India Kerala

മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ തുടര്‍ഭരണമെന്ന കിനാവുമായി സിപിഎം

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും മാത്രം മുന്നില്‍ നിര്‍ത്തി ഭരണം നടത്തിയ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടര്‍ഭരണമെന്ന നടക്കാത്ത സ്വപ്‌നത്തിന്റെ പിറകെ പായുകയാണ്. ലൈഫ് മിഷനും സ്വര്‍ണക്കടത്തുമെല്ലാം വോട്ട് ബാങ്കിന്റെ ശക്തിയില്‍ മറികടക്കാമെന്ന വ്യാമോഹവുമായാണ് സൈബറിടങ്ങളിലടക്കം ഇവര്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കണക്കില്‍ യുഡിഎഫിനെ കടത്തിവെട്ടിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് ഭരിച്ചതെന്ന് വിവരാവകാശ നിയമത്തിന്റെ കീഴില്‍ പലരും നേടിയെടുത്ത രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൂരതയിലാണെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ വെല്ലുന്ന തരത്തിലാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി മുന്നേറുന്നത്. പക്ഷിമൃഗാദികള്‍ മുതല്‍ ഇവരുടെ ക്രൗര്യത്തിന് ഇരയായെന്ന വസ്തുത കേരളത്തിന് നിഷേധിക്കാനാവാത്ത വാസ്തവമാണ്. ഇതെല്ലാം സിപിഎം തത്വത്തില്‍ അംഗീകരിക്കുമ്പോള്‍ തന്നെയാണ് തുടര്‍ഭരണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓഖി ബാധിതര്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ മുതല്‍ രാഷ്ട്രീയ പക്ഷപാതതിത്വം വ്യക്തമാക്കുന്ന രീതിയില്‍ കോടികള്‍ പാര്‍ട്ടി അണികള്‍ക്ക് വീതം വച്ചതാണ് സിപിഎമ്മിന്റെ അഴിമതികള്‍ പുറത്തറിഞ്ഞു തുടങ്ങുന്നത്. ഓഖി ദുരിതാശ്വാസത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയത് വളരെ വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചത്. പിന്നീട് വന്ന പ്രളയത്തില്‍ കേരളം നിശ്ചലമായപ്പോള്‍ സിപിഎം നേതാക്കള്‍ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നു. ശബരിമലയില്‍ കേരളത്തിന്റെ വിശ്വാസത്തെ വലിച്ചുകീറി സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പോലീസ് ഫോഴ്‌സിനെ നിയോഗിച്ചതോടെ ഭക്തര്‍ പ്രതിഷേധം കടുപ്പിച്ചു. ഇസ്ലാം വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് നടത്തിയ പല നീക്കങ്ങളും സിപിഎം സര്‍ക്കാരിന് കേരള ജനതയുടെ എതിര്‍പ്പില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. കോവിഡ് വ്യാപനത്തിന്നിടയിലും കച്ചവടക്കണ്ണുമായി മുന്നേറിയ സര്‍ക്കാരിനെ പൂര്‍ണമായും വീഴ്ത്തിയത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കടത്തിനോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളാണ്. ഈ വീഴ്ചകളെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായി മുദ്രകുത്താന്‍ ശ്രമിച്ച സിപിഎമ്മിന്റെ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മുന്നണിക്കുള്ളില്‍ നിന്നു തന്നെ അസ്വാരസ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയത് സിപിഎമ്മിന് കൈവന്ന ആത്മവിശ്വാസത്തെ ഉലയ്ക്കുന്നതാണ്. എന്നാല്‍ കാപ്‌സ്യൂള്‍ മറുപടികളും സഹതാപ തരംഗവും സൃഷ്ടിച്ച് മുന്നേറാനായിരുന്നു നേതൃത്വത്തിന്റെ ആഹ്വാനം. അതിനെ പിന്തുണയ്ക്കുന്ന വിധത്തില്‍ സമരരംഗത്തുനിന്ന് പിന്മാറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സര്‍ക്കാരിന് സഹായം ചെയ്തു. എന്നാല്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ച സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവരുടെ പാര്‍ട്ടിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പാണുയരുന്നത്. ജനകീയാടിത്തറ നഷ്ടമായ പാര്‍ട്ടികളെ മുന്നണിയിലേക്കെടുക്കുന്നതില്‍ ഇടതുമുന്നണിയില്‍ എതിര്‍പ്പുണ്ടെന്ന് സിപിഐ പല വേദികളിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം അവഗണിച്ചു മുന്നേറുകയാണ് സിപിഎം. എം.വി. രാഘവന്റെ സിഎംപി എന്ന പാര്‍ട്ടിയെ പിളര്‍ത്തി മകന്‍ നികേഷ് കുമാറിനെ കൂടെനിര്‍ത്തിയ സിപിഎം ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി ജോസ് കെ. മാണിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെല്ലാം ജോസ് കെ. മാണിയെ തള്ളി ജോസഫിനൊപ്പം പോയതോടെ അവരുടെ വരവില്‍ യാതൊരു നേട്ടവും സിപിഎമ്മിനുണ്ടാകില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇലക്ഷനില്‍ കൂടെക്കൂട്ടിയ കേരള കോണ്‍ഗ്രസ് ബി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചുകയറാന്‍ സാധ്യത നോക്കിയിരിപ്പാണ്. വീരേന്ദ്രകുമാറിന്റെ അന്ത്യത്തോടെ ജനതാദളിലെ പടലപ്പിണക്കങ്ങള്‍ ശ്ക്തമായിരിക്കുകയാണ്. ദേവഗൗഡയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം മുന്നോട്ടുവന്നതോടെ ജനതാദളില്‍ ഒരു പിളര്‍പ്പ് ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ കേരളത്തില്‍ മാത്രം എതിര്‍ക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം തുറന്നുകാട്ടാന്‍ യുഡിഎഫ് മുന്നോട്ടു വരാന്‍ സാധ്യതയുമില്ല. ബീഹാറില്‍ തങ്ങളുടെ ക്വാട്ടയില്‍ നിന്ന് നാലു സീറ്റ് വിട്ടുകൊടുത്താണ് സിപിഎമ്മിനെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തിയിരിക്കുന്നത്. ഇത് ബിജെപി മുന്നണി കേരളത്തില്‍ ശക്തമായി തുറന്നുകാട്ടിയാല്‍ കോണ്‍ഗ്രസ് വിരോധമെന്ന സിപിഎമ്മിന്റെ തുറുപ്പ് ചീട്ട് കളത്തിലിറക്കാനാകാതെ കഷ്ടപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തില്‍ ഇതോടെ സിപിഎം എന്ന പ്രാദേശിക പാര്‍ട്ടി കേരളത്തില്‍ നിന്നടക്കം തൂത്തെറിയപ്പെട്ട് ചരിത്രത്തത്താളുകളില്‍ വിശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാവുകയാണ്.

About the author

Vishwam

Leave a Comment

error: Content is protected !!