ഥാനത്താണ്. സിഗൂരും നന്ദിഗ്രാമും അടിസ്ഥാനമാക്കി മമത ബാനര്‍ജി അധികാരം പടിച്ചപ്പോള്‍ സിപിഎം ഈ രീതിയില്‍ തകര്‍ന്ന് അടിയുമെന്ന് ആരും കരുതിയില്ല. ഇന്ന് ബംഗാളില്‍ തിരിച്ചുവരല്‍ എന്നത് സിപിഎമ്മിന് വിദൂര സ്വപ്‌നം മാത്രമാണ്. 24 പര്‍ഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി എടുത്തുമാറ്റി അവിടെ കാവിക്കൊടി ഉയര്‍ത്തി, പാര്‍ട്ടി ഓഫീസ് അടക്കം ഒന്നടങ്കം ബിജെപി ഓഫീസ് ആയി മാറിയത് ബംഗാളിന്റെ ഉള്‍ഗ്രാമങ്ങളില്‍ വ്യാപകമായണ്. ഒരുകാലത്ത് ഇന്‍ക്വിലാബ് ഉയര്‍ന്ന ബംഗാള്‍ ഗ്രാമങ്ങളിലെ സിപിഎം പ്രവര്‍ത്തര്‍ ഇന്ന് ഭാരത് മാതാ കീ ജയ് വിളിക്കയാണ്. പതിറ്റാണ്ടുകളുടെ കുത്തകയുണ്ടായിരുന്ന ത്രിപുരയില്‍നിന്നും കമ്മ്യൂണിസ്റ്റുകള്‍ കെട്ടുകെട്ടി. സിപിഎമ്മിന് ഇപ്പോള്‍ ദേശീയ തലത്തില്‍ ഇപ്പോള്‍ ഒരു നേതാവുപോലുമില്ലാത്ത അവസ്ഥയാണ്.


ഭൗതികവാദമെന്ന അടിസ്ഥാന ആശയത്തില്‍ വെള്ളം ചേര്‍ത്തുകഴിഞ്ഞാല്‍, ഒരു തിരിച്ചടിയുണ്ടാല്‍ എല്ലാം ഒലിച്ചുപോകന്‍ അധികം സമയം വേണ്ട. പല കാരണങ്ങളാല്‍ കമ്മ്യുണിസം തളര്‍ന്ന് വന്നപ്പോഴും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്താന്‍ പലകാലങ്ങളായി നേതൃത്വത്തില്‍ ഇരുന്നവര്‍ക്കായില്ല. സമൂഹത്തില്‍ പൊതുവേ ഉണ്ടായ മൂലച്യുതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും പ്രതിഫലിച്ചു. തൊഴിലാളിവര്‍ഗത്തിന് പ്രാധാന്യം നല്‍കുന്നതിന് പകരം സ്വന്തം കുടുംബത്തിനും ബന്ധുക്കള്‍ക്കും പ്രാധാന്യം നല്‍കുന്നതായി പല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ജീവിതം. കമ്പനിയുടെ ബിസിനസ് എക്‌സിക്യുട്ടീവുകളുടെ ശരീരഭാഷയുള്ള പ്രകാശ് കാരാട്ടും യെച്ചൂരിയും മറ്റും ഒട്ടും ജനകീയരല്ല. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യയില്‍ സിപിഎമ്മിനുള്ള ഏക ബ്രാന്‍ഡ് പിണറായി മാത്രമാണ്. പിണറായിയാകട്ടെ തന്റേതായ കോട്ടകൊത്തളങ്ങള്‍ ഉയര്‍ത്താനുള്ള അശ്രാന്തപരിശ്രമത്തിലാണ്. എന്തായാലും അടുത്ത ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ ചരിത്രപുസ്തകങ്ങളില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

About the author

Vishwam

Leave a Comment

error: Content is protected !!