International

ടിബറ്റന്‍ യുവതയോട് കമ്മ്യൂണിസ്റ്റ് ചൈനയുടെ ക്രൂരത

ബീജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശം അടിച്ചേല്‍പ്പിക്കാന്‍ ടിബറ്റന്‍ യുവതയോട് ചൈനീസ് സര്‍ക്കാരിന്റെ ക്രൂരത. പതിനായിരക്കണക്കിന്‍ ടിബറ്റന്‍ യുവാക്കളെ ബലം പ്രയോഗിച്ച് സൈനിക മോഡല്‍ പരിശീലനത്തിന് ചൈന കൊണ്ടുപോയെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ ക്യാമ്പുകള്‍ക്കു സമാനമാണ് ഇവയെന്നാണു വിദഗ്ധര്‍ കരുതുന്നത്. രേഖകളും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജെയിംസ്ടൗണ്‍ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടുകളിലാണ് ടിബറ്റന്‍ ജനങ്ങളോടുള്ള അവസാനിക്കാത്ത ക്രൂരതയുടെ പുതിയ മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലീം വിഭാഗമായ ഉയിഗറുകളോടു ചൈന സ്വീകരിച്ച നയത്തോട് ടിബറ്റന്‍ ജനത്തോടുള്ള സമീപനത്തെ റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുന്നത്. അതേസമയം പുതിയ കണ്ടെത്തലുകളില്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കു നിര്‍ബന്ധിത തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതില്‍ പ്രസിഡന്റ് ഷിജിന്‍ പിങ്ങിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രതിജ്ഞയുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. ചൈനയില്‍ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ടിബറ്റിന്റെ സാംസ്‌കാരിക മത വിശ്വാസങ്ങളെ അടിച്ചമര്‍ത്തിയാണ് ചൈന പ്രദേശത്തെ നിയന്ത്രണം തുടരുന്നത്. വിദേശത്തുകഴിയുന്ന ടിബറ്റിന്റെ പ്രസിഡന്റ് ലോബ്‌സാങ് സാങ്ഗായ് സമാനമായ ആരോപണം ചൈനയ്‌ക്കെതിരെ നേരത്തേ ഉന്നയിച്ചിരുന്നു. ടിബറ്റിലെ ജനങ്ങളെ ബലം പ്രയോഗിച്ച് ലേബര്‍ ക്യാംപുകളില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും പലതും പഠിപ്പിക്കുന്നുണ്ടെന്നുമായിരുന്നു ലോബ്‌സാങ്ങിന്റെ വാക്കുകള്‍. എന്നാല്‍ പുതിയ വിവരങ്ങള്‍ പ്രകാരം വലിയ പദ്ധതികളാണ് ചൈനയുടെ മനസില്‍ ഉള്ളതെന്ന് വ്യക്തമാണ്. ടിബറ്റ് ഷിന്‍ജിയാങ് വിഷയങ്ങളിലെ ഗവേഷകനായ അഡ്രിയാന്‍ സെന്‍സാണു ജെയിംസ്ടൗണ്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 50,000 പേരെയാണ് ചൈന നിയന്ത്രണത്തില്‍ വച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. 2020ലെ ആദ്യത്തെ ഏഴ് മാസം ഇവര്‍ക്ക് കഠിന പരിശീലനം നല്‍കി. പിന്നീട് സര്‍ക്കാരിന് തോന്നുംപടി ടിബറ്റിലേക്കും ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും ജോലിക്കായി അയക്കുകയാണു ചെയ്യുന്നത്. ചൈനീസ് സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം അച്ചടക്കം, ചൈനീസ് ഭാഷ, തൊഴിലിലെ നീതിശാസ്ത്രം എന്നീ വിഷയങ്ങള്‍ തൊഴിലാളികളെ പഠിപ്പിക്കുന്നുണ്ട്. ടിബറ്റിലുള്ള ജനങ്ങളുടെ 15 ശതമാനം പേരെയും ചൈന ഇങ്ങനെ കൊണ്ടുപോയെന്നും ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനത്തിനും തൊഴില്‍ പരിശീലനത്തിനും ശേഷം ജനങ്ങള്‍ പോകുന്നത് ടെക്‌സ്‌റ്റൈല്‍, നിര്‍മാണ, കൃഷി മേഖലകളിലേക്കാണ്, അതും തുച്ഛമായ വേതനത്തിന് വേണ്ടി. ഉയിഗര്‍ മുസ്ലീം വിഭാഗത്തിനു ഭൂരിപക്ഷമുള്ള ഷിന്‍ജിയാങ് പ്രവിശ്യയിലെ സര്‍ക്കാര്‍ നടപടികളുമായി ഇതിന് വളരെയേറെ സാമ്യതകളുണ്ട്. ഉയിഗറുകളോടു ചെയ്തതിനെ അപേക്ഷിച്ച് ടിബറ്റില്‍ ചൈനയ്ക്ക് ബലംപിടിത്തം കുറവാണെന്നാണു ജെയിംസ്ടൗണ്‍ പഠന റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. തൊഴില്‍ പരിശീലനം നേടുന്നവരെ പിന്നീട് അന്വേഷിച്ചു കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, പ്രത്യേകിച്ച് ചൈനയിലെ മറ്റു ഭാഗങ്ങളിലേക്കു ജോലിക്കായി പോകുന്നവരെ. ചൈന കടത്തിക്കൊണ്ടുപോയ ടിബറ്റന്‍ തൊഴിലാളികളുടെ നിലവിലെ അവസ്ഥയെന്താണെന്നു യാതൊരു അറിവുമിലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

About the author

Vishwam

Leave a Comment

error: Content is protected !!